തൃശ്ശൂര്‍: നാട്ടികയിലെ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കും. ഇനി ലോറികളില്‍ രാത്രി കാല പരിശോധനയും നടക്കും. രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയില്‍ തെറ്റായ ദിശയില്‍ വരുന്നത് പതിവാണ്. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ജാഗ്രത പാലിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. രാത്രികാല പരിശോധന കര്‍ശനമാക്കും. ട്രാഫിക് ലൈന്‍ തെറ്റിച്ചാല്‍ നടപടിയെടുക്കും. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുമായി സഹകരിച്ച് റോഡ് അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള പദ്ധതികളും ആലോചിക്കും. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ നടുവില്‍ അടച്ചുകെട്ടിയ ഭാഗത്താണ്, അപകടത്തില്‍പെട്ട കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ബാരിക്കേഡ് വച്ചതിനാല്‍ വാഹനങ്ങള്‍ എത്തില്ല എന്നുറപ്പുള്ളതിനാലാണു 4 മാസമായി ഇവിടേക്ക് ഉറക്കം മാറ്റിയത്. ഈ ഉറക്കമാണ് അഞ്ചു പേരുടെ ജീവനെടുത്തത്. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്.

കണ്ണൂരില്‍നിന്ന് പുറപ്പെട്ട ലോറിയിലെ ഡ്രൈവറും ക്ലീനറും മാഹിയില്‍നിന്നാണ് മദ്യം വാങ്ങിയത്. മാഹിയില്‍നിന്ന് 172 കിലോമീറ്ററാണ് നാട്ടികയ്ക്കുള്ളത്. അഞ്ച് ടണ്ണോളം തടികയറ്റിയ വാഹനമായിരുന്നു. ഡ്രൈവറും ക്ലീനറും വഴിമധ്യേയും മദ്യപാനം തുടര്‍ന്നു. പൊന്നാനിയിലെത്തിയപ്പോള്‍ ഡ്രൈവര്‍ തീര്‍ത്തും അവശനായി. ഇതോടെ ക്ലീനര്‍ വളയം പിടിച്ചു. പത്ത് മണിക്കൂറായിരുന്നു ഈ മദ്യപാന യാത്ര. ഇതിനിടെ പോലീസ് പരിശോധന ഒന്നും നടന്നില്ല. പട്രോളിങ്ങിനിടെ പോലീസ് കൂടുതലും ഇരുചക്രവാഹനങ്ങളും കാറുകളും മാത്രമാണ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത്. ലോറികളില്‍ പോലീസ് പട്രോളിങ് സംഘം വാഹനപരിശോധന കര്‍ശനമായി നടത്തിയിരുന്നെങ്കില്‍ നാട്ടികയിലെ ദുരന്തം ഉണ്ടാകുമായിരുന്നില്ല.

കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്നു ലോറി. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് വഴി തിരിച്ചുവിട്ടിരുന്നു. ബാരിക്കേഡും ദിശാ ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഡ്രൈവര്‍ ഇതു കാണാതെ വന്ന വേഗതയില്‍ വാഹനം മുന്നോട്ടെത്തു. ബാരിക്കേഡ് തകര്‍ത്താണ് ലോറി പാഞ്ഞുകയറിയത്. ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടെ കയറിയിറങ്ങി 250 മീറ്റര്‍ മുന്നോട്ട് പോയി. വണ്ടി തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കെ നാട്ടുകാര്‍ തടഞ്ഞു. പരിശോധനയില്‍ ക്ലീനര്‍ അലക്സാണ് വാഹനം ഓടിച്ചതെന്നും ഇയാള്‍ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തി. ഇയാളും ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.

പാലക്കാട് മീന്‍കര ഡാം ചെമ്മനംതോട് കോളനിയില്‍ താമസക്കാരായ കാളിയപ്പന്‍ (50), ഭാര്യ നാഗമ്മ (39), മകന്‍ വിജയുടെ ഭാര്യ രാജേശ്വരി (ബംഗാരി 20), മകന്‍ വിശ്വ (ഒരു വയസ്), ഇവരുടെ ബന്ധു രമേശിന്റെയും ചിത്രയുടെയും മകള്‍ ജീവ (4) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന ദേവചന്ദ്രന്‍ (31), ദേവചന്ദ്രന്റെ ഭാര്യ ജാന്‍സി (29), മകള്‍ ശിവാനി (5), ദേവചന്ദ്രന്റെ സഹോദരന്‍ വിജയ് എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലുള്ളത്. ചിലര്‍ ഏതാനും മീറ്ററകലെ ഓടയുടെ സ്ലാബിനു മുകളില്‍ കഴിഞ്ഞിരുന്നു. വലിയ വാഹനങ്ങള്‍ രാത്രി പാര്‍ക്ക് ചെയ്യാനെത്തുമ്പോള്‍ ആളുകള്‍ കിടക്കുന്നതറിയാതെ അപകടമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു മാറിക്കിടക്കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ ചെയ്തവരും അപകടത്തില്‍പെട്ടു. പല തൊഴിലുകള്‍ ചെയ്തു കുടുംബം പോറ്റിയിരുന്നവരാണിവര്‍. പുലര്‍ച്ചെ എഴുന്നേറ്റു പണിക്കു പോകുമ്പോള്‍ ഒപ്പം കൊണ്ടുപോകാന്‍ പാകത്തിന് ഇവര്‍ ചോറും കൂട്ടാനും ഉണ്ടാക്കി പാത്രത്തിലടച്ചു വച്ചാണ് ഉറങ്ങാറുള്ളത്.

അതിനിടെ നാട്ടികയില്‍ അപകടത്തിനിരയായ കുടുംബങ്ങള്‍ റോഡില്‍ കിടന്നുറങ്ങാനുണ്ടായ സാഹചര്യം പിന്നീട് പരിശോധിക്കുമെന്ന് മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. അതുമായി ബന്ധപ്പെട്ട് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റുമോര്‍ട്ടവും ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവശ്യമായ സഹായം നല്‍കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. അഞ്ചുേപരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാടായ പാലക്കാട്ടെ ചെമ്മനംതോട് നഗറിലെ വീടുകളിലേക്ക് കൊണ്ടുപോയി. തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ചെലവിലാണ് മൃതദേഹങ്ങള്‍ അയച്ചത്.

മരണവാര്‍ത്തയറിഞ്ഞ് എത്തിയ നാട്ടുകാരെയും ബന്ധുക്കളെയും ജില്ലാ ഭരണകൂടം പ്രത്യേക കെ.എസ്.ആര്‍.ടി.സി. ബസില്‍ നാട്ടിലേക്കയച്ചു. അന്‍പതോളംപേര്‍ മരണവിവരമറിഞ്ഞ് തൃശ്ശൂരിലെത്തിയിരുന്നു. തൃശ്ശൂരില്‍ ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.