- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേട്ട പാതി കേൾക്കാത്ത പാതി എടുത്തുചാടി; അഫ്സാന പറയുന്നതെല്ലാം വള്ളിപുള്ളി വിടാതെ വിശ്വസിച്ചു; വാടക വീടിന്റെ തറ കുത്തി പൊളിച്ചും, പറമ്പിൽ കുഴിയെടുത്തും വല്ലാത്ത തിടുക്കം; നൗഷാദ് മരിച്ചോ, ജീവനോടെയുണ്ടോ എന്നുപോലും തിരക്കിയില്ല; മൃതദേഹം കണ്ടെടുക്കാതെ തന്നെ ഭാര്യയെ കുറ്റക്കാരിയാക്കി ജയിലിലാക്കി; പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്
പത്തനംതിട്ട: 'ഭാര്യ കൊന്നുകുഴിച്ചുമൂടിയ ഭർത്താവ് ജീവനോടെ തിരിച്ചുവന്ന' സംഭവത്തിൽ(നൗഷാദ്) വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. പത്തനംതിട്ട അഡി എസ്‌പി ക്കാണ് ചുമതല. ഡി ഐജി നിശാന്തിനിയണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നൗഷാദിനെ കാണാനില്ലെന്ന കേസിൽ, ഭാര്യ അഫ്‌സാനയുടെ മൊഴി മാത്രം ശ്രദ്ധിച്ചുള്ള അന്വേഷണം വലിയ വീഴ്ചയാണെന്നാണ് ഉന്നതതലത്തിലെ വിലയിരുത്തൽ. അഫ്‌സാനയുടെ മൊഴി സത്യമോ എന്ന് സ്ഥിരീകരിക്കാതെ നടത്തിയ അന്വേഷണ നടപടികളാണ് പാളി പോയത്. ഇക്കാര്യത്തിൽ, അന്വേഷണസംഘം പ്രതിയെ പിടികൂടാൻ വല്ലാതെ ധൃതികൂട്ടി. മൃതദേഹം കണ്ടെടുക്കാത്ത സാഹചര്യത്തിൽ, ഉടൻ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ റിമാൻഡ് ചെയ്യാൻ ഇടയാക്കിയത് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം.
കൂടൽ പൊലീസാണ് കേസ് അന്വേഷിച്ചത്. നൗഷാദ് മരിച്ചോ, ജീവനോടെയുണ്ടോ എന്ന് പരിശോധിക്കാതെ, അഫ്‌സാന പറയുന്നത് മാത്രം കേട്ട് കുഴിക്കാൻ ഇറങ്ങി പുറപ്പെട്ടു. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ തറ കുത്തി പൊളിക്കുകയും, പറമ്പിൽ കുഴിയെടുക്കുകയും ചെയ്തു. വീട്ടുടമ ഇപ്പോൾ നഷ്ടപരിഹാരം ചോദിച്ചിരിക്കുകയാണ്. ഇതിന്റെ പിറ്റേന്നാണ് നൗഷാദിനെ കണ്ടെത്തിയത്.
എടുത്തുചാടിയുള്ള അന്വേഷണം പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി. ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ, കേസ് കൈകാര്യം ചെയ്ത രീതികളെ കുറിച്ചാണ് വകുപ്പ്തല അന്വേഷണം. സ്‌പെഷ്യൽ ബ്രാഞ്ചും സംഭവം അന്വേഷിക്കുന്നു. അഫ്‌സാനയുടെ മൊഴി പരസ്പര വിരുദ്ധമായിട്ടും, അതുമാത്രം മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഉദ്യോഗസ്ഥർ മുന്നോട്ടുപോയി. നൗഷാദിനെ ഭാര്യ കൊലപ്പെടുത്തിയത് തന്നെ എന്ന നിഗമനത്തിൽ വളരെ വേഗം എത്തിച്ചേരുകയും ചെയ്തു. തികച്ചും മുൻവിധിയോടെയുള്ള നീക്കമായി പോയി ഇത്. അഫ്‌സാനയുടെ മാനസികനിലയെ കുറിച്ചും വേണ്ട പരിശോധന നടത്തിയില്ല. കുറ്റസ്സമ്മത മൊഴി എത്രയും വേഗം രേഖപ്പെടുത്തി കേസ് തെളിയിക്കാൻ കൂടൽ പൊലീസ് തിടുക്കം കാട്ടിയെന്നും പൊലീസ് തലപ്പത്ത് വിലയിരുത്തലുണ്ട്.
ഭർത്താവിനെ കൊന്നുവെന്ന് പൊലീസ് അടിച്ചുപറയിപ്പിച്ചു: അഫ്‌സാന
അതിനിടെ, പൊലീസിനെതിരെ ആരോപണങ്ങളുമായി അഫ്സാന രംഗത്തെത്തിയത് കൂടുതൽ തലവേദനയായി. കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മർദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്സാന ആരോപിച്ചു. വനിതാ പൊലീസ് ഉൾപ്പെടെ മർദ്ദിച്ചു. പലതവണ പെപ്പർ സ്പ്രേ അടിച്ചു. മർദ്ദനം സഹിക്കവയ്യാതെയാണ് ഭർത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്സാന ആരോപിച്ചു. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മർദ്ദിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് അഫ്സാനയുടെ പ്രതികരണം.
ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ജയിൽ മോചിതയുമായി. പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ പൊലീസിനെതിരെ ആരോപണങ്ങളുന്നയിച്ചത്.
ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്സാന പൊലീസിന് കഴിഞ്ഞ ദിവസം നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താൻ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അസ്ഥാനത്തിൽ പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടർന്ന് റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു.
മൃതദേഹത്തിനായി പരുത്തിപ്പാറയിൽ ഇവർ താമസിച്ചിരുന്ന വാടക വീടിനടുത്ത് പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച വഴിത്തിരിവുണ്ടായി കലഞ്ഞൂർ സ്വദേശിയായ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നുവെന്നായിരുന്നു നൗഷാദിന്റെ മൊഴി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്