പത്തനംതിട്ട: നൗഷാദ് തിരോധാനക്കേസിൽ മൃതദേഹം കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് കുത്തിപ്പൊളിച്ച വീടിന്റെ ഉടമ പാലമുറ്റത്ത് ബിജുകുമാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്. ഈ വീട് ഇനി തനിക്കു വേണ്ട. ഒന്നുകിൽ പുതിയ വീട് വച്ച് തരണം. അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീട്ടിൽ താമസിക്കാൻ മുറി തരണം എന്ന വിചിത്ര ആവശ്യവുമായി ബിജു കുമാറും പിടി തോമസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ജയിംസ് പാലായും മാധ്യമങ്ങൾക്ക് മുന്നിലെത്തി.

റബർ ടാപ്പിങും പറമ്പിൽ പണിയുമാണ് തന്റെ ഉപജീവന മാർഗം. ഒന്നര വർഷം മുൻപ് സുഹൃത്തിന്റെ നിർബന്ധ പ്രകാരം നൗഷാദിനും കുടുംബത്തിനും ഒരാഴ്ച താമസിക്കുന്നതിനാണ് തന്റെ വീടിന്റെ ഒരു ഭാഗം വിട്ടു കൊടുത്തത്. എന്നാൽ രണ്ടരമാസം അവിടെ താമസിച്ച അവർ വാടക ഒന്നും തന്നില്ല. പിന്നീട് അവർ എവിടേക്കോ പോയി. എവിടെയാണെന്ന് തനിക്ക് അറിയില്ല.

കഴിഞ്ഞ ദിവസം കുറേ പൊലീസുകാർ വീടിന്റെ അടുക്കളയുടെ കതക് ചവിട്ടിത്തുറന്ന് അകത്തു കയറി. ഞാനെന്തോ കൊലപാതകം ചെയ്തതു പോലെയാണ് പൊലീസുകാർ പെരുമാറിയത്. വെള്ളം കുടിക്കാൻ പോലും അവർ അനുവദിച്ചില്ല. അറിഞ്ഞു കൂടാത്ത കാര്യങ്ങൾ ഭീഷണിപ്പെടുത്തി പറയിക്കാൻ ശ്രമിച്ചു. വീടിനുള്ളിൽ പലഭാഗത്തും പറമ്പിലും എന്തോ നിധിയുള്ള മട്ടിലാണ് അവർ കുഴിച്ചത്.

എനിക്ക് ഇനി ആ വീടു വേണ്ട. ആ വീട്ടിൽ കിടന്നാൽ ഉറക്കം വരില്ല. എനിക്ക് സർക്കാർ പുതിയ വീട് വച്ചു തരണം. അതിന് പണമില്ലെന്ന് പറയേണ്ട കാര്യമില്ല. ഒരു മന്ത്രിയുടെ വീട് പെയിന്റ് ചെയ്യാനും മറ്റുമായി കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുള്ള 50 ലക്ഷത്തിൽ നിന്ന് ഒരു 10 ലക്ഷം തന്നാൽ നല്ല വീട് പണിയാം. രണ്ടാഴ്ചയ്ക്കുള്ളിൽ വീട് പണിയാനുള്ള പണം തരണം. അല്ലെങ്കിൽ താമസിക്കാൻ ്വേണ്ടി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ചെല്ലുമെന്നും ബിജു നൽകിയ പത്രക്കുറിപ്പിൽ പറയുന്നു.

അതേ സമയം കേസിലെ പൊലീസ് നടപടികൾ ന്യായീകരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി രംഗത്തു വന്നു. നൗഷാദ് തിരോധാന കേസിൽ പൊലീസ് മികച്ച ഇടപെടൽ നടത്തിയെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രതയോടെയുള്ള ഇടപെടൽ കൊണ്ടാണ് നൗഷാദിനെ വേഗം കണ്ടെത്താൻ കഴിഞ്ഞത്. പൊലീസ് പീഡനം സംബന്ധിച്ച് അഫ്സാനയുടെ പരാതി വനിതാ കമ്മിഷന് മുമ്പാകെ വന്നിട്ടില്ല എന്നും അവർ പറഞ്ഞു.