അടൂർ: ഒരു യുവാവിന്റെ തിരോധാനവും പിന്നാലെ വന്ന കൊലപാതക കഥയും കൊണ്ട് കിളി പോയിരിക്കുകയാണ് കേരള പൊലീസും മാധ്യമങ്ങളും. നൗഷാദ് എന്ന യുവാവിനെ കൊന്നു തള്ളിയതിന് ഭാര്യ അഫ്സാനയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്ത് ഒന്നാം ദിവസം കൂടൽ പൊലീസ് സ്്റ്റാറായി. തൊമ്മൻ കുത്തിൽ നിന്ന് ജീവനോടെ വന്ന നൗഷാദ് രണ്ടാം ദിവസത്തെ വാർത്തയായി. മൂന്നാം ദിവസം മുതൽ അഫ്സാനയായിരുന്നു താരം. പൊലീസ് തന്നെ ക്രൂരമായി മർദിച്ച് കുറ്റം സമ്മതിച്ചുവെന്ന് വെളിപ്പെടുത്തിയ അഫ്സാനയുടെ താരത്തിളക്കത്തിന് ഇന്ന് മങ്ങലേറ്റു. തെളിവെടുപ്പിന്റെ് വീഡിയോ ദൃശ്യങ്ങളും കൂടൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വന്നു. കൊന്നതും മറവു ചെയ്തതും അടക്കമുള്ള അഫ്സാനയുടെ കുറ്റസമ്മതമൊഴിയാണ് പൊലീസ് പുറത്തു വിട്ടത്.

ഏറ്റവുമൊടുവിലായി ഗോളടിച്ചിരിക്കുന്നത് അഫ്സാനയുടെ ഭർത്താണ് നൗഷാദ് ആണ്. ഒന്നര വർഷം മുൻപ് തന്നെ അഫ്സാനയും രണ്ടു കൂട്ടുകാരും ചേർന്ന് മർദിച്ചുവെന്ന പരാതിയുമാണ് ഇന്ന് വൈകിട്ട് അടൂർ പൊലീസിലാണ് നൗഷാദ് പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ പൊലീസാണെന്നാണ് സംശയിക്കുന്നത്. 2021 നവംബർ അഞ്ചിന് പരുത്തിപ്പാറയിലെ വാടക വീട്ടിൽ വച്ച് അഫ്സാന, സുഹൃത്ത് ഷെഫീഖ്, കണ്ടാലറിയാവുന്ന മൂന്നാമൻ എന്നിവർ ചേർന്ന് തന്നെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

അഫ്സാന മക്കളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മർദനമെന്ന് പരാതിയിലുണ്ട്. അഫ്സാന കുട്ടികളേയും കൊണ്ട് പുറത്തേക്ക് പോകുകയും കുറച്ച് കഴിഞ്ഞ് മറ്റ് രണ്ട് പേരുമായി വന്ന് മർദിച്ചുവെന്നും നൗഷാദ് പറയുന്നു. മർദനമേറ്റ് അബോധാവസ്ഥയിലായ താൻ മരിച്ചെന്ന് കരുതി ഇവർ തിരികെ പോയി. ബോധം വന്നപ്പോൾ ഭയം കാരണം നാടു വിട്ടു. പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.

അതേസമയം, പരുത്തിപ്പാറയിലെ വാടക വീട്ടിലെ കൊല്ലാക്കൊല നൗഷാദ് തിരോധാന കേസിലെ 'പ്രതി' അഫ്സാന വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൂടൽ പൊലീസ് പുറത്തുവിട്ടു. നൗഷാദിന്റെ തിരോധാന കേസിൽ പൊലീസ് നാണം കെടുകയും അഫ്സാനയെ മർദിച്ചുവെന്ന് ആരോപണമുയരുകയും മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

പരുത്തിപ്പാറയിലെ വാടക വീട്ടിൽ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴാണ് സംഭവ ദിവസം താനും നൗഷാദുമായി നടന്ന സംഘട്ടനം പ്രത്യേക തരം ഏക്ഷനുകളോടെ അഫ്സാന വിവരിച്ചു കാണിക്കുന്നത്. താനും നൗഷാദുമായി അടിപിടിയുണ്ടായി എന്നും താനെങ്ങനെ അയാളെ കൊന്നുവെന്നും വിവരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ ദൃശ്യങ്ങളിലൊന്നും അഫ്സാനയ്ക്ക് അവശതകളോ പൊലീസ് മർദനമേറ്റതിന്റെ ലക്ഷണങ്ങളോ ഇല്ല. ജൂലൈ 27 നാണ് അഫ്സാനയുമായി കൂടൽ പൊലീസ് പരുത്തിപ്പാറയിലെ വാടക വീട്ടിൽ തെളിവെടുപ്പിനെത്തിയത്. അവർ ചൂണ്ടിക്കാണിച്ച പള്ളി സെമിത്തേരി ഒഴികെ ബാക്കിയെല്ലാ സ്ഥലവും പൊലീസ് കുഴിച്ചു നോക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ അഫ്സാനയെ റിമാൻഡ് ചെയ്തു. പിറ്റേന്ന് തന്നെ കൊല്ലപ്പെട്ട നൗഷാദ് തിരികെ വന്നു. ഇതോടെ പൊലീസിനെതിരേ ആരോപണവും രൂക്ഷമായി.

ജാമ്യം കിട്ടി ഞായറാഴ്ച പുറത്തിറങ്ങിയ യുവതി പൊലീസിനെതിരേ വ്യക്തമായ ആരോപണം ഉന്നയിച്ചു. ആരോ പറഞ്ഞു പഠിപ്പിച്ചതു പോലെയാണ് വ്യക്തമായും അടുക്കും ചിട്ടയോടെയും പൊലീസ് മർദനത്തിന്റെ കഥ പറഞ്ഞത്. പൊലീസ് കുറ്റമേൽക്കാൻ തന്നെ ക്രൂരമായി മർദിച്ചുവെന്നും മുഖത്തും ശരീരത്തും മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും അഫ്സാന പറഞ്ഞു. എന്നാൽ, പൊലീസ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന വീഡിയോയിൽ അഫ്സാനയ്ക്ക് യാതൊരു കുഴപ്പവുമില്ല. അവർ ചൂണ്ടിക്കാണിച്ച മർദനത്തിന്റെ പാട് മുഖത്തോ ശരീരത്തോ ഇല്ല താനും