കോഴിക്കോട്: സംസ്ഥാന സർക്കാർ നടത്തിയ നവകേരള സദസ്സിൽ മന്ത്രിസഭ യാത്രചെയ്ത ബസിൽ 'മാൻഡ്രേക്ക് ഇഫക്ട്'. ഏറെ നാൾ ഒതുക്കിയിട്ട നവകേരള സദസിന്റെ ആദ്യ യാത്ര വിവാദത്തിൽ. ഈ ശതകോടിയുടെ ബസിന്റെ വാതിൽ ആദ്യ യാത്രയിൽ തന്നെ തകരാറിലായി. ബസ് തനിയെ തുറന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് വാതിൽ കെട്ടിയിട്ടായിരുന്നു ആദ്യ യാത്ര.

കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് 'നവകേരള ബസ്' സർവീസ് നടത്തുന്നത്. പുലർച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവിൽനിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ടെത്തും. താമരശ്ശേരി, കല്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് സർവീസ്. ഇതാണ് ഷെഡ്യൂൾ. ഇന്നായിരുന്നു ആദ്യ യാത്ര. ഇതിലാണ് കല്ലുകടിയുണ്ടാകുന്നത്. ഇനി ബസിന്റെ വാതിൽ നന്നാക്കേണ്ടി വരും. അല്ലെങ്കിൽ എസി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശരിയായി ഉപയോഗിക്കാൻ കഴിയില്ല. താൽകാലികമായി ബസിന്റെ വാതിൽ കെട്ടിവച്ച് യാത്ര തുടങ്ങിയത് റിസർവ്വേഷൻ ടിക്കറ്റ് എടുത്തവർ നിരാശരാകാതിരിക്കാനായിരുന്നു.

ആദ്യ യാത്രയിൽ തന്നെ ഗരുഡ പ്രീമിയം ബസിന്റെ വാതിൽ കേടായി. യാത്ര തുടങ്ങി അൽപസമയത്തിനകം തന്നെ വാതിൽ തനിയെ തുറന്നുവരുകയായിരുന്നു. തുടർന്നാണ് വാതിൽ താൽക്കാലികമായി കെട്ടിവെച്ച് യാത്ര തുടങ്ങിയത്. നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ ആദ്യ യാത്രയുടെ ഭാഗമാകണമെന്ന് കരുതിയാണ് ബെംഗളൂരുവിലേക്ക് പോകാൻ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്തതെന്ന് യാത്രക്കാരിൽ ചിലർ പ്രതികരിച്ചിരുന്നു. ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നൽകണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരിൽ പലർക്കും താൽപ്പര്യം. ഡിപ്പോയിൽ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. സീറ്റ് നമ്പർ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്. ഈ സീറ്റിൽ ഉൾപ്പെടെ എല്ലാ സീറ്റിലും മുഴുവൻ യാത്രക്കാരുമായിട്ടാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. കോഴിക്കോട് ബെംഗളൂരു റൂട്ടാണ് സ്ഥിരം സർവീസെങ്കിലും മെയ്‌ ദിനത്തിൽ കോഴിക്കോട്ടേക്കു ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം കോഴിക്കോട് സർവീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂർ ടെർമിനലിൽനിന്നും കയറിയത്. വഴിയിലും ആളെ കയറ്റി. കോഴിക്കോട് സ്റ്റാൻഡിൽ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ബസിന്റെ വശങ്ങൾ ഉരഞ്ഞു പെയ്ന്റ് പോയി. നടക്കാവ് വർക്ഷോപ്പിൽ എത്തിച്ച് പെയ്ന്റടിച്ചു. അങ്ങനെ മാൻഡ്രേക്ക് ഇടപെടൽ തുടരുകയാണ്.

നവകേരള ബസ് ആയതു കൊണ്ട് തന്നെ ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള എല്ലാ ടിക്കറ്റുകളും വളരെ നേരത്തെ വിറ്റു തീർന്നിരുന്നു.എന്നാൽ വാതിൽ തകരാർ വിവാദം ബസിന്റെ ഇനിയുള്ള ബുക്കിംഗുകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഏറെ തിരക്ക് പിടിച്ച റൂട്ടാണ് കോഴിക്കോട്-ബംഗളൂരു. അതുകൊണ്ട് തന്നെ ആ അവസ്ഥ വരില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. താൽകാലികമായി വാതിൽ കെട്ടേണ്ടി വരുന്ന ബസിലെ യാത്രയ്ക്ക് 1171 രൂപവ വാങ്ങുന്നത് ശരിയാണോ എന്ന ചർച്ചയും സജീവമാണ്. നവകേരള സദസ്സിനുശേഷം ബസ് എന്ത് ചെയ്യണമെന്ന് സർക്കാർതലത്തിൽ തീരുമാനം വന്നിരുന്നില്ല. സർക്കാർ ബസ് തിരിഞ്ഞുനോക്കാത്തത് വിവാദവുമായിരുന്നു. ഇതോടെയാണ് ബസ് റെഗുലർ സർവീസിന് ഉപയോഗിക്കാൻ തീരുമാനിച്ചത്. മന്ത്രിമാർ യാത്ര ചെയ്തപ്പോൾ ഉണ്ടായിരുന്ന സീറ്റുകളെല്ലാം മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ബസിലുണ്ടായിരുന്ന ശൗചാലയവും ചവിട്ടുപടിക്കുള്ള ലിഫ്റ്റും നിലനിർത്തിയിരുന്നു. ഇതിനിടെയാണ് കല്ലുകടിയോടെ വാതിൽ തകരാർ.

കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസ് ഗരുഡപ്രീമിയം ആയാണ് ബസ് ഓടുന്നത്. യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവുമുണ്ട്. 1.16 കോടി രൂപ മുടക്കി വാങ്ങിയ ഭാരത് ബെൻസിന്റെ ഈ ആഡംബര ബസ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്രയിലും കെ എസ് ആർ ടി സി യാത്രക്കാരെ കയറ്റിയിരുന്നു.

നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പൂർണ ഉപയോഗത്തിനായി നിരത്തുകളിൽ എത്തുന്നത്. ബസിനുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിനും മറ്റുമായി ജനുവരിയിൽ ഈ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തോളമാണ് ബസ് അവിടെ കിടന്നത്. പിന്നീട് പണികൾ തീർത്ത് എത്തിയ ബസ് കെ.എസ്.ആർ.ടി.സിയുടെ പാപ്പനംകോട് സെൻട്രൽ വർക്‌സിൽ എത്തിക്കുകയായിരുന്നു. ഈ ബസിനാണ് വാതിൽ തകരാർ.

ഭാരത് ബെൻസിന്റെ ഒ.എഫ്. 1624 ഷാസിയിൽ പ്രകാശ് ബോഡിയുമായി ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റിൽ എത്തിയിരുന്ന ഈ വാഹനം റൂട്ടിൽ സർവീസ് നടത്തുന്നതിനായി സ്റ്റേജ് ക്യാരേജ് പെർമിറ്റിലേക്ക് മാറുകയായിരുന്നു. മെയ് അഞ്ചാം തീയതി മുതൽ കോഴിക്കോട്-ബെംഗളൂരൂ റൂട്ടിൽ സർവീസ് നടത്തുന്നതിനായി ഒന്നാം തീയതി തിരുവനന്തപുരത്ത് നിന്ന് ഈ നവകേരള ബസ് കോഴിക്കോട് എത്തിക്കുകയായിരുന്നു.