- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് സമീപമുള്ള ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടും നടക്കാതെ വന്ന കാര്യത്തിന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ നിവേദനം നല്കി; ഒരു വര്‍ഷമാകാറായപ്പോള്‍ ഇതേ ഓഫീസിലേക്ക് തന്നെ പരാതി തുടര്‍ നടപടിക്ക് കൈമാറി; സര്‍ക്കാരിന്റെ ശുഷ്കാന്തി കണ്ട് കണ്ണു തള്ളി അപേക്ഷകന്: നവകേരള കോമഡികള്‍ തുടരുന്നു
തിരുവല്ല: ഹൗസിങ് ബോര്‍ഡില്‍ നിന്ന് വിരമിച്ച കാവുംഭാഗം മന്നന്‍കരചിറ പാതിരുവേലില്‍ ഇന്ദിരാ ഭവനില്‍ പി.എസ്. മനോജ് തന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നതിനായി നടപ്പു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വീടിന് സമീപം തന്നെയുള്ള ഹൗസിങ് ബോര്‍ഡിന്റെ ഓഫീസില്‍ കയറിയിറങ്ങി മടുത്തപ്പോഴാണ് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ മനോജ് അപേക്ഷ നല്‍കിയത്. കൃത്യം ഒരു വര്‍ഷമാകാറായപ്പോള്‍ ജില്ലാ കലക്ടറേറ്റില്‍ നിന്ന് ഒരു കത്തു വന്നു. താങ്കളുടെ അപേക്ഷ തുടര്‍ നടപടികള്‍ക്കായി ഹൗസിങ് ബോര്‍ഡ് തിരുവല്ല ഓഫീസിലേക്ക് അയച്ചിട്ടുണ്ടത്രേ! കിളി പോയി നില്‍ക്കുകയാണ് മനോജ്.
2018 ഏപ്രില്‍ 30 നാണ് മനോജ് ഹൗസിങ് ബോര്‍ഡില്‍ നിന്ന് വിരമിച്ചത്. കുറച്ച് ആനുകൂല്യങ്ങള്‍ കിട്ടി. ഇനിയും കുറച്ച് കിട്ടാനുണ്ട്. ഇതിന് വേണ്ടി നടന്നു മടുത്തപ്പോഴാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16 ന് നടന്ന നവകേരള സദസില്‍ അദ്ദേഹം പരാതി നല്‍കിയത്. ഇതിനാണ് ഇപ്പോള്‍ മനോജ് ഒടുവില്‍ ജോലി ചെയ്ത ഓഫീസിലേക്ക് അപേക്ഷ കൈമാറിയെന്ന് കത്തു വരുന്നത്. ഇതിന് മുഖ്യമന്ത്രി പരാതി കൊടുക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് മനോജ് പറയുന്നു. ഞാന്‍ ജോലി ചെയ്ത ഓഫീസില്‍ എനിക്ക് നേരിട്ടു കൊണ്ടു കൊടുക്കാന്‍ അറിയാഞ്ഞിട്ടല്ല മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഇങ്ങനെ ഒരു അപേക്ഷയ്ക്ക് ഇടനിലക്കാരന്റെ ആവശ്യമെന്താണെന്നും മനോജ് ചോദിക്കുന്നു.
ഇതു സംബന്ധിച്ച് മനോജ് കലക്ടറേറ്റില്‍ ബന്ധപ്പെട്ടു. അവര്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കുന്നില്ല. ഇത് വലിയ കോമഡിയായിപ്പോയി എന്നാണ് മനോജിന്റെ അഭിപ്രായം. ഹൗസിങ് ബോര്‍ഡില്‍ സിപിഎം യൂണിയന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു മനോജ് എന്നതാണ് ഏറെ രസകരം. എന്നിട്ട് പോലും ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്