- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നവകേരള സദസിന് മുഖ്യമന്ത്രി വരുന്ന ദിവസം കുക്കിങ് ഗ്യാസ് ഉപയോഗിച്ചുള്ള പാചകം അനുവദിക്കുന്നതല്ല; പകരം മറ്റേതെങ്കിലും സ്ഥലത്ത് വച്ച് പാചകം ചെയ്ത ഭക്ഷണം താങ്കൾക്ക് വിൽക്കാവുന്നതാണ്; താൽക്കാലിക തിരിച്ചറിയൽ കാർഡ് ഇല്ലാത്ത തൊഴിലാളികളെ ജോലി ചെയ്യാൻ അനുവദിക്കില്ല'; വിചിത്ര നിർദ്ദേശവുമായി ആലുവ പൊലീസ്
കൊച്ചി: ഒരു ഭാഗത്ത് പൂച്ചെണ്ടുകളും, മറുഭാഗത്ത് കല്ലേറുകളുമായി നവകേരള യാത്ര പ്രയാണം തുടരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയിൽ എത്തുമ്പോൾ, ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് നവകേരള സദസ് നടത്തുന്നുണ്ട്. പരിപാടി ഈ മാസം ഏഴിനാണ്. പരിപാടി നടക്കുന്ന ദിവസം, നവകേരള സദസ്സിന്റെ സമ്മേളന വേദിക്കരികിൽ പാചകം പാടില്ലെന്നാണ് ആലുവ ഈസ്റ്റ് പൊലീസിന്റെ വിചിത്ര നിർദ്ദേശം.
സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. സുരക്ഷാകാരണങ്ങളാൽ ഭക്ഷണശാലയിൽ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാൻ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ എത്തിച്ച് വിൽക്കണമെന്നും പൊലീസിന്റെ നിർദ്ദേശത്തിൽ പറയുന്നു. ജീവനക്കാർ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയൽ കാർഡ് വാങ്ങണമെന്നും നിർദ്ദേശത്തിലുണ്ട്.
''ഡിസംബർ 7ന് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് നവകേരള സദസ് ചേരുന്നത്. പരിപാടിയിൽ വൻജനപങ്കാളിത്തം ഉണ്ടാകും. പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കടയിൽ ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനിവാര്യമാണ്.
കടയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പരിശോധനയ്ക്കു ശേഷം താൽകാലിക തിരിച്ചറിയൽ കാർഡ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു നൽകും. ഇതിനായി തൊഴിലാളികളുടെ രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സ്റ്റേഷനിൽ എത്തിച്ച് തിരിച്ചറിയൽ കാർഡ് വാങ്ങണം.
തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. കൂടാതെ അന്നേദിവസം സുരക്ഷാ കാരണങ്ങളാൽ പാചകവാതകം ഉപയോഗിച്ചുള്ള പാചകം അനുവദിക്കില്ല. പകരം മറ്റു എതെങ്കിലും സ്ഥലത്തുവച്ച് പാചകം ചെയ്ത് കടയിൽ എത്തിച്ച് വിൽക്കാം''-ആലുവ ഈസ്റ്റ് പൊലീസിന്റെ നിർദ്ദേശത്തിൽ പറയുന്നത് ഇങ്ങനെ.
അതേസമയം, നവകേരള സദസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമർശത്തിൽ മ്രുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പരാമർശം വസ്തുതാപരമല്ലെന്നും വസ്തുതാപരമായ പരാമർശങ്ങൾ മാത്രമേ കോടതിയിൽനിന്ന് വരാൻ പാടുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
കുട്ടികളെ വെയിലത്ത് നിർത്തിയിട്ടില്ല. നല്ല തണലിലാണ് അവരെ നിർത്തിയത്. ഏത് വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഹൈക്കോടതി ഈ പറഞ്ഞതെന്ന് അറിയില്ല. തന്റെ ശ്രദ്ധയിലുള്ള കാര്യമല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'സ്‌കൂൾ കുട്ടികളെ ഇറക്കിനിർത്തി എന്നത് അങ്ങനെ കാണാനില്ല. കുട്ടികളുടെ വികാരപ്രകടനം എല്ലാസ്ഥലത്തും കാണാനുമുണ്ട്. അതാണോ ഹൈക്കോടതി ഉദ്ദേശിച്ചത് എന്നെനിക്ക് അറിയില്ല. കുട്ടികളിൽ കൗതുകവും ജിജ്ഞാസയും ഉണർത്തിയ യാത്രയാണിത്. ഇളം മനസിൽ കള്ളമില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞത് ഇപ്പോഴും ആവർത്തിക്കുകയാണ്. മന്ത്രിസഭയാകെ തന്റെ വീട്ടിനും സ്‌കൂളിനും മുന്നിലൂടെ പോകുമ്പോ അവരെ കാണാനുള്ള ഔത്സുക്യം കുട്ടികളിൽ ഉണ്ടാവുംഠ, മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നവകേരള യാത്രയുടെപേരിൽ കുട്ടികളെ ചിയർഗേൾസിനെപ്പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നവകേരളസദസ്സിനു സ്‌കൂൾകുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യംചെയ്ത് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ഈ ചോദ്യം ഉന്നയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ