പത്തനംതിട്ട: വഴിയരികിൽ കരിങ്കൊടി കാണിച്ച് അടി വാങ്ങാനും ഡിവൈഎഫ്ഐക്കാരുടെ ജീവൻ രക്ഷാ പ്രവർത്തനത്തിന് ഇരയാകാനും പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസുകാരില്ല. പകരം അവരുടെ പ്രതിഷേധം എയറിലായിരുന്നു. മഴയും തണുപ്പുമൊക്കെ പിടിച്ച് വഴി വക്കിൽ നിന്ന് കരിങ്കൊടി കാട്ടി പൊലീസിന്റെയും ഗൺമോന്മാരുടെയും കുട്ടിസഖാക്കളുടെയും അടി കൊള്ളുന്നത് ഒഴിവാക്കിയാണ് അവർ കറുത്ത ബലൂൺ പറത്തി പ്രതിഷേധിച്ചത്.

നവകേരള സദസിന്റെ ആറന്മുള മണ്ഡലത്തിലെ വേദിയായ ജില്ലാ സ്റ്റേഡിയത്തിലേക്കാണ് യൂത്ത് കോൺഗ്രസുകാർ കറുത്ത നിറമുള്ള ഹൈഡ്രജൻ ബലൂൺ പറത്തി വിട്ടത്. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.യൂത്ത് കോൺഗ്രസ് പതാക ബലൂണുകളുടെ അടിയിൽ കെട്ടി വച്ച ശേഷം സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് പറത്തി വിടുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇനിയുള്ള ജില്ലകളിൽ കറുത്ത ബലൂൺ നിരോധിക്കുമോ എന്ന ചർച്ചയും സജീവമാണ്.

പിണറായിയും ക്യാബിനറ്റും പങ്കെടുക്കുന്ന നവകേരള സദസ് ജില്ലാ ആസ്ഥാനത്ത് എത്തിയതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ശബരിമല തീർത്ഥാടകർക്ക് ഭക്ഷണവും സഹായങ്ങളും നൽകി കൊണ്ടിരുന്ന സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അടക്കമുള്ള പ്രവർത്തകരെയാണ് പൊലീസ് സർവവിധ സന്നാഹങ്ങളുമായി വന്ന് ഇടിവണ്ടിയിൽ കയറ്റിയത്.

ജില്ലാ സ്റ്റേഡിയത്തിൽ തയാറാക്കിയ വേദിയിലാണ് നവകേരള സദസ് നടന്നത്. അതിന് മുന്നോടിയായി പിണറായി വിശിഷ്ടാതിഥികളെ കണ്ടത് തൊട്ടടുത്തു തന്നെയുള്ള മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിലായിരുന്നു. ഇവിടെ തന്നെയാണ് പത്രസമ്മേളനവും നടത്തിയത്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്.

മണ്ഡലകാലം തുടങ്ങിയ നാൾ മുതൽ ബസ് സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസിന്റെ ഹെൽപ്പ്ലൈൻ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കാണ് ഇടിവണ്ടിയുമായി പൊലീസ് വന്ന് പ്രവർത്തകരെ ഓടിച്ചിട്ട് പിടിച്ച് കരുതൽ തടങ്കലിലാക്കിയത്. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ലിനു മാത്യു, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, അഖിൽ സന്തോഷ്, കാർത്തിക് , അസ്ലം കെ. അനുപ്, ഷെഫിൻ ഷാനവാസ്, അജ്മൽ അലി,റോബിൻ വല്യയന്തി, ഷാനി കണ്ണങ്കര എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

പത്തനംതിട്ടയിൽ നിന്ന് റാന്നിയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു കരുതൽ തടങ്കൽ. ഇതെല്ലാം മനസ്സിൽ വച്ചാണ് കറുത്ത ബലൂണിൽ പദ്ധതി തയ്യാറാക്കിയത്.