പത്തനംതിട്ട: നവകേരള സദസിന്റെ വിളംബരജാഥയ്ക്ക് ആളു കൂട്ടാൻ ഒരേ ഉത്തരവ് രണ്ടു തരത്തിൽ ഇറക്കി ജില്ലാ ഭരണകൂടം. ഇതിലൊന്ന് വ്യാജനാണെന്നും അതേതാണെന്ന് എഡിഎം പറയണമെന്നുമുള്ള ആവശ്യവുമായി സർവീസ് സംഘടനകളും രംഗത്ത് വന്നു. ഇന്ന് വൈകിട്ട് ജില്ലാ ആസ്ഥാനത്ത് നടക്കുന്ന നവകേരള സദസിന്റെ വിളംബര റാലിക്ക് വേണ്ടി ഇറക്കിയ വ്യത്യസ്ത ഉത്തരവുകളാണ് വിവാദമായിരിക്കുന്നത്. ഒരു ഉത്തരവിൽ ജില്ലാ ആസ്ഥാനത്തെ സിവിൽ സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരും റാലിയിൽ അണിനിരക്കണമെന്നാണ്. എന്നാൽ, ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും ഈ ഉത്തരവ് വ്യാപിപ്പിച്ചു. രണ്ടാമത് ഇറക്കിയ ഉത്തരവിൽ ജില്ലാ ആസ്ഥാനത്തുള്ള ഓഫീസുകളുടെ കാര്യം വൈറ്റ്നർ കൊണ്ട് മായിച്ചു കളഞ്ഞിരിക്കുയാണ്. അതിൽ എഡിഎമ്മിന്റെ ഒപ്പുണ്ടെങ്കിലും സീൽ ഇല്ല. ഇതിൽ ഒറിജിനൽ ഏത് വ്യാജൻ ഏത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.

കലക്ടറേറ്റിൽ നിന്ന് എ.ഡി.എം ഒപ്പിട്ട് പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ കലക്ടറേറ്റിലെയും മിനി സിവിൽ സ്റ്റേഷനിലെയും മുഴുവൻ ജീവനക്കാരും ജില്ലാ ആസ്ഥാനത്തെ വിളംബരജാഥയിൽ പങ്കെടുക്കണം എന്നുണ്ട്. രണ്ടാമത്തെ ഉത്തരവിൽ എ.ഡി.എമ്മിന്റെ ഒപ്പുണ്ട്. സീൽ ഇല്ല. ഇത് ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലേക്കും മെയിൽ ചെയ്തു കൊടുത്തിട്ടുണ്ട്.

ഡിസംബർ 16,17 തീയതികളിലായി ജില്ലയിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർഥം 15 ന് വെള്ളിയാഴ്ച പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ അബാൻ ജങ്ഷൻ വരെ നടക്കുന്ന വിളംബര ജാഥയിൽ സിവിൽ സ്റ്റേഷനിലെയും മിനി സിവിൽ സ്റ്റേഷനിലെയും മുഴുവൻ സർക്കാർ ജീവനക്കാരും പങ്കെടുക്കേണ്ടതും അതാത് വകുപ്പുകൾ അവരുടെ ബാനറിൽ പിന്നിൽ അണിനിരക്കേണ്ടതുമുണ്ട്. ഇത് കാര്യക്ഷമമായി നടപ്പാക്കുന്നതിന് അതാത് ഓഫീസ് മേധാവികൾ ചുമതല നിർവഹിക്കേണ്ടതുമാണെന്നാണ് എ.ഡി.എം ബി. രാധാകൃഷ്ണന്റേതായി പുറത്തു വന്നിരിക്കുന്ന ഉത്തരവ്. ഡിസിപിടിഎ/4882/2023/ബി2 നമ്പരിൽ ഡിസംബർ 12 നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

രണ്ടാമത്തെ ഉത്തരവിൽ ഇതേ ഫയൽ നമ്പരും തീയതിയും തന്നെയാണുള്ളത്. മാറ്ററും ഒന്നു തന്നെ. പക്ഷേ, സിവിൽ സ്റ്റേഷനിലെയും മിനി സിവിൽ സ്റ്റേഷനിലെയും എന്ന വാക്കുകൾ മാത്രം വൈറ്റ്നർ ഉപയോഗിച്ച് മായ്ച്ചിരിക്കുന്നു. എ.ഡി.എമ്മിന്റെ സീലുമില്ല. പകരം ജില്ലാ കലക്ടർക്ക് വേണ്ടി എന്ന് എഴുതി ഒപ്പിട്ടിട്ടുണ്ട്. ഈ ഉത്തരവ് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് ഓഫീസുകളിലേക്കും മെയിലിൽ അയച്ചിട്ടുണ്ട്. സർക്കുലർ നമ്പരും തീയതിയും ഒന്നുതന്നെയാണ്. കലക്ടറേറ്റിൽ നിന്നാണ് സർക്കുലർ പഞ്ചായത്തുകളിലേക്ക് മെയിലിൽ പോയിട്ടുള്ളതെന്ന് പറയുന്നു. ജീവനക്കാരെ കൂട്ടാൻ ഭരണകക്ഷി യൂണിയനിലുള്ളവരാണ് ഈ വ്യാജ കത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും സംശയിക്കുന്നു.

അതേ സമയം രണ്ടാമത്തെ ഉത്തരവിലെ ഒപ്പ് എ.ഡി.എമ്മിന്റെ തന്നെയാണെന്ന് ഇതര സർവീസ് സംഘടനാ നേതാക്കൾ പറയുന്നു. ഇത് വ്യാജനാണോ ഒറിജിനൽ ആണോയെന്ന് പറയേണ്ടത് എ.ഡി.എം തന്നെയാണ്. ഒരിക്കൽ പുറത്തിറക്കിയ ഉത്തരവിൽ മാറ്റം വരുത്തുകയാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിച്ച് വേണം അത് രണ്ടാമത് അയയ്ക്കാൻ. അല്ലെങ്കിൽ ആ ഫയൽ നമ്പരിലുള്ള ഉത്തരവ് പിൻവലിക്കുന്നതായി കാണിച്ച് പുതിയ ഉത്തരവ് ഇറക്കുകയും വേണം. ഇവിടെ അതൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാജ ഉത്തരവിന് പിന്നിൽ ആരെന്ന് പറതേണ്ടത് എഡിഎം തന്നെയാണ്.