- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പത്താം ദിനം! പൂജ വച്ചു കഴിഞ്ഞാല്‍ വിശ്വാസ പ്രകാരം പഠനമോ ജോലിയോ പാടില്ല; അധ്യാപക സംഘടനയുടെ ആവശ്യം അംഗീകരിച്ചു; ഇത്തവണ പൂജ വയ്പ്പ് നാലു ദിനം; വെള്ളിയാഴ്ചയും കേരളത്തില്‍ പൊതു അവധി
നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി
തിരുവനന്തപുരം: പൂജവെയ്പ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നരമായതിനാല്‍ ഒക്ടോബര്‍ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം പിണറായി സര്‍ക്കാര്‍ അംഗീകരിച്ചു. സാധാരണ മൂന്ന് ദിവസമാണ് പൂജവെയ്പ്പ് ചടങ്ങുകള്‍ വരിക. ആദ്യ ദിനം സന്ധ്യയ്ക്ക് ശേഷം പൂജ വയ്ക്കും. അടുത്ത ദിവസം ആയുധ പൂജ. അതിന് അടുത്ത ദിവസം വിജയദശമി. എന്നാല്‍ ഇത്തവണ നാലു ദിവസങ്ങളില്‍ ഇത് നീളുന്നു. ഈ സാഹചര്യത്തിലാണ് പൂജവയ്ക്കുന്നതിന്റെ അടുത്ത ദിവസം മുതല്‍ അവധി വേണമെന്ന ആവശ്യം ഉയര്‍ന്നത്. ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചു. ഇതോടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി ദിനമാകും. ഞായറാഴ്ചയാണ് വിജയദശമി. അന്നും ഓഫീസുകള്‍ അടഞ്ഞു കിടക്കും.
നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും. ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.
11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി പൂജകള്‍ക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്. കേരളത്തിലെ സര്‍ക്കാര്‍ കലണ്ടര്‍ ഉള്‍പ്പെടെ ഒട്ടു മിക്ക പ്രധാന കലണ്ടറുകളിലും ഒക്ടോബര്‍ 10 ആണ് പൂജവെയ്പ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. എന്നാല്‍, ഒക്ടോബര്‍ 11 വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നില്ല.
ആചാരപരമായ പ്രാധാന്യമുള്ള ഈ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമായി. പലപ്പോഴും ഇത്തരം മതപരമായ വിഷയങ്ങളില്‍ കൂടുതല്‍ അവധി നല്‍കുന്ന പതിവ് കേരളത്തിലുണ്ട്. ഇത് പൂജാ അവധിയിലും പ്രതിഫലിക്കുകയാണ്. മഹാലയ അമാവാസിക്ക് ശേഷമുള്ള അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലാണ് ശരത് നവരാത്രി ആചരിക്കുന്നത്. ഇക്കുറി മഹാലയ അമാവാസി ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ മൂന്നാണ് ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് മുതല്‍ നവരാത്രി ആരംഭിക്കും.
സാധാരണഗതിയില്‍ 9 രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി ആചരണം വരിക. ഇത്തവണ വിജയദശമി പതിനൊന്നാം ദിവസത്തിലേക്ക് നീളും. ശരാശരി 60 നാഴിക അഥവാ 24 മണിക്കൂറാണ് ഓരോ തിഥിയും. ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണമാണ് വിജയദശമി നീളുന്നത്. ഒക്ടോബര്‍ 10 വ്യാഴാഴ്ച (1200 കന്നി 24) ഉച്ചയ്ക്ക് 12:28 ന് സപ്തമി തിഥി അവസാനിക്കുന്നു. ശേഷം അഷ്ടമി തിഥിയാണ്. അതേസമയം ഒക്ടോബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08 ന് അഷ്ടമി അവസാനിക്കും. അന്ന് വൈകീട്ട് അഷ്ടമിയുടെ സ്പര്‍ശം ഇല്ലാത്തതിനാല്‍ തലേന്നാണ് പൂജവെയ്പ്പ്.
ഇത്തവണ ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകിട്ട് പൂജ വെച്ച് വെള്ളിയും ശനിയും കഴിഞ്ഞ് ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെയാണ് പൂജ എടുക്കേണ്ടത്. ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകിട്ട് പൂജ വെച്ചു കഴിഞ്ഞാല്‍ പഠനോ ജോലിയോ പാടില്ലെന്നതാണ് വിശ്വാസം. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച അവധി നല്‍കുന്നത്.