- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗീതയുടെ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ 'കളക്ടറുടെ' കുറ്റസമ്മതം പൊളിയും; പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ല; നവീന്‍ ബാബുവിനെ 'വാക്ക്' ഉപയോഗിച്ച് കൊന്ന സഖാവിനെ രക്ഷിക്കാന്‍ സിപിഐയിലും ചരട് വലികള്‍; കണ്ണൂര്‍ ലോബിയുടെ കളി റവന്യൂ വകുപ്പിലും തുടരുന്നു; നവീന്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കുമ്പോള്‍
തിരുവനന്തപുരം: പിപി ദിവ്യയെ രക്ഷിക്കാന്‍ റവന്യൂവകുപ്പിലും കള്ളക്കളി. കണ്ണൂര്‍ എഡിഎം ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധെപ്പട്ട അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് പുറത്തു വിടാത്തതാണ് ഇതിന് കാരണം. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീത 24നു സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മന്ത്രി കെ.രാജനു കൈമാറി. എന്നാല്‍ ഈ റിപ്പോര്‍ട്ട് മന്ത്രി പരസ്യമാക്കുന്നില്ല. നവീന്‍ ബാബുവിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ അത് ദിവ്യയ്ക്ക് തിരിച്ചടിയാകും. ജാമ്യാപേക്ഷയെ പോലും സ്വാധീനിക്കും. ഈ സാഹചര്യത്തിലാണ് ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് സൂചന. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ പേരില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയവരാണ് സിപിഐ. വിവരാവകാശം പോലും ഇതിനായി സിപിഐ ഉപയോഗിച്ചു. അങ്ങനൊരു പാര്‍ട്ടിയുടെ നേതാവാണ് മന്ത്രി കെ രാജന്‍. പക്ഷേ റിപ്പോര്‍ട്ട് കിട്ടി ഇത്രയും ദിവസമായിട്ടും അതില്‍ നടപടികള്‍ പോലും എടുക്കുന്നില്ല.
കലക്ടര്‍ ഉയര്‍ത്തിയ വിവാദം കത്തിപ്പടരുമ്പോഴും സര്‍ക്കാരും റവന്യു വകുപ്പും മൗനം തുടരുന്നു. നവീന്‍ ബാബു നല്ല ഉദ്യോഗസ്ഥനായിരുന്നു എന്ന് അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ അഭിപ്രായപ്പെട്ട മന്ത്രി രാജന്‍ ഇപ്പോഴൊന്നും പറയുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം പ്രതികരിക്കുമെന്ന് പറഞ്ഞിട്ടും മിണ്ടുന്നില്ല. എന്നാല്‍, റവന്യു വകുപ്പ് നടത്തിയ വസ്തുതാ അന്വേഷണം ഇനി കോടതി നടപടികള്‍ക്കും വിധേയമായേക്കാമെന്നതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാനിടയില്ലെന്നാണ് ഔദ്യോഗികതലത്തിലെ സൂചനകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ അതും കോടതിയില്‍ ചര്‍ച്ചയാക്കാന്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനാകും. ഇത് പിപി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ അടക്കം പ്രതിഫലിക്കും. പെട്രോള്‍ പമ്പിന് എന്‍ഒസി തേടിയ പ്രശാന്തനും കുരുക്കാകും. ഇതെല്ലാം മനസ്സിലാക്കിയാണ് റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്നാണ് സൂചന. എന്‍ഒസി നല്‍കാന്‍ കണ്ണൂരിലെ സിപിഐ സെക്രട്ടറിയും എഡിഎമ്മില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വിടാത്തത് ദുരൂഹമായി തുടരുന്നത്. സിപിഐ കണ്ണൂര്‍ ഘടകമാണ് തടസ്സെന്നാണ് സൂചന.
യാത്രയയപ്പു യോഗവും പി.പി.ദിവ്യയുടെ പരാമര്‍ശങ്ങളും എഡിഎമ്മിന്റെ മരണവും അന്വേഷണ വിഷയമാണ്. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ഫയല്‍നീക്കങ്ങളില്‍ എഡിഎമ്മിന് ക്ലീന്‍ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടാണ് ജോയിന്റ് കമ്മിഷണര്‍ സമര്‍പ്പിച്ചത്. കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ തന്റെ മൊഴി ജോയിന്റ് കമ്മിഷണര്‍ക്കു കൈമാറിയത് മുദ്ര വച്ച കവറിലാണ്. ഇപ്രകാരം ലഭിച്ച മൊഴി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കൂടി ഉപദേശം തേടിയ ശേഷം ജോയിന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. എഡിഎം 'തെറ്റുപറ്റി' എന്നു പറയുന്ന വാചകം കലക്ടറുടെ മൊഴിയുടെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പുറം ലോകത്തിന് ഇനിയും വ്യക്തതയില്ല. പോലീസിന് ഇത്തരമൊരു മൊഴിയാണ് കളക്ടര്‍ നല്‍കിയത്. അതുകൊണ്ട് തന്നെ റവന്യൂ അന്വേഷണത്തില്‍ എഡിഎമ്മിന് തെറ്റു പറ്റിയില്ലെന്ന് കണ്ടെത്തിയാല്‍ കളക്ടറുടേത് കള്ളമാണെന്ന് തെളിയും. ഇത് കോടതിയില്‍ വാദമായി മാറും. അതുകൊണ്ടാണ് ദിവ്യയയ്ക്ക് ജാമ്യം കിട്ടും വരെ റിപ്പോര്‍ട്ട പുറത്തു വിടാതിരിക്കാനുളള ശ്രദ്ധയെന്നാണ് വ്യക്തമാകുന്നത്.
റിമാന്‍ഡിലുള്ള പി.പി.ദിവ്യയെ ഇന്നു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനുള്ള അപേക്ഷ ഇന്നു രാവിലെ അന്വേഷണസംഘം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കും. ദിവ്യയ്ക്കു വേണ്ടി കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ജാമ്യഹര്‍ജി ഇന്നു തലശ്ശേരി സെഷന്‍സ് കോടതിക്കു മുന്‍പാകെ എത്തുന്നുണ്ട്. പൊലീസ് റിപ്പോര്‍ട്ട് തേടിയ ശേഷമാകും വാദം കേള്‍ക്കാനുള്ള ദിവസം തീരുമാനിക്കുക. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്. റവന്യൂ റിപ്പോര്‍ട്ട് പുറത്തായാല്‍ കുടുംബത്തിന് അത് കരുത്തായി മാറുകയും ചെയ്യും. കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിക്കെതിരെ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത് വന്നിരുന്നു. യാത്രയയപ്പ് ചടങ്ങിന് ശേഷം ചേംബറിലെത്തി തനിക്ക് ഒരു തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന് ആയിരുന്നു അരുണ്‍ കെ വിജയന്റെ പോലീസിന് നല്‍കിയ മൊഴി. അന്വേഷണസംഘത്തിന് മുന്‍പിലും കളക്ടര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാണ് വിശ്വസനീയമല്ലെന്ന് മഞ്ജുഷ തുറന്നു പറഞ്ഞത്.
കളക്ടറുമായി നവീന്‍ ബാബുവിന് ഒരു ആത്മബന്ധവും ഇല്ലായിരുന്നു. അദ്ദേഹത്തിന് ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ഒരു വ്യക്തിയല്ലായിരുന്നു കളക്ടര്‍. കളക്ടറുടെ മൊഴിയില്‍ വിശ്വാസമില്ല. അദ്ദേഹം പറയുന്നത് വെറും നുണയാണെന്നും മഞ്ജുഷ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴും എഡിഎം ചേംബറിലെത്തി കണ്ടിരുന്നുവെന്ന മൊഴി കളക്ടര്‍ പറഞ്ഞിരുന്നു. മൊഴിയിലെ പൂര്‍ണമായ രൂപം പുറത്തുവന്നിട്ടില്ലെന്നും എല്ലാം വിശദമായി അതില്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കളക്ടറുടെ പ്രതികരണം. പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവില്‍ കളക്ടറുടെ മൊഴിയിലെ ഈ ഭാഗം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റ് പറ്റിയെന്ന ഒറ്റ വാക്യത്തില്‍ എഡിഎം അഴിമതിക്കാരനാണെന്ന് വിലയിരുത്താനാകില്ലെന്ന് ആയിരുന്നു കോടതിയുടെ നിരീക്ഷണം.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ പത്തനംതിട്ടയിലേക്കുളള യാത്രയയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന പിപി ദിവ്യ ക്ഷണിക്കാതെ വരികയും ചടങ്ങില്‍ നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുകയുമായിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണം. രാത്രിയിലുളള ട്രെയിനില്‍ പത്തനംതിട്ടയിലെ വീട്ടിലേക്ക് മടങ്ങാനിരുന്ന നവീന്‍ ബാബുവിനെ പിറ്റേന്ന് മരിച്ച നിലയിലാണ് കണ്ടത്.