- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് ഏറ്റെടുക്കാന്‍ സിബിഐ തയാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്ന് പരിശോധിക്കും; അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ അതിന് തെളിവ് വേണമെന്നും കോടതി; കേസ് ഡയറി വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പകത്ത്; നവീന്‍ ബാബു കേസില്‍ ഇനി എന്ത്?
കൊച്ചി: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ ഡിസംബര്‍ 12-ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.കേസ് അന്വേഷിക്കാന്‍ സി.ബി.ഐ. വരേണ്ടതുണ്ടോ എന്ന് പരിശോധിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. കേസ് അന്വേഷണം ശരിയായ ദിശയില്‍ ആണോ എന്ന് അന്വേഷിക്കാമെന്ന് കോടതി പറഞ്ഞു. അന്വേഷണം പക്ഷപാതപരമെന്ന് പറയണമെങ്കില്‍ അതിന് തെളിവ് വേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് ഹര്‍ജി പരിഗണിച്ചത്.
കേസ് ഡയറി കോടതി വിശദമായി പഠിക്കും. കേസ് സി.ബി.ഐക്ക് കൈമാറണമെങ്കില്‍ കോടതിക്ക് അതിന് ആവശ്യമായ തെളിവുകള്‍ വേണം. അന്വേഷണം ശരിയായ ദിശയിലില്ല നടക്കുന്നത് എന്നും വീഴ്ചകളുണ്ടെന്നും തെളിഞ്ഞാല്‍ മാത്രമേ മറ്റൊരു ഏജന്‍സിക്ക് കൈമാറാനാകൂ. കേസ് ഡയറി വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ എന്നാണ് കോടതി നിലപാട്. കേസുമായി ബന്ധപ്പെട്ട് ആരുടെയൊക്കെ മൊഴി എടുത്തു, എന്തൊക്കെ തെളിവുകള്‍ ശേഖരിച്ചു തുടങ്ങി മുഴുവന്‍ കാര്യങ്ങളും കേസ് ഡയറിയിലുണ്ടാകും. കേസ് അന്വേഷണത്തിന് സി.ബി.ഐ. വരേണ്ടതുണ്ടെങ്കില്‍ അതിനുള്ള കാരണം വേണം. അത് കേസ് ഡയറി പരിശോധിച്ച് മനസ്സിലാക്കാമെന്നാണ് കോടതി നിലപാട്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്താണെന്നും സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. പുറമേനിന്നുള്ള മുറിവുകളൊന്നും നവീന്‍ബാബുവിന്റെ ദേഹത്ത് ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊലപാതകമാണെന്ന് സംശയമുണ്ടെങ്കില്‍ പ്രതിയുടെ ജാമ്യഹര്‍ജി പരിഗണനയ്ക്ക് വന്ന ഘട്ടത്തില്‍ എന്തുകൊണ്ട് അതിനെ ആ രീതിയില്‍ എതിര്‍ത്തില്ലെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. അന്വേഷണം തൃപ്തികരമാണെന്നും കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതില്ലെന്നും യാതൊരു വീഴ്ചയും ഇതുവരെ സംഭവിച്ചിട്ടില്ലെന്നും പറയുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണോയെന്ന് സിബിഐയോട് ഹൈക്കോടതി ചോദിച്ചിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണത്തിന് തയാറാണെന്ന് സിബിഐ അറിയിച്ചു. അന്വേഷണം കൈമാറാന്‍ തയാറല്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദ മറുപടി 12ന് നല്‍കും. കേസ് ഏറ്റെടുക്കാന്‍ സിബിഐ തയാറാണോ എന്നല്ല മറിച്ച് സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.
പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് പറഞ്ഞ ഹൈക്കോടതി കേസ് ഡിസംബര്‍ 12ലേക്ക് മാറ്റി. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പോലീസില്‍നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടര്‍ നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും നവീന്റെ ഭാര്യ ആരോപിച്ചിരുന്നു. സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു.
കണ്ണൂര്‍ എഡിഎമ്മായിരുന്ന പത്തനംതിട്ട സ്വദേശി കെ. നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15നാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റമായതിനെത്തുടര്‍ന്ന് തലേന്നു നടന്ന യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്തു ജീവനൊടുക്കിയെന്നാണ് പോലീസ് കേസ്. പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏക പ്രതി പി.പി. ദിവ്യ ഇപ്പോള്‍ ജാമ്യത്തിലാണ്.