- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബം വാക്കാലത്ത് ഏല്‍പ്പിച്ചത് സിബിഐ അന്വേഷണം ഉറപ്പിച്ചെടുക്കാന്‍; ഡിവിഷന്‍ ബഞ്ചില്‍ വക്കീല്‍ വാദിച്ചത് സിബിഐ അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും; എതിര്‍ക്കാത്ത സര്‍ക്കാരും; എഡിഎമ്മിന്റെ തൂങ്ങി മരണത്തെ കൂടുതല്‍ അസ്വാഭാവികമാക്കി കോടതി വാദം; അഭിഭാഷകനെ മാറ്റി മഞ്ജുഷ; നവീന്‍ ബാബുവിന് നീതി കിട്ടില്ലേ?
കൊച്ചി: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റിയതായി കുടുംബം പറയുമ്പോള്‍ പുറത്തു വരുന്നത് ചതിയുടെ സൂചനകള്‍. സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നാണ് അപ്പീലിലെ വാദം. തുടര്‍ന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് അപ്പീല്‍ ഉത്തരവിനായി മാറ്റി. ഇതിനിടെയാണ് കുടുംബം അഭിഭാഷകനെ മാറ്റിയത്. ഈ സാഹചര്യത്തില്‍ കുടുംബത്തിന്റെ അടുത്ത നിയമ നടപടി നീക്കം നിര്‍ണ്ണായകമാണ്.
ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ സീനിയര്‍ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കാലത്ത് അവസാനിപ്പിക്കുന്നതായി കുടുംബം വ്യക്തമാക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്. തങ്ങള്‍ ആവശ്യപ്പെട്ടത് സി.ബി.ഐ. അന്വേഷണം മാത്രമാണെന്നും കുടുംബം അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്‌ഐടി)യില്‍ വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്നും വ്യക്തമാക്കിയാണ് അപ്പീല്‍ നല്‍കിയത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം നടത്തുന്നതെന്നാണു നവീന്റെ കുടുംബത്തിന്റെ ആരോപണം. 2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബു മരിച്ചത്.
സി.ബി.ഐ. അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ ഡിവിഷന്‍ ബഞ്ചില്‍ വാദിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല. പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സി.ബി.ഐ.യോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണം. പ്രത്യേക അന്വേഷണസംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു. ഇതിന് പിന്നാലെയാണ് മഞ്ജുഷ നിലപാട് വിശദീകരിച്ചെത്തിയത്. ഇതോടെ ഹൈക്കോടതിയിലെ വാദമടക്കം ദുരൂഹമായി മാറുകയാണ്. കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള നടപടി നിര്‍ണ്ണായകമാണ്.
നരഹത്യാ സാധ്യത മുന്‍നിര്‍ത്തി പൊലീസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ സിംഗിള്‍ ബഞ്ച് ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്നാണ് വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നു ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയത്. എ.ഡി.എം നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയമാണ് ഭാര്യ കെ. മഞ്ജുഷയ്ക്കുള്ളത്. ഒക്ടോബര്‍ 15- ന് രാവിലെ എട്ടിന് കളക്ട്രേറ്റ് ഉദ്യോഗസ്ഥനാണ് നവീന്‍ബാബു മരിച്ചതായി അറിയിച്ചത്. എന്നാല്‍, വീട്ടുകാര്‍ എത്തും മുന്‍പേ പോലീസ് തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് തയാറാക്കിയത് സംശയകരമാണ്. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെടുകയാണ് ചെയ്തത്. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ സംഭവങ്ങള്‍.
കൂടാതെ, യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ബാബുവിനെ ആരെല്ലാം സന്ദര്‍ശിച്ചു എന്നത് കണ്ടെത്തേണ്ടത് അനിവാര്യമാണ്. നവീന്‍ബാബു ഉണ്ടായിരുന്ന കളക്ടേറ്റ് പരിസരത്തേയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേയും റെയില്‍വേ സ്റ്റേഷനിലേയും സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാകും. എന്നാല്‍, കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ഈ സി സി ടി വി ദൃശ്യങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. നവീന്‍ കോഴ വാങ്ങിയെന്നാരോപിച്ച് പെട്രോള്‍ പമ്പ് അപേക്ഷകന്‍ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. പി.പി.ദിവ്യയുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സമ?ഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്. വകുപ്പുതല പരിപാടി മാത്രമായിരുന്നു നടന്നത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ യോഗം തുടങ്ങിയ ശേഷം ജില്ല പ്രസിഡന്റ് പി.പി.ദിവ്യ അതിക്രമിച്ചു കയറുകയായിരുന്നു. യോഗത്തില്‍ അവര്‍ നവീന്‍ അഴിമതിക്കാരനാണെന്നും പതിവായി കോഴവാങ്ങുന്നയാളാണെന്നുമുള്ള വ്യാജ ആരോപണമുന്നയിച്ചു. ഇത് റെക്കാഡ് ചെയ്യാന്‍ ക്യാമറമാനേയും കൊണ്ടുവരുകയും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിലെ ജീവനക്കാര്‍ക്കടക്കം ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. എന്നാല്‍ അന്വേഷണസംഘം അന്വേഷണം നടത്തിയില്ല. കേസിലെ ഏക പ്രതിയായ ദിവ്യയെ തെളിവ് കെട്ടിച്ചമയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കണമെന്നും സിപിഎം നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നുമാണ് ആവശ്യം.