- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കളക്ടറേറ്റില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോള്‍ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീര്‍ത്തികരമായി പ്രസംഗിക്കുകയും ചെയ്ത ദിവ്യ; നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച പ്രശാന്തന്‍ അത് തെളിയിച്ചുമില്ല; നിര്‍ണ്ണായക നീക്കവുമായി നവീന്‍ ബാബുവിന്റെ കുടുംബം; അപകീര്‍ത്തി കേസ് പത്തനംതിട്ടയില്‍
പത്തനംതിട്ട: സിപിഎം നേതാവ് പി.പി.ദിവ്യയ്ക്കും പ്രശാന്തനും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നവീന്‍ ബാബുവിന്റെ കുടുംബം. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പത്തനംതിട്ട സബ്കോടതിയില്‍ ആണ് ഹര്‍ജി നല്‍കിയത്. ഇരുവര്‍ക്കും കോടതി നോട്ടിസ് അയച്ചു. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും.
ദിവ്യയും പ്രശാന്തനും നവീന്‍ ബാബുവിനെ അഴിമതിക്കാരന്‍ എന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തന്‍ പലതവണ ഇത് ആവര്‍ത്തിച്ചു തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ പറയുന്നു. പ്രശാന്തനെ ഉള്‍പ്പെടുത്താത്ത കുറ്റപത്രത്തിനെതിരെ കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ എത്തിയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ അധിക്ഷേപ പ്രസംഗം. ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിന്റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. രാത്രി 8.45 ന് മലബാര്‍ എക്‌സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും പിന്നീട് സംഭവിച്ചതെല്ലാം ദുരൂഹതയാണ്.
പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമര്‍ശം അപ്പോഴേക്കും നാടെങ്ങും പടര്‍ന്നിരുന്നു. രണ്ടാംനാള്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധം പിന്നെയും കനത്തു. സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു.
തലേദിവസം കണ്ണൂര്‍ കളക്ടറേറ്റില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോള്‍ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീര്‍ത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നതാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തന്‍ ആരോപിച്ചിരുന്നു. അത് തെളിയിക്കാന്‍ അയാള്‍ തയ്യാറായതുമില്ല. ഇതെല്ലാമാണ് പ്രശാന്തന്റെ പേരിലുള്ള ആരോപണം. നവീന്‍ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹര്‍ജിയില്‍ കാണിച്ചിട്ടുണ്ട്. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസില്‍ കിട്ടിയിട്ടില്ലെന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പത്തനംതിട്ട ബാറിലെ അഭിഭാഷകനായ അജിത്ത് പ്രഭാവ് വഴിയാണ് ഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം കണ്ണൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി, നവീന്റെ ഭാര്യ മഞ്ജുഷയും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിക്ക് രക്ഷപ്പെടാന്‍ ഉതകുന്ന സാക്ഷിമൊഴികള്‍ കുറ്റപത്രത്തിലുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ ഈ ഹര്‍ജിയിലൂടെ ഉന്നയിച്ചിരുന്നു. ഈഹര്‍ജി ഡിസംബറില്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.




