- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലയുള്ള ഒരാളാണ് പരാതി തയ്യാറാക്കിയതും പ്രശാന്തിന്റെ പേരെഴുതി ഒപ്പിട്ടതും; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് പരാതി ഔദ്യോഗികമാക്കാന്‍ കഴിയാതിരുന്നത് കുഴപ്പമായി; എല്ലാം പോലീസിന് അറിയാം; രാഷ്ട്രീയ ആഘാതം ഭയന്ന് അറച്ചു നില്ക്കുന്നു; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നത ഗൂഡാലോചന?
തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം. നവീന്‍ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിക്കുന്ന പരാതി തയ്യാറാക്കിയത് അദ്ദേഹത്തിന്റെ മരണത്തിനുശേഷം എന്ന് വ്യക്തമായി. പരാതി തയ്യാറാക്കിയതും ഒപ്പിട്ടതും കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ ടി.വി. പ്രശാന്തുമല്ല. മരണവാര്‍ത്ത പുറത്തുവന്ന ഉടനെ തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ ഒരു കേന്ദ്രത്തിലാണ് പരാതി തയ്യാറാക്കിയത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ആള്‍ക്ക് നല്‍കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഈ വാര്‍ത്ത നല്‍കുന്നത്. തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ ഒരു കേന്ദ്രം എന്ന വാര്‍ത്തയിലെ സൂചന വിരല്‍ ചൂണ്ടുന്നത് എകെജി സെന്ററിലേക്കാണ്. എകെജി സെന്റര്‍ ജീവനക്കാര്‍ അടക്കമുള്ളവരിലേക്ക് പരോക്ഷ സംശയം ഉയര്‍ത്തുന്നതാണ് ഈ റിപ്പോര്‍ട്ട്.
പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലയുള്ള ഒരാളാണ് പരാതി തയ്യാറാക്കിയതും പ്രശാന്തിന്റെ പേരെഴുതി ഒപ്പിട്ടതും. ഈ വിവരങ്ങളെല്ലാം ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ ആഘാതം ഭയന്ന് മുന്നോട്ടുപോകാതെ അറച്ചുനില്‍ക്കുകയാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്ങളായിയില്‍ പെട്രോള്‍പമ്പ് തുടങ്ങുന്നതിനുള്ള നിരാക്ഷേപപത്രം നല്‍കുന്നതിന് നവീന്‍ബാബു ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ നല്‍കുകയും ചെയ്തെന്നാണ് പ്രശാന്തിന്റെ ആരോപണം. പമ്പ് തുടങ്ങാനായി പാട്ടത്തിനെടുത്ത ഭൂമി സംബന്ധിച്ചുള്ള കരാറിലുള്ള പേരും ഒപ്പും പരാതിയിലുള്ളതില്‍നിന്ന് വ്യത്യസ്തമാണ്. പാര്‍ട്ടി കേന്ദ്രത്തില്‍ തയ്യാറാക്കിയ പരാതിയെക്കുറിച്ച് അന്വേഷിച്ചാല്‍ അത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും ബുദ്ധിമുട്ടിലാക്കും. അതിനാല്‍, പരാതിയെക്കുറിച്ച് സംശയം ഉണ്ടാകാത്തവിധത്തില്‍ പ്രശാന്തിന്റെ മൊഴി ഒതുക്കാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തുനിന്നുണ്ട്-വാര്‍ത്ത ഇങ്ങനെയാണ് പോകുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് ലഭിച്ച പരാതി ഔദ്യോഗികമാക്കാന്‍ കഴിയാതിരുന്നതാണ് കുഴപ്പത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് ഓണ്‍ലൈനായി ലഭിക്കുന്ന പരാതികള്‍ രജിസ്റ്റര്‍ചെയ്യപ്പെടുന്നതാണ്. ഓഫീസിലേക്ക് നേരിട്ട് ലഭിക്കുന്ന പരാതികളും ഈ സെല്ലിലേക്ക് കൈമാറി രജിസ്റ്റര്‍ചെയ്യും. മുന്‍തീയതിയില്‍ രജിസ്‌ട്രേഷന്‍ സാധ്യമല്ലെന്നതിനാല്‍ പ്രശാന്തിന്റെ പേരില്‍ തയ്യാറാക്കിയ പരാതി സെല്ലിന് കൈമാറാന്‍ കഴിഞ്ഞില്ല. പരാതി നല്‍കിയാല്‍ ലഭിക്കുന്ന ഡോക്കറ്റ് നമ്പറും എസ്.എം.എസ്. സന്ദേശവും പ്രശാന്തിന് ലഭിച്ചിട്ടുമില്ല. ഇതോടെയാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി. ദിവ്യക്ക് കവചമൊരുക്കാനായി തയ്യാറാക്കിയ പരാതിയെക്കുറിച്ച് പിന്നീട് അനക്കമില്ലാതെ പോയതെന്നാണ് മാതൃഭൂമി വാര്‍ത്ത. കണ്ണൂരില്‍ നിന്നുള്ള നേതാവിന് എകെജി സെന്ററില്‍ താക്കോല്‍ സ്ഥാനമുണ്ട്. ഇയാള്‍ക്ക് പ്രതിസന്ധിയില്‍ കുടുങ്ങിയ ആളുമായും അടുത്ത ബന്ധുത്വമുണ്ട്. ഇതിനൊപ്പം ഇയാളുടെ അടുത്ത ബന്ധു മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലിയും നോക്കുന്നു.
ഇതെല്ലാം ഈ ബിജു പരവത്തിന്റെ റിപ്പര്‍ട്ടിനെ കൂടുതല്‍ പ്രസ്തമാക്കുന്നു. ടിവി പ്രശാന്ത് എന്നാണ് പെട്രോള്‍ പമ്പ് കിട്ടിയ വ്യക്തിയുടെ പേര്. എന്നാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അത് പ്രശാന്തന്‍ എന്നായി. വിളിപ്പേരാണ് ഈ പരാതിയില്‍ വന്നത്. ഇതോടെ സംശയം തുടങ്ങി. പിന്നാലെ ഒപ്പും വ്യാജമാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെയാണ് എല്ലാം തിരുവനന്തപുരത്ത് തയ്യാറാക്കിയതെന്ന സൂചന പുറത്തു വരുന്നത്. ഇത് സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്തുള്ള വ്യക്തിയെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്. പ്രശാന്തിന് പിന്നില്‍ മറ്റാരോ പണം മുടക്കാനുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ ആരോപണം.
ദിവ്യയുടെ 'അഴിമതിവിരുദ്ധ ആഹ്വാന'ത്തിന് ബലംകിട്ടാനാണ് ഇങ്ങനെയൊരു പരാതി ഉണ്ടാക്കിയതെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. എന്നിട്ടും, പരാതിയുടെ ഉറവിടവും അത് നല്‍കിയ വഴിയും സംബന്ധിച്ചുള്ള നിജസ്ഥിതി വിശദീകരിക്കാന്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ശ്രമിച്ചിട്ടില്ല. പരാതി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന അന്വേഷണത്തിലേക്കും പോലീസ് കടന്നില്ല. അങ്ങനെ അന്വേഷണം വന്നാല്‍ സത്യം ബോധ്യപ്പെടും. പരാതിയിലെ ഒപ്പില്‍ കൈയ്യക്ഷര പരിശോധന നടത്തിയാലും വസ്തുതകള്‍ എല്ലാം പുറത്തു വരും. അതിനിടെ ഈ വിഷയത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. കൈക്കൂലി നല്‍കിയെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറും. ഈ സാഹചര്യത്തില്‍ ഈ പരാതിയും സിബിഐയുടെ മുന്നിലെത്തും. ഇത് മനസ്സിലാക്കി പരാതിയുടെ ഒര്‍ജിനല്‍ പുറത്തു പോകാതിരിക്കാനും നീക്കം സജീവമാണ്.
അതിനിടെ നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി 8.30-ന് തുടങ്ങിയ മൊഴിയെടുപ്പ് രണ്ടുമണിക്കൂര്‍ നീണ്ടു. എ.സി.പി. ടി.കെ. രത്‌നകുമാര്‍, കേസ് അന്വേഷിക്കുന്ന ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് മൊഴിയെടുത്തത്. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ താന്‍ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന മുഖവുരയോടെയാണ് കളക്ടര്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചത്. 25-ലധികം ചോദ്യങ്ങള്‍ തയ്യാറാക്കിയാണ് പോലീസ് ചെന്നത്. നവീന്‍ ബാബുവിന് എതിരേയുള്ള അഴിമതി ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്ന് കളക്ടര്‍ പറഞ്ഞു.
പ്രശാന്തിന് എതിര്‍പ്പില്ലാരേഖ ലഭിച്ചതുമായി ബന്ധപ്പെട്ടകാര്യം ദിവ്യ യോഗത്തില്‍ പറഞ്ഞ അറിവ് മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത്. യാത്രയയപ്പ് യോഗത്തില്‍ എ.ഡി.എമ്മിനെതിരേ അഴിമതി ആരോപണം ഉന്നയിക്കുമെന്ന് ദിവ്യ പറഞ്ഞിട്ടില്ല. യാത്രയയപ്പ് യോഗത്തിന്റെ സമയം ദിവ്യയ്ക്കു പങ്കെടുക്കാന്‍വേണ്ടി മാറ്റിയിട്ടില്ല. നിശ്ചയിച്ച സമയത്തുതന്നെ യോഗം നടത്തിയിരുന്നു. പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്. എ.ഡി.എം., പ്രശാന്തില്‍നിന്ന് പണം വാങ്ങിയകാര്യം അറിയില്ല. നവീന്‍ ബാബുവുമായി നല്ലബന്ധമാണ് ഉണ്ടായിരുന്നത്. യാത്രയയപ്പില്‍ നടന്ന സംഭവവികാസങ്ങള്‍ എ.ഡി.എമ്മുമായി സംസാരിച്ചിട്ടില്ലെന്നും കളക്ടര്‍ മൊഴിയില്‍ പറഞ്ഞു. എതിര്‍പ്പില്ലാരേഖയ്ക്കുള്ള അനുമതി നല്‍കിയ ഫയല്‍നീക്കം വൈകിയോ എന്ന ചോദ്യത്തിന് കളക്ടര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് അറിയുന്നത്.