തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് റവന്യുവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തത്കാലം നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് പിപി ദിവ്യയെ സംരക്ഷിക്കാന്‍. കളക്ടര്‍ നവീന്‍ ബാബുവിനെതിരെ നടപടി എടുത്താല്‍ അത് ദിവ്യയ്ക്ക് തിരിച്ചടിയാകും. നവീന്‍ ബാബു തന്നോട് തെറ്റു പറ്റിയെന്ന് സമ്മതിച്ചെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ട്. ഇത് ആയുധമാക്കി ജാമ്യം നേടാനാണ് ദിവ്യയുടെ ശ്രമം. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റാണ്. അങ്ങനെ ആ റിപ്പോര്‍ട്ടില്‍ കളക്ടറെ മാറ്റിയാല്‍ അത് ദിവ്യയ്ക്ക് പ്രതികൂലമാകും. കോടതിയില്‍ അടക്കം അത് ദിവ്യയ്‌ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം ആയുധമാക്കും. ഈ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് കണ്ടെത്തലുകള്‍ മുഖ്യമന്ത്രി പരിഗണിക്കാതിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും ദിവ്യയുമായി അടുത്ത ബന്ധമുണ്ട്. നവീന്‍ ബാബുവിനെതിരായ വ്യാജ പരാതിയില്‍ ഇയാളും പ്രതിക്കൂട്ടിലാണ്.

ഒരു തെറ്റുപറ്റി എന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള തന്റെ മൊഴി കളവാണോ എന്ന് പോലീസ് അന്വേഷിക്കട്ടെ എന്ന് കളക്ടര്‍ അരുണ്‍ കെ. വിജയന്‍ പറഞ്ഞിട്ടുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് കളക്ടര്‍. റിമാന്‍ഡിലായ സി.പി.എം. നേതാവ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രോസിക്യൂഷന്‍ വാദത്തിനും പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ സമയം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വാദം കേള്‍ക്കും. ഈ വാദം കേള്‍ക്കലില്‍ കളക്ടറുടെ നിലപാട് ദിവ്യയ്ക്കായി ഉന്നയിക്കുമെന്ന് ഉറപ്പാണ്.

എ.ഡി.എമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുള്ള റിപ്പോര്‍ട്ടാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ട് റവന്യുമന്ത്രി കെ. രാജന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍, അതില്‍ തീര്‍പ്പുണ്ടാകട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നാണ് സൂചന. പോലീസ് അന്വേഷണം അനിശ്ചിതമായി നീളും. ഒരു വര്‍ഷമെങ്കിലും എടുക്കും കുറ്റപത്രം നല്‍കാന്‍. അതുകൊണ്ട് തന്നെ ഇത് മുഖ്യമന്ത്രിയുടെ തന്ത്രമായി കാണുന്നവരുണ്ട്. എകെജി സെന്ററിലെ പ്രമുഖനും അന്വേഷണത്തില്‍ പ്രതിക്കൂട്ടിലാണ്. ഇതെല്ലാം കളക്ടറെ സംരക്ഷിക്കുന്നതില്‍ പ്രധാന ഘടകമാണ്. അതിനിടെ കണ്ണൂര്‍ കളക്ടറെ മാറ്റണമെന്ന നിലപാടാണ് റവന്യുമന്ത്രിക്കും സി.പി.ഐ.ക്കും ഉള്ളതെന്ന് വ്യക്തം. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്. അതിലും മുഖ്യമന്ത്രി അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല.

പെട്രോള്‍ പമ്പിന് അംഗീകാരം ലഭിക്കാന്‍ എ.ഡി.എം. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് പരാതി നല്‍കിയ ടി.വി. പ്രശാന്തുമായി മുന്‍പരിചയമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പി.പി. ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ നിക്ഷേപക സഹായ ഡെസ്‌കില്‍ വന്ന അപേക്ഷകനാണ് പ്രശാന്ത്. എതിര്‍പ്പില്ലാരേഖ ലഭിക്കാതെ വന്നപ്പോള്‍ സഹായത്തിനായി എ.ഡി.എമ്മുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. രേഖ നല്‍കാന്‍ എ.ഡി.എം. പണം വാങ്ങി. അക്കാര്യം പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നവീന്‍ ബാബുവിനോട് ചോദിച്ചതെന്ന് ദിവ്യ ആവര്‍ത്തിച്ചു. ചൊവ്വാഴ്ച അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കളക്ടര്‍ അരുണ്‍ കെ. വിജയന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് വെള്ളിയാഴ്ച അഞ്ചുവരെ ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍, അസി. കമ്മിഷണര്‍ ടി.കെ. രത്‌നകുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, വനിതാ സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ. രേഷ്മ എന്നിവരടുങ്ങന്ന അന്വേഷണസംഘമാണ് ചോദ്യം ചെയ്തത്. വൈകീട്ട് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി വനിതാ ജയിലിലേക്ക് വീണ്ടും അയച്ചു.