- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം അനുകൂല സര്‍വീസ് സംഘടന തന്റെ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാന്‍ ശ്രമിച്ചു; സിപിഐ അനുകൂലിച്ചപ്പോഴും സ്വന്തം പാര്‍ട്ടിയായ സിപിഎം എതിര്‍ത്തതിലും മനോവിഷമം ഉണ്ടായി; നവീന് ബാബു സുഹൃത്തിന് അയച്ച വാട്സാപ്പ് സന്ദേശം പുറത്ത്
നവീന് ബാബു സുഹൃത്തിന് അയച്ച വാട്സാപ്പ് സന്ദേശം പുറത്ത്
കണ്ണൂര്‍: അഴിമതിയാരോപണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ കണ്ണൂര്‍ എ ഡി എം നവീന്‍ ബാബു പത്തനംതിട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് പോയത് പ്രമോഷന്‍ കിട്ടിയതോടെയായിരുന്നു. മികച്ച ഉദ്യോഗസ്ഥനായിരുന്നത് കൊണ്ട് കണ്ണൂരില്‍ തന്നെ നിലനിര്‍ത്താനായിരുന്നു സിപിഎമ്മിന് താല്‍പര്യം. എന്നാല്‍, സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് തിരിച്ചുവരുന്നതിന് സിപിഎം അനുകൂല സര്‍വീസ് സംഘടന തടസ്സം നില്‍ക്കുന്നതായി നവീന് തോന്നിയിരുന്നു. നവീന്‍ ബാബു സിപിഎം അനുകൂല സര്‍വീസ് സംഘടനയ്ക്കെതിരായി (കെജിഒഎ) എഴുതിയ സന്ദേശം പുറത്ത് വന്നു.
സുഹൃത്ത് ഹരിഗോപാലിന് അയച്ച വാട്സാപ്പ് സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരകിക്കുന്നത്. പത്തനംതിട്ടയിലേക്കുള്ള തന്റെ സ്ഥലംമാറ്റത്തിനുള്ള ശ്രമങ്ങള്‍ സിപിഎം അനുകൂല സംഘടന ഇടപെട്ട് വിലക്കിയെന്ന് നവീന്‍ ബാബു സന്ദേശത്തില്‍ പറയുന്നു. മികച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കണ്ണൂരില്‍ നിന്ന് മാറ്റരുത് എന്നായിരുന്നു സിപിഎം അനുകൂല സംഘടനയുടെ നിലപാട്. അതറിഞ്ഞ് മൂന്ന് മാസത്തെ ലീവിന് അപേക്ഷിച്ചു. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായപ്പോള്‍ അവധി ലഭിച്ചില്ല. പത്തനംതിട്ടയിലേക്കുള്ള തന്റെ സ്ഥലംമാറ്റത്തിന് സിപിഐ പിന്തുണച്ചിരുന്നു എന്നും നവീന്‍ സന്ദേശത്തില്‍ പറയുന്നു.
പത്തനംതിട്ട എഡിഎം ആയി സ്ഥലംമാറ്റം തരാന്‍ സിപിഐക്കാര്‍ തയ്യാറായി. അപ്പോള്‍ എന്റെ സ്വന്തം സംഘടന ഞാന്‍ അറിയാതെ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് റവന്യൂമന്ത്രിയെ കണ്ണൂര്‍ എഡിഎം നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മാറ്റരുതെന്നും വിളിച്ചുപറഞ്ഞു.
അതറിഞ്ഞ് ഇനി കണ്ണൂരിലേക്ക് വരുന്നില്ല എന്ന് പറഞ്ഞ് മൂന്ന് മാസം ലീവിന് എഴുതിക്കൊടുത്തു. കളക്ടര്‍ റെക്കമെന്‍ഡ് ചെയ്ത് അയച്ചു. സര്‍ക്കാരില്‍ ചെന്നപ്പോള്‍ അവര്‍ പാസാക്കാം എന്ന് പറഞ്ഞതാണ്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞായിരുന്നു വയനാട് ദുരന്തം. അതുകൊണ്ട് അവധി തള്ളി. പെട്ടെന്ന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞുവെന്നും സന്ദേശത്തില്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ ലഭിച്ച സന്ദേശത്തില്‍ എഡിഎം ആയി പത്തനംതിട്ടയില്‍ വരികയാണ് രണ്ടാഴ്ചയ്ക്കകം എത്തുമെന്നും പറഞ്ഞുവെന്നും സുഹൃത്ത് പറഞ്ഞു.
പത്തനംതിട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രമോഷനായി പോയതാണെന്ന് ഭാര്യ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 'പ്രമോഷനായി പോയതുകൊണ്ട് പെട്ടെന്ന് തിരിച്ചുവരാന്‍ സാധിക്കില്ല. അതുകൊണ്ട് തിരിച്ചുവരാനുള്ള ശ്രമം നടത്തിയിട്ടില്ല. ആദ്യം കാസര്‍കോട് ജില്ലയിലായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് കണ്ണൂരിലേക്ക് മാറ്റിയത്. ഇപ്പോഴാണ് ട്രാന്‍സ്ഫര്‍ അപേക്ഷ നല്‍കിയത്. നവീന്റെ ഒപ്പം പോയവര്‍ക്കെല്ലാം ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. എന്നാല്‍ അവന് കിട്ടിയില്ല. ശേഷം ഞാന്‍ പാര്‍ട്ടി വഴി ഇടപെട്ടു. ഇവിടെ നിന്നുള്ള സഖാക്കള്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അവന്‍ നല്ലൊരു ഉദ്യോഗസ്ഥനാണെന്ന് പറയുന്നത്. അതുകൊണ്ട് അവനെ അവിടെ നിര്‍ത്താനാണ് കരുതിയത്. ഞങ്ങള്‍ എല്ലാം പാര്‍ട്ടിക്കാരാണ്. ഞാന്‍ ഓമല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ഒഴിവായി'- ഭാര്യ പിതാവ് പറഞ്ഞു.
നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദഹത്തിന്റെ മരണത്തിലും അതിലേക്ക് നയിച്ച കാരണത്തിലും സമഗ്രമായ അന്വേഷണം നടത്തുമെന്നും രവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് വേഗതയില്‍ ലഭ്യമാക്കും. റവന്യൂ വകുപ്പിന് അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്. പൊതുപ്രവര്‍ത്തകര്‍ ഇടപെടലുകളില്‍ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തില്‍ കെ രാജന്‍ അഭിപ്രായപ്പെട്ടു
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം ഇന്ന് ട്രെയിനില്‍ പോകേണ്ടതായിരുന്നു. സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ എഡിഎം നവീന്‍ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് എംഡിഎം ജീവനൊടുക്കിയത്.