- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പി പി ദിവ്യ ആരെയൊക്കെ വിളിച്ചു? സ്വകാര്യ ഫോണിലെ കോളുകള്‍ പരിശോധിച്ച് അന്വേഷണ സംഘം; ടി വി പ്രശാന്തനെ എത്ര തവണ ഫോണില്‍ വിളിച്ചു എന്നും നോട്ടം; അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ തെളിവുകള്‍ തേടുന്നു
നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പി പി ദിവ്യ ആരെയൊക്കെ വിളിച്ചു?
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ സ്വകാര്യ ഫോണ്‍ പരിശോധിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 14 ന് കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ ദിവ്യ അഴിമതി ആരോപണത്തിന് ശേഷം ആരുമൊക്കെയായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന കാര്യമാണ് അന്വേഷിക്കുന്നത്.
നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്കു ശേഷം ദിവ്യ ആരെയൊക്കെ വിളിച്ചുവെന്നാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. ചില കോളുകളുടെ വ്യക്തത തേടി സൈബര്‍ ക്രൈം പൊലീസില്‍ ഫോണ്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. റിപ്പോര്‍ട്ടിലുള്ളവ അടുത്ത ദിവസങ്ങളില്‍ പരിശോധിക്കും.
നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ശേഷം സ്വകാര്യ ചാനലില്‍ പ്രചരിച്ച വീഡിയോ ദിവ്യ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ടോ? പങ്കുവെച്ച ശേഷം ഒഴിവാക്കിയതാണോ? യാത്രയയപ്പ് യോഗം ചിത്രീകരിക്കാന്‍ സ്വകാര്യ ചാനല്‍ ക്യാമറാമാനെ വിളിച്ചു വരുത്തിയതാണോ തുടങ്ങിയ കാര്യങ്ങളുടെ നിജസ്ഥിതിയും അന്വേഷിക്കുന്നുണ്ട്.
പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ ടി.വി പ്രശാന്തനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവോ എന്ന കാര്യവും തിരിച്ചറിയാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. നവീന്‍ ബാബുവിന്റെ മരണത്തെ കുറിച്ച് വകുപ്പ് തല അന്വേഷണം നടത്തിയ റവന്യു ജോയന്റ് കമ്മിഷണര്‍ എ ഗീതയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിലേക്ക് പോകുന്നുണ്ട്.
ഇതിനിടെ തനിക്കും കുടുംബത്തിനുമെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്