കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പഴുതടച്ച കേസ് ഡയറി പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി. കേരളമാകെ കോളിളക്കമുണ്ടാക്കിയ കേസില്‍ എ.ഡി.എമ്മിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥാപിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കൊലപാതകമാണെന്ന സാധ്യത പരിഗണിക്കാതെയാണ് കേസ് ഡയറി തയ്യാറാക്കിയതെന്നാണ് വിവരം.

കേസ് ഡയറി ഡിസംബര്‍ മൂന്നിന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തിലെ എസിപി ടി കെ രത്‌നകുമാര്‍, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി തുടങ്ങിയവര്‍ ഇതിനായി ഏറണാകുളത്തേക്ക് പോയിട്ടുണ്ട്. ഹൈക്കോടതി അന്വേഷണ സംഘത്തോട് ഡിസംബര്‍ ആറാം തീയതിക്കകം കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ വീണ്ടും ചോദ്യം ചെയ്തതുള്‍പ്പെടെ ധൃതിപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു നവീന്‍ ബാബു ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയതായി പറയുന്ന മുനീശ്വരന്‍ കോവില്‍ പരിസരത്തെയടക്കം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമികമായി പൂര്‍ത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം നിലവില്‍ പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 17 നാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. അതിനിടെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ തിങ്കളാഴ്ച്ച രാവിലെ പത്തരയോടെ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പിന്‍ ഹാജരായിരുന്നു. കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടെരിയുടെ മുന്‍പാകെയാണ് ഒപ്പിട്ടത്.

നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് നവീന്‍ ബാബുവിന്റെ സഹധര്‍മിണി മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും സി.ബി.ഐയും നിലപാട് ഹൈക്കോടതി തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കേസ് ഡയറി ഹാജരാക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലവില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. അതു കൊണ്ടുതന്നെ സി.പി.എമ്മും സര്‍ക്കാരും സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് യോജിപ്പില്ലെന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.