- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇടുങ്ങിയ തെരുവ് കയ്യടക്കി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍; അപകടവിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സും ആംബുലന്‍സും പാഞ്ഞെത്തിയിട്ടും രക്ഷാപ്രവര്‍ത്തനം വൈകി; രാത്രി 12.40ന് പടര്‍ന്ന തീ അണച്ചത് പുലര്‍ച്ചെ നാലുമണിയോടെ; പുറത്തിറങ്ങാനാകാതെ മലയാളി കുടുംബം; നവി മുംബൈയിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
മുംബൈ: നവി മുബൈ വാഷിയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ ഇന്നലെ അര്‍ധരാത്രിയുണ്ടായ തീപിടിത്തത്തില്‍ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപണം. രാത്രി 12.40ന് പടര്‍ന്ന തീ പൂര്‍ണമായും അണയ്ക്കുമ്പോഴേക്കും പുലര്‍ച്ചെ നാലുമണിയായെന്ന് പ്രദേശവാസികളായ മലയാളികള്‍ പറയുന്നു. അഗ്‌നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റ് എത്തിയാണ് തീയണച്ചത്.
അപകടവിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സും ആംബുലന്‍സും ഉടന്‍ കുതിച്ചെത്തിയെങ്കിലും ഇടുങ്ങിയ തെരുവില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ തടസ്സമായി. ഒടുവില്‍, തീപടര്‍ന്ന സെക്ടര്‍ 14ലെ എംജി കോംപ്ലക്‌സിലെത്തി തീ പൂര്‍ണമായും അണയ്ക്കുമ്പോഴേക്കും ഏറെ സമയം വൈകിയിരുന്നു. ഇടുങ്ങിയ തെരുവുകളില്‍ നിരനിരയായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സിന് തടസ്സമായി. റോഡിന് ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് നിയമമുണ്ട്. എന്നിട്ടും ഇരു വശങ്ങളിലുമായി നിരവധി വാഹനങ്ങളാണ് രാത്രി നിര്‍ത്തിയിട്ടതാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
തീപിടിത്തത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ രാമകൃഷ്ണന്‍, ഭാര്യ പൂജ രാജന്‍, ആറുവയസ്സുകാരി വേദിക എന്നിവര്‍ താമസിച്ചത് ഫ്‌ലാറ്റിലെ ബി വിങ്ങിലെ 12ാം നിലയിലാണ്. രണ്ടുനില താഴെ 10ാം നിലയിലാണ് ആദ്യം തീപടര്‍ന്നത്. തീ 11ഉം 12ഉം നിലയിലേക്ക് പടരുകയായിരുന്നു. തീപടര്‍ന്നതോടെ കുടുംബം വീട്ടില്‍ കുടുങ്ങുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് കത്തിനശിച്ച അപ്പാര്‍ട്‌മെന്റെന്നും പ്രദേശവാസിയായ മലയാളികള്‍ പറയുന്നു. സിഡ്‌കോ കോര്‍പ്പറേഷന്‍ പണി കഴിപ്പിച്ചവയാണ് ഇതെന്നും പിന്നീട് ഇത് മലയാളികള്‍ക്കടക്കം കൈമാറുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
മൂന്ന് മലയാളികളടക്കം നാലുപേരാണ് തീപിടിത്തത്തില്‍ മരിച്ചത്. ചിറയിന്‍കീഴ് ആല്‍ത്തറമൂട് നന്ദനത്തില്‍ രാജന്‍ -വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ പൂജ രാജന്‍, ഭര്‍ത്താവ് സുന്ദര്‍ ബാലകൃഷ്ണന്‍, ഇവരുടെ ആറു വയസുള്ള വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഏറെനാളായി ഈ കുടുംബം മുംബൈയിലാണ് താമസം. ഇക്കഴിഞ്ഞ ഓണത്തിന് ഇവര്‍ നാട്ടില്‍ വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
അര്‍ദ്ധരാത്രി 12:40 കൂടിയാണ് വാഷി സെക്ടര്‍ 14 ലെ റഹേജ റസിഡന്‍സിയുടെ പത്താം നിലയില്‍ തീപിടിത്തം ഉണ്ടായത്. പിന്നീടത് 11,12 നിലകളിലേക്ക് വ്യാപിച്ചു. ആളുകളുടെ കരച്ചില്‍ കേട്ട് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് എത്തി അണക്കാന്‍ ശ്രമിച്ചുവെങ്കിലും നാല് ജീവനുകള്‍ നഷ്ടമായി. രാവിലെ നാലുമണിയോടെ തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ഇവര്‍ക്ക് അടുത്തേക്ക് ഫയര്‍ഫോഴ്‌സിന് പോകാനായത്.
അപ്പോഴേക്കും മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശികളായ പൂജാ രാജന്‍, ഭര്‍ത്താവ് സുന്ദര്‍ ബാലകൃഷ്ണന്‍ മകള്‍ വേദിക മുംബൈ സ്വദേശിയായ കമല ഹിരണ്‍ ജയന്‍ എന്നിവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.എസിയുടെ കംപ്രസ്സര്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു.
നിരവധി ഫ്‌ലാറ്റുകളുള്ള കെട്ടിട സമുചയമാണിത്. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. നവി മുംബൈയിലെ ദുര്‍ബയില്‍ പൂജ സ്റ്റോഴ്‌സ് എന്ന പേരില്‍ ടയര്‍ കട നടത്തുന്നയാളാണ് മരിച്ച പൂജയുടെ പിതാവ് രാജന്‍. മൂന്നുപേരുടെയും മൃതദേഹം ഇപ്പോള്‍ വാഷി മുനിസിപ്പല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.