ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്നും കടൽകൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിലെ ഇന്ത്യാക്കാരടക്കമുള്ള ജീവനക്കാരെ രക്ഷിച്ച മാർക്കോസ് കമാൻഡോകളെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. ലൈബീരിയൻ ചരക്ക് കപ്പലായ എം വി ലില നോർഫോക്ക് കപ്പലിൽ നാവികസേനയുടെ പ്രത്യേക കമാൻഡോകൾ നടത്തിയ രക്ഷാദൗത്യത്തിന്റെ വീഡിയോയും വൈറലായി. കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെ കമാൻഡോകൾ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. മോചിപ്പിച്ച കപ്പൽ ഏറ്റവും അടുത്തുള്ള തുറമുഖത്തേക്കു എത്തിക്കും.

ആദ്യ വീഡിയോയിൽ കമാൻഡോകൾ കപ്പലിനെ ഹൈസ്പീഡ് മോട്ടോർബോട്ടിൽ സമീപിക്കുന്നത് കാണാം. ഹെലികോപ്ടറിൽ നിന്നെടുത്ത ദൃശ്യങ്ങളാണിത്. ചരക്ക് കപ്പലിനോട് അടുക്കുന്നതോടെ കമാൻഡോകൾ സ്പീഡ് ബോട്ടിൽ നിന്ന് ചാടുന്നതും കപ്പലിന്റെ ഡക്കിൽ കയറുന്നതും കാണാം. കപ്പലിൽ നിന്ന് വേഗം ഒഴിഞ്ഞില്ലെങ്കിൽ ഭവിഷ്യത്ത് ഉണ്ടാകുമെന്ന നാവികസേനയുടെ മുന്നറിയിപ്പോടെ കമാൻഡോകൾ കപ്പലിൽ കയറുന്നതിന് മുമ്പ് തന്നെ സായുധരായ ആറ് കൊള്ളക്കാർ കപ്പലുപേക്ഷിച്ച് പോയിരുന്നു.

നാവികേസനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് ചെന്നൈയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. നേവിയുടെ നിരീക്ഷണ വിമാനങ്ങളും ഹെലികോപ്ടറുകളും സായുധ പ്രിഡേറ്റർ ഡ്രോണുകളും ദൗത്യത്തിന്റെ ഭാഗമായി. വ്യാഴാഴ്ച വൈകിട്ടാണ് 'എം.വി ലില നോർഫോക്ക്' എന്ന കപ്പലിൽ കടൽക്കൊള്ളക്കാർ കയറിയത്. അപായ സന്ദേശം കിട്ടിയ ഇന്ത്യൻ നേവി ഉടൻ ഐ.എൻ.എസ് ചെന്നൈയെ രക്ഷാ ദൗത്യത്തിന് നിയോഗിച്ചു.

ഇന്ന് രാവിലെ തന്നെ നേവി വിമാനം കപ്പലിന് മീതേ പറന്ന് ജീവനക്കാരുമായി ആശയവിനിമയം സ്ഥാപിച്ച് അവർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി. കൊള്ളക്കാർ കയറിയതോടെ ജീവനക്കാർ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ആശയവിനിമയ സൗകര്യമുള്ള സ്‌ട്രോംഗ് റൂമിൽ അഭയം തേടിയിരുന്നു. ഇന്ന് 3.15ന് ഐ.എൻ.എസ് ചെന്നൈ ലൈബീരിയൻ കപ്പലിനെ തടഞ്ഞു. കടൽക്കൊള്ളക്കാരോട് കപ്പൽ വിടാൻ നാവികസേന അന്ത്യശാസനം നൽകി. അതോടെ അവർ രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്.

റാഞ്ചിയ കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും യുദ്ധകപ്പലിലെ സംഘം ഏത് ഓപ്പറേഷനും നടത്താനുള്ള തയ്യാറെടുപ്പുകളോടെയാണ് നിൽക്കുന്നതെന്നും സൈന്യം നേരത്തെ അറിയിച്ചിരുന്നു. ലൈബീരിയൻ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാർ ചേർന്ന് വ്യാഴാഴ്ച വൈകീട്ടാണ് കപ്പൽ റാഞ്ചിയതെന്നാണ് റിപ്പോർട്ട്.

ബ്രസീലിലെ പോർട്ട് ഡു അകോയിൽ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയിൽ നിന്ന് 300 നോട്ടിക്കൽ മൈൽ കിഴക്ക് നിന്ന് കടൽക്കൊള്ളക്കാർ എം.വി ലില നോർഫോക് എന്ന ചരക്കുകപ്പൽ ഹൈജാക്ക് ചെയ്തത്.

കപ്പൽ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന നടപടികൾ ആരംഭിച്ചിരുന്നു. ഐഎൻഎസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു. നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടു.

സൊമാലിയ തീരത്തിന് അടുത്ത് വച്ചാണ് ലൈബീരിയൻ പതാകയുള്ള എംവി ലില നോർഫോക് കപ്പലാണ് റാഞ്ചിയത്. ഐഎൻഎസ് ചെന്നൈ കപ്പലിൽ നിന്ന് ഹെലികോപ്റ്റർ കപ്പലിന് അടുത്തേക്ക് അയച്ചു. കുറ്റവാളികളോട് കപ്പൽ ഉപേക്ഷിക്കാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മറൈൻ കമ്മാന്റോസ് തിരിച്ചടിക്കാൻ തുടങ്ങി.

ഇന്നലെ വൈകിട്ടാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള നീക്കങ്ങൾ പിന്നാലെ തുടങ്ങി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്.