ചെന്നൈ: നയൻതാര വിഘ്‌നേശ് ശിവൻ വാടക ഗർഭധാരണ വിവാദത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്.ആറു വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു..വിവാഹ രജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതിൽ നിയമപ്രശ്‌നങ്ങൾ ഇല്ലെന്ന് നടി നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും വ്യക്തമാക്കി.വിവാഹം കഴിഞ്ഞ് 5 വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്‌നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്,വാടകഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു. ദുബായിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചെന്ന വിവരവും പുറത്തുവന്നു.

വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്.വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്.
ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യം പറഞ്ഞു.

21 മുതൽ 35 വരെ പ്രായമുള്ള വിവാഹിതകൾക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാൻ സാധിക്കൂ. ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇത്തരം ചട്ടങ്ങൾ നിലനിൽക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം. ഇക്കാര്യങ്ങൾ സംബന്ധിച്ച് നയൻതാരയോടു തമിഴ്‌നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്‌മണ്യൻ ചെന്നൈയിൽ പറഞ്ഞു.

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാർത്ത ദിവസങ്ങൾക്ക് മുൻപാണ് നയൻതാരയും വിഘ്നേഷ് ശിവനും പങ്കുവച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങൾ ഈ വിശേഷം പങ്കുവെച്ചത്.

'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങൾക്ക് രണ്ട് ആൺകുട്ടികൾ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും, ഞങ്ങളുടെ പിതാമഹന്മാരുടെ ആശിർവാദവും ഒത്തുചേർന്ന് ഞങ്ങൾക്കായി രണ്ട് കൺമണികൾ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു'. വിഘ്നേഷ് കുറിച്ചു.

ജൂൺ 9-നായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.