ചെന്നൈ: ലേഡിസൂപ്പര്‍ സ്റ്റാറിന് ഇന്ന് നാല്‍പ്പതാം പിറന്നാള്‍.വിവാദങ്ങളില്‍ നിറയുമ്പോള്‍ തന്നെ നടിക്ക് സന്തോഷം നല്‍കുന്ന മൂഹൂര്‍ത്തങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്.ഒരു പക്ഷെ ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ഒരു നടിയുടെ വിവാഹമുള്‍പ്പടെയുള്ള കാര്യങ്ങള്‍ കോര്‍ത്തിണക്കി നെറ്റ്ഫ്ളിക്സ് പോലെ അന്താരാഷ്ട്ര പ്രശസ്തിയുള്ള പ്ലാറ്റ്ഫോം ഡോക്യുമെന്ററി പ്ലാന്‍ ചെയ്യുന്നതും ഇപ്പോള്‍ സംപ്രേഷണം ആരംഭിച്ചിരിക്കുന്നതും.പിറന്നാള്‍ ദിനത്തിലാണ് ഡോക്യുമെന്ററി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.ഇതിനൊപ്പം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററും താരം പുറത്തുവിട്ടു.ചിത്രത്തിന്റെ ടാഗ് ലൈനായാ 'ഷീ ഡിക്ലെയഴ്‌സ് വാര്‍' നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുമുണ്ട്.

വിവാഹ ഡോക്യുമെന്ററി എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിലും സിനിമ മേഖലയില്‍ നയന്‍താരയുടെ തുടക്കം മുതല്‍ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ വരെ ഡോക്യുമെന്ററിയില്‍ പങ്കുവെക്കുന്നുണ്ട്.വിവാദങ്ങള്‍ക്ക് കാരണമായ നാനും റൗഡി താന്‍ ചിത്രത്തിലെ ബിഹൈന്‍ഡ് ദി സീന്‍സ് ദൃശ്യങ്ങളും അടങ്ങിയതാണ് പുറത്തുവന്ന ഡോക്യുമെന്ററി.വിവാഹത്തില്‍ ഒതുങ്ങി നില്‍ക്കാതെ നയന്‍താരയുടെ ജീവിത കഥ പറയുന്നതാണ് ഡോക്യുമെന്ററി. 1.22 മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.സംവിധായകനിലും മാറ്റം വന്നിട്ടുണ്ട്.അമിത് കൃഷ്ണനാണ് സംവിധാനം.ഗൗതം വാസുദേവ മേനോന്റെ പേരാണ് നേരത്തെ സംവിധായകസ്ഥാനത്ത് കേട്ടിരുന്നത്.

സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ മക്കളുടെ വിശേഷങ്ങള്‍ വരെയാണ് ഡോക്യുമെന്ററിയിലുള്ളത്.വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.അതില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് വിഘ്‌നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവും അടങ്ങുന്ന ഭാഗം തന്നെയാണ്.വിഘ്‌നേഷുമായുള്ള പ്രണയത്തിന്റെ തുടക്കം നേരത്തെ പുറത്തുവന്ന ടീസറില്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.ഇരുവരുടേയും പ്രണയത്തിന്റെ മുഴുവന്‍ കഥ ഇപ്പോള്‍ പുറത്തുവന്ന ഡോക്യുമെന്ററിയിലുണ്ട്.

2015-ല്‍ 'നാനും റൗഡി താന്‍' ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രണയം മൊട്ടിട്ട കഥ ടീസറിലൂടെ തന്നെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്. ഇതിന്റെ മുഴുവന്‍ ഭാഗം ഇപ്പോള്‍ പുറത്തുവന്ന ഡോക്യുമെന്ററിയിലുണ്ട്.താന്‍ എക്കാലത്തും തേടിക്കൊണ്ടിരുന്ന ആളാണ് വിഘ്‌നേഷ് എന്നാണ് നയന്‍സ് വിശേഷിപ്പിക്കുന്നത്. തന്റെ ഹൃദയവും ആത്മാവും തേടിക്കൊണ്ടിരുന്നത് അവനെപ്പോലെ ഒരാളെയായിരുന്നു. അവനെപ്പോലെ മറ്റൊരാള്‍ക്കും ആവാന്‍ കഴിയില്ലെന്ന് ഈ വര്‍ഷങ്ങള്‍ക്കിടെ താന്‍ മനസിലാക്കിയെന്നും നയന്‍താര ഡോക്യുമെന്ററിയില്‍ പറയുന്നു.

നാനും റൗഡി താന്‍ സിനിമയില്‍ നയന്‍താരയുടെ ഇടപെടല്‍ തന്റെ ആത്മവിശ്വാസം എങ്ങനെ വര്‍ധിപ്പിച്ചെന്ന് വിഘ്‌നേഷ് ശിവന്‍ തന്നെ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിക്കുമ്പോള്‍, നയന്‍താര ചെയ്തതില്‍നിന്ന് വ്യത്യസ്തമായ ആശയമായിരുന്നു വിഘ്‌നേഷിന് ഉണ്ടായിരുന്നത്. എന്നാല്‍ അത് അവരോട് പറയാന്‍ മടിച്ചു. പക്ഷെ, കട്ട് പറഞ്ഞുകഴിഞ്ഞ് വിഘ്‌നേഷിന്റെ മുഖഭാവത്തില്‍നിന്ന് കാര്യം മനസിലാക്കിയ നയന്‍താര ഒരു ടേക്ക് കൂടെ എടുക്കാമെന്ന് പറഞ്ഞു. നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് അതുപോലെ എടുക്കാമെന്ന് നയന്‍താര പറഞ്ഞു.

വേണ്ട, കുഴപ്പമില്ലെന്ന് വിഘ്‌നേഷ് മറുപടി നല്‍കിയപ്പോള്‍,നിങ്ങളാണ് ചിത്രത്തിന്റെ സംവിധായകന്‍,നിങ്ങള്‍ പറയുന്നത് അഭിനയിക്കുക എന്നതാണ് എന്റെ ജോലി എന്ന് നയന്‍താര അല്പം ശബ്ദം കൂട്ടി പറഞ്ഞു.നയന്‍താരയുടെ ഈ ഇടപെടല്‍ സംവിധായകനെന്ന നിലയില്‍ ചിത്രത്തിന്റെ നിയന്ത്രണം തന്റെ കൈയില്‍ തന്നെയാണ് തോന്നിക്കാന്‍ കാരണമായെന്ന് വിഘ്‌നേഷ് പറയുന്നു. സിനിമ ചെയ്യുമ്പോള്‍ അതിനുമുമ്പുവരെ തനിക്കില്ലാതിരുന്ന ആത്മവിശ്വാസം ആ സംഭവത്തിന് ശേഷമുണ്ടായി. ചിത്രത്തിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ വരെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നുവെന്നും വിഘ്‌നേഷ് ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നു.

പങ്കുവെച്ച പോസ്റ്റര്‍ ധനുഷിനുള്ള പരോക്ഷ മറുപടിയോ?

പിറന്നാല്‍ ദിനത്തില്‍ തന്റെ ആരാധകര്‍ക്ക് ആവേശമായി പുതിയ ചിത്രത്തിന്റെ പോസ്റ്ററും നയന്‍താര പങ്കുവെച്ചു.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രത്തിന്റെ ടാഗ് ലൈനും പോസ്റ്ററിന് നയന്‍താര പങ്കുവെച്ച കുറിപ്പും കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.സെന്തില്‍ നല്ലസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രാക്കായീ'യാണ് നയന്‍താര നായികയാവുന്ന പുതിയ ചിത്രം.നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ 'ഷീ ഡിക്ലെയര്‍സ് വാര്‍' എന്ന വരിയോടെയുള്ള ടീസര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.




നടിയുടെ 40-ാം പിറന്നാള്‍ ദിനമായ ഇന്ന് രാവിലെയാണ് 'രാക്കായീ'യുടെ ടീസര്‍ എത്തിയിരിക്കുന്നത്.'എ വാര്‍ ഓണ്‍ ബീസ്റ്റ്സ്' എന്ന അടിക്കുറിപ്പോടെയാണ് നയന്‍താര പോസ്റ്റര്‍ പങ്കുവെച്ചത്.ഡ്രംസ്റ്റിക്‌സ് പ്രൊഡക്ഷന്‍സും മൂവിവേഴ്‌സ് സ്റ്റുഡിയോസുമാണ് ചിത്രം അവതരിപ്പിക്കുന്നത്.കടും ചുവപ്പ് സാരിയുടുത്ത് കൈയില്‍ കത്തിയും വടിയുമായി അക്രമകാരികളുടെ വലിയ സംഘത്തെ ഒറ്റയ്ക്ക് നേരിടുന്ന കഥാപാത്രമായാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. കൈകളില്‍ തീപ്പന്തവുമായെത്തുന്ന ജനക്കൂട്ടത്തെ നേരിടാനെന്നവണ്ണം നയന്‍താരയുടെ കഥാപാത്രം നില്‍ക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനുഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.പിന്നാലെ തമിഴ് സിനിമാ ലോകത്ത് തന്നെ വിഷയം വലിയ തോതില്‍ ചര്‍ച്ചയായി മാറുകയാണ്.ഈ സാഹചര്യത്തില്‍ 'ഷീ ഡിക്ലെയര്‍സ്' വാര്‍ എന്ന പോസറ്റര്‍ പുറത്തുവന്നത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.അതേസമയം വിഷയത്തില്‍ ധനുഷ് നേരിട്ട് പ്രതികരിച്ചിലെങ്കിലും ഡോക്യുമെന്ററിയില്‍ നിന്നും നാനും റൗഡി താനിലെ സീനുകള്‍ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ധനുഷ് ഉറച്ച് നില്‍ക്കുന്നു.ഇത് സംബന്ധിച്ച് നടന്റെ വക്കീല്‍ നയന്‍താരയ്ക്ക് ലീഗല്‍ നോട്ടീസ് അയച്ചു.

24 മണിക്കൂറിനുള്ളില്‍ ഡോക്യുമെന്ററിയില്‍ നിന്നും ദൃശ്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടും. നയന്‍താരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യക്കുമെതിരെയുള്ള നിയമനടപടി ഇതില്‍ മാത്രം ഒതുങ്ങില്ലെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു

.വരും ദിവസങ്ങളില്‍ ഈ വിവാദം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. നെറ്റ്ഫ്ലിക്സില്‍ നയന്‍താരയുടെ ഡോക്യുമെന്ററി റിലീസ് ചെയ്തു. 10 കോടി രൂപ നയന്‍താര നഷ്ടപരിഹാരം നല്‍കുമോ അതോ നിയമപരമായി മുന്നോട്ട് പോകുമോ എന്ന് ഉടനെ വ്യക്തമാകും.

ധനുഷിനെതിരെ തുറന്ന് പോരിന് തുടക്കമിട്ടിരിക്കുകയാണ് തുറന്ന കത്തിലൂടെ നയന്‍താര.കോപ്പിറൈറ്റ് വിഷയം മാത്രമല്ല ഇവര്‍ക്കിടയിലെ പ്രശ്നമെന്ന് വ്യക്തമാണ്. പത്ത് വര്‍ഷത്തോളമായി നീളുന്ന ഈഗോ പ്രശ്നമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.