ചെന്നൈ: നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടനും നിര്‍മ്മാതാവുമായി ധനുഷിനെതിരെ ആഞ്ഞടിച്ച നയന്‍താര കോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ധനുഷിന്റെ താരസിംഹാസനത്തെ വെല്ലുവിളിച്ച് നിയമ പോരാട്ടത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച നയന്‍ താരയെ പിന്തുണച്ച് മലയാളത്തിലെയും തമിഴിലെയും മുന്‍നിര നായികമാരടക്കം രംഗത്ത് വന്നിരുന്നു.

നയന്‍താര - വിഘ്‌നേശ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയന്‍താരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നിയമ പോരാട്ടത്തിന് നയന്‍ താര തയ്യാറെടുക്കുന്നത്.

നയന്‍താരയെ നായികയാക്കി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ പാട്ടുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയന്‍താര പറയുന്നു. ധനുഷിന്റേത് വെറും പകര്‍പ്പാവകശ പ്രശ്‌നമല്ലെന്നും വെറും പകപോക്കലാണെന്നും നയന്‍താര തുറന്നടിച്ചിരുന്നു. തമിഴ് സിനിമ ലോകത്തെ മുന്‍നിര നായകനായ ധനുഷിനെ വെല്ലുവിളിച്ചുള്ള നയന്‍താരയുടെ പ്രതികരണം കോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്.

തിരുവല്ലയിലുള്ള ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും നയന്‍ താര തന്റെ താരസാമ്രാജ്യം പടുത്തിയര്‍ത്തിയത് തമിഴ് സിനിമാ ലോകത്തായിരുന്നു. ശരിക്കും ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ട നയന്‍സ്. രജനിയുടെ സിനിമയിലെന്നപോലെ, കമലിന്റെ സിനിമയില്‍ എന്നപോലെ, തന്റെ ചിത്രത്തിന്റെ എല്ലാകാര്യവും തീരുമാനിക്കുന്നത് നയന്‍താരയാണ്.

കഥ മുതല്‍ പ്രമോഷന്‍ വരെയുള്ള സകലകാര്യങ്ങളിലും, 39ാം വയസ്സിലും ജ്വലിക്കുന്ന സൗന്ദര്യമുള്ള ഈ താരം ഇടപെടും. പുരുഷതാരങ്ങളെവെച്ച് സിനിമയുണ്ടാകുന്നപോലെ, നയന്‍താരയെന്ന സ്ത്രീയെവെച്ച് തമിഴിലും തെലുങ്കിലും പ്രൊജക്റ്റുകള്‍ ഉണ്ടാവുന്നു. അതുപോലെതന്നെ പ്രതിഫലത്തിന്റെ കാര്യത്തിലും മുന്‍നിരയിലാണ് നയന്‍താര.

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറിന്റെ വിവാഹം വാര്‍ത്തകളില്‍ ഇടംപിടിച്ചതുപോലെ തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന ആ വിവാഹത്തിന്റെ ഡോക്യുമെന്ററിയും വലിയ വാര്‍ത്തകളാണ് സൃഷ്ടിക്കുന്നത്. അന്ന് എല്ലാവിധ ആംഡംബരത്തിനുമൊപ്പം, തമിഴകത്തെ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലുമായി ഉള്ള ഒന്നേകാല്‍ ലക്ഷം പേര്‍ക്കാണ് വിവാഹത്തിന്റെ ഭാഗമായി സദ്യ കൊടുത്തത്.

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവന്‍ എന്ന വിക്കിയും അന്ന് വിവാഹിതരായത്. മഹാബലിപുരത്ത് ബംഗാള്‍ ഉള്‍ക്കടലിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമാണു വിവാഹം. അതിഥികള്‍ക്കു പോലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ടായിരുന്നു.

കോടികളുടെ ഒരു ബിസിനസ് പ്രൊജക്റ്റായി ഈ വിവാഹച്ചടങ്ങും മാറി. ബോളിവുഡ് സ്റ്റെലിനെ അനുകരിച്ച് കൊണ്ട്, വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്ളിക്സിന് നല്‍കി. ചലച്ചിത്ര സംവിധായകന്‍ ഗൗതം മേനോനാണ് ഈ ഡോക്യഫിക്ഷന്‍ നെറ്റ്ഫ്ളിക്സിനായി സംവിധാനം ചെയ്തത്. രജനിയും, കമലും, ഷാറുഖ് ഖാനും ഉള്‍പ്പെടുയുള്ള വന്‍ താര നിര പങ്കെടുത്ത മാമാങ്കം നെറ്റ്ഫ്‌ലിക്‌സിലൂടെ ആരാധകര്‍ക്ക് മുന്നിലെത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ധനുഷിനെതിരെ നയന്‍താര തുറന്നിച്ചതും നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതും.

തമിഴ്‌സിനിമയിലെ മുന്‍നിര നായകനായ ധനുഷിന്റെ വിരട്ടലിന് മുന്നില്‍ തലകുനിച്ച് നില്‍ക്കാതെ ശക്തമായ പ്രതികരിച്ച നയന്‍ താരയുടെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. അതോടൊപ്പം ലേഡി സൂപ്പര്‍ സ്റ്റാറിന്റെ വ്യക്തി ജീവിതവും ആരാധകര്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നുണ്ട്.

നയന്‍താരയുടെ ജീവിതം പുറമേനിന്ന് നോക്കുന്നതുപോലെ അത്ര നേര്‍രേഖയില്‍ ആയിരുന്നില്ല. പ്രണയും, ബ്രേക്കപ്പും, തിരിച്ചടികളും, പാരവെപ്പും, കുതികാല്‍ വെട്ടുമൊക്കെ അതിജീവിച്ചാണ് അവര്‍ ഇന്നു കാണുന്ന താരസാമ്രാജ്യത്തിലേക്ക് നടന്ന് കയറിയത്. ഒരര്‍ഥത്തില്‍, പോരാട്ടം തന്നെയായിരുന്നു നയന്‍താരയുടെ ജീവിതം. സിനിമാ പരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് വെള്ളിത്തിരയില്‍ എത്തിയ നടി, കഠിന പ്രയത്‌നത്തിലൂടെ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുക ആയിരുന്നു.

കണ്ടെത്തിയത് സത്യന്‍ അന്തിക്കാട്

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര ജനിച്ചത്. 1984 നവംബര്‍ 18ാണ്, പില്‍ക്കാലത്ത് ആരാധകര്‍ ആഘോഷമാക്കാറുള്ള, ആ ജന്മദിനം. തിരുവല്ല ബാലികാമഠം ഹൈസ്‌കൂളിലും, മാര്‍ത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. കൈരളി ടി.വിയില്‍ ചമയം എന്ന ഫോണ്‍-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. പിന്നെ ക്രമേണ മോഡലിങ്ങിലേക്ക് തിരിഞ്ഞു.

ഒരുപാട് നല്ല നടീനടന്മാരെ മലയാളത്തിന് സമ്മാനിച്ച സത്യന്‍ അന്തിക്കാടാണ്, നയതാരയെയും കണ്ടെത്തിയത്. സത്യന്റെ മനസ്സിനക്കരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായിക ആയിട്ടായിരുന്നു, അരങ്ങേറ്റം. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് ഇങ്ങനെ പറയുന്നു.

'മനസ്സിനക്കരെയില്‍ നയന്‍താര വരുമ്പോള്‍ ഇത്ര വലിയ സ്റ്റാറാകുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. ഒരു പരസ്യത്തില്‍ അടിച്ചുവന്ന മുഖമാണ് ഞാന്‍ ആദ്യം കാണുന്നത്. ആത്മവിശ്വാസമുള്ള ആ മുഖം, അതാണ് ഞാനാദ്യം ശ്രദ്ധിക്കുന്നത്. അത് വനിതയിലാണ് അടിച്ചു വന്നത്. ആരാണ് ഈ കുട്ടി എന്നന്വേഷിച്ചു. വനിതയുടെ എഡിറ്ററായ മണര്‍ക്കാട് മാത്യുവിനെ വിളിച്ചു. ഡയാന എന്നാണ് ആളുടെ പേര്, തിരുവല്ലയിലുള്ള കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ നേരിട്ട് ഡയാനയെ വിളിച്ചു, അച്ഛന്റെയും അമ്മയുടെയും കൂടെയാണ് എന്നെ കാണാന്‍ വന്നത്. വലിയ അഭിനയമോഹമൊന്നും കൊണ്ടുനടക്കുന്ന ആളല്ല എന്ന് കണ്ടപ്പോള്‍ തന്നെ മനസ്സിലായി. പക്ഷേ അഭിനയത്തോട് ഇഷ്ടമുണ്ട് താനും.''

'അവര്‍ വന്നു പോയി കഴിഞ്ഞ്, മനസ്സിനക്കരെയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പറയാന്‍ ഞാന്‍ വീണ്ടും വിളിച്ചു. നിങ്ങളെ ഫിക്‌സ് ചെയ്തു എന്നു പറഞ്ഞപ്പോള്‍, 'ഇല്ല സാര്‍, ഞാന്‍ അഭിനയിക്കുന്നില്ല' എന്നായിരുന്നു മറുപടി. കാര്യം തിരക്കിയപ്പോള്‍, എന്റെ ബന്ധുക്കള്‍ക്കൊന്നും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നു പറഞ്ഞു.

ബന്ധുക്കളുടെ കാര്യം പോവട്ടെ, ഡയാനയ്ക്ക് ഇഷ്ടമാണോ, അച്ഛനുമമ്മയ്ക്കും ഇഷ്ടമാണോ? എന്നൊക്കെ ഞാന്‍ തിരക്കി. അതെ എന്നായിരുന്നു മറുപടി, എങ്കില്‍ വരൂ എന്നു പറഞ്ഞു. അങ്ങനെയാണ് വന്നു അഭിനയിച്ചത്. പിന്നെ പേരു മാറ്റാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ കുറച്ചു പേരുകള്‍ എഴുതി കൊടുത്തു, അതില്‍ നിന്ന് ഡയാന തിരഞ്ഞെടുത്ത പേരാണ് നയന്‍താര എന്നത്. ആ പേര് ഞാന്‍ വായിച്ച ഒരു ബംഗാളി നോവലില്‍ നിന്നാണ് കിട്ടിയത്. ഈ പേര് തിരഞ്ഞെടുത്തത് നന്നായി, വേറെ ഭാഷകളിലേക്കു പോവുമ്പോഴും ഈ പേര് ഗുണം ചെയ്യുമെന്ന് അന്ന് ഞാനവരോട് പറഞ്ഞു. സൂപ്പര്‍സ്റ്റാറായി മാറിയതിനു ശേഷവും ഇപ്പോഴും ഇടയ്‌ക്കൊക്കെ എന്നെ വിളിക്കും. അവസാനം കണ്ടപ്പോള്‍ കൃത്യനിഷ്ഠയെക്കുറിച്ച് സാര്‍ തന്ന ഉപദേശം മറന്നുപോയിട്ടില്ലെന്ന് പറഞ്ഞു. പക്ഷേ ഞാന്‍ അത് മറന്നുപോയിരുന്നു.'' സത്യന്‍ അന്തിക്കാട് പറയുന്നു.

2011 ഓഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തില്‍ നിന്നും അവര്‍ ഹിന്ദുമതം സ്വീകരിച്ചു. ശേഷം നയന്‍താര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.

തമിഴില്‍ വളര്‍ച്ച ശരവേഗത്തില്‍

ആദ്യ സിനിമയില്‍ വേഷമിടുമ്പോള്‍, വെറും 19 വയസ്സുമാത്രമായിരുന്നു ആ കുട്ടിയുടെ പ്രായം. ഇപ്പോള്‍ നീണ്ട 19 വര്‍ഷമായി അവര്‍ ചലച്ചിത്രലോകത്ത് നിലനില്‍ക്കുന്നു. ഇത്രയും നീണ്ടകാലം ഹീറോയിന്‍ പദവി കിട്ടിയവരും ചുരുക്കമാണ്.

2003ല്‍ റിലീസായ മനസ്സിനക്കരെ ഒരു വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് നയന്‍താര അഭിനയിച്ചത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു സഹനടിയായാണ് നയന്‍താര അഭിനയിച്ചത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത തസ്‌കരവീരനിലും, കമല്‍ സംവിധാനം ചെയ്ത രാപ്പകലിലും അഭിനയിച്ചു. ഇക്കാലഘട്ടത്തില്‍ത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവര്‍ പ്രവേശിച്ചു. പിന്നെ നയന്‍താരക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

രജനികാന്തിന്റെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിന്റെ അയ്യാ, അജിത്തിന്റെ ബില്ല, ധനുഷിന്റെ യാരടീ നീ മോഹിനി, ഇരുമുഖന്‍ തുടങ്ങിയവ നയന്‍താരയുടെ ശ്രദ്ധേയ തമിഴ് ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. തെലുങ്കു ചിത്രമായ ശ്രീരാമരാജ്യത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സര്‍ക്കാരിന്റെ നന്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഈ സിനിമയിലെ സീതയായാണ് തെലുങ്ക് പ്രേക്ഷകര്‍ ഇപ്പോഴും തന്നെ കരുതുന്നത് എന്നാണ് നയന്‍താര, ഒരു അഭിമുഖത്തില്‍ പറയുന്നത്.

മലയാളത്തില്‍ ശാലീന സുന്ദരിയായി നിന്ന നയന്‍താര തമിഴകത്ത് ശരിക്കും ഒരു ഹോട്ട് സ്റ്റാര്‍ എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. ബില്ലയിലെയും, ചിലമ്പരശന്‍ ചിത്രങ്ങളിലെയുമൊക്കെ ചൂടന്‍ രംഗങ്ങളുടെ പേരില്‍ അവര്‍ സദാചാര മലയാളിയില്‍നിന്ന് ഏറെ തെറികേട്ടു. പക്ഷേ ഗ്ലാമര്‍ പ്രദര്‍ശനം ഒരിക്കലും ഒരു മോശം കാര്യമല്ല എന്നാണ് നയന്‍താരയുടെ വാദം. ഏഷ്യാനെറ്റിലെ ഒരു അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു. 'നിങ്ങള്‍ക്ക് ഗ്ലാമര്‍ കാണുന്നത് ഇഷ്ടമല്ലെങ്കില്‍ എന്തിനാണ് അത് കാണാന്‍ വരുന്നത്. ഇത് കാണുകയും വേണം എന്നിട്ട് വിമര്‍ശിക്കുകയും വേണം. ഇത് ഇരട്ടത്താപ്പാണ്. ഞാന്‍ ആരെയും നിര്‍ബന്ധിപ്പിച്ച് തീയേറ്ററില്‍ കയറ്റുകയാണോ''- ഇതാണ് അവരുടെ വാദം.

ഇത്തരം ബോള്‍ഡായ നിലാപാടുകള്‍ കൊണ്ടുതന്നെ എന്നും ഒരു വിഭാഗം മാധ്യമങ്ങളുടെയും ചലച്ചിത്ര പ്രമാണിമാരുടെയും കണ്ണിലെ കരടായിരുന്നു നയന്‍സ്. അവരുമായി ഗോസിപ്പ് കോളത്തില്‍ ഇടം പിടിക്കാത്ത നടന്മാരില്ല. പ്രണയവും ബ്രേക്കപ്പും തിരിച്ചടികളും, തിരിച്ചുവരവുമായി ഒരു പക്കാ തമിഴ് സിനിമ പോലെയായിരുന്നു, നയന്‍താരയുടെ വ്യക്തി ജീവിതവും.




ചിമ്പുവുമായി പ്രണയത്തകര്‍ച്ച

നയന്‍താരയുടെ ആദ്യത്തെ സിനിമാ പ്രണയം എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത് നടന്‍ ചിലമ്പരശന്‍ എന്ന ചിമ്പുവുമൊത്തായിരുന്നു. തമിഴക ടാബ്ലോയിഡുകള്‍ ഏറെ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു ആ പ്രണയം.

ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രമായിരുന്നു 2006 ല്‍ പുറത്തു വന്ന വല്ലഭന്‍. ഈ ചിത്രം വന്‍ വിജയമായിരുന്നു. വല്ലഭനില്‍ ചിമ്പുവുമായുള്ള ലിപ്പ്‌ലോക്ക് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ നയന്‍താര അന്നെടുത്ത നിലപാട് ധീരമായിരുന്നുവെന്നാണ് ചിമ്പു പറഞ്ഞത്. ഏതു കഥാപാത്രത്തെയായാലും അത് ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് നയന്‍സിനെ തെന്നിന്ത്യന്‍ നിരയിലെ സൂപ്പര്‍ താരമാക്കി മാറ്റിയതെന്ന് ചിമ്പു അഭിപ്രായപ്പെട്ടിരുന്നു.

തമിഴിലെ ചെറിയ ബാലചന്ദ്രമേനോനാണ് ചിമ്പു എന്ന ചിലമ്പരശന്‍. കഥയും തിരക്കഥയുമെഴുതും. ഡാന്‍സ്, അടി തുടങ്ങിയ മേലങ്ങുന്ന പണികള്‍ എല്ലാം അറിയാം. സംവിധാനവും ചെയ്യും. അതും പോരാഞ്ഞ് എന്തിനും പോന്ന ടി രാജേന്ദ്രന്റെ മകനുമാണ് കക്ഷി. അതുകൊണ്ടുതന്നെ അവുടെ പ്രണയം മാധ്യമങ്ങള്‍ ആഘോഷിച്ചു. നയന്‍സ് മെയ്ഡ് ഫോര്‍ ചിമ്പു എന്ന് പരസ്യവാചകം തിരുത്തിയെഴുതപ്പെട്ടു. ഇരുവരും ഒരുമിച്ച ചിത്രങ്ങള്‍ കാണാന്‍ ജനം കൂടി. ബ്രഹ്‌മാണ്ഡ വലിപ്പമുള്ള ഫ്‌ളക്‌സുകളില്‍ ആരാധകര്‍ മാലയിട്ട് ചന്ദനത്തിരി കത്തിച്ചു. പക്ഷേ പ്രണയം വൈകാതെ ബ്രേക്കപ്പായി.

പ്രണയം മുറിഞ്ഞ് അധികനാള്‍ കഴിയും മുമ്പ് കണ്ടത് ചിമ്പുവിന്റെയും നയസിന്റെയും പ്രണയ രംഗങ്ങള്‍ ലീക്കാവുന്നതാണ്. നൈറ്റ് ഡ്രസില്‍ ഇവര്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമൊക്കെ കണ്ട ആരാധകര്‍ അന്തം വിട്ടു. ചിമ്പു ചെറ്റയാണെന്ന് നയന്‍താര കലിതുള്ളി. താനൊന്നുമറിഞ്ഞില്ലേ എന്ന നിലപാടായിരുന്നു ചിമ്പുവിന്. പക്ഷേ ഈ ലീക്കിന് പിന്നില്‍ ചിമ്പുവാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. നടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍ക്കുന്നതിനും ഈ സംഭവം കാരണമായി.

അഭിമുഖങ്ങളില്‍ നയന്‍താര അധികം പ്രത്യക്ഷപ്പെടാറില്ല. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നയന്‍സ് തന്റെ പ്രണയ തകര്‍ച്ചകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ബ്രേക്കപ്പിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയത്.

'വിശ്വാസമില്ലാത്ത സ്ഥലത്ത് സ്‌നേഹം നിലനില്‍ക്കില്ല. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മുന്‍കാല ബന്ധങ്ങള്‍ അവസാനിപ്പിച്ചു,' നയന്‍സ് പറയുന്നു. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചതെന്നും നടി പറയുന്നു.

സിനിമയില്‍ നിന്ന് ഔട്ടാക്കാന്‍ ശ്രമം

ചിമ്പുവുമായി തെറ്റിയതോടെ നയന്‍താരയെ തമിഴ് സിനിമയില്‍ നിന്ന് ഔട്ടാക്കാനും ചിലര്‍ ശ്രമം തുടങ്ങി. തമിഴകത്ത് കടന്നാല്‍ കാലുവെട്ടുമെന്നും കൊല്ലുമെന്നും ചിമ്പുവിന്റെ ആരാധകരുടെ ഭീഷണി മുഴങ്ങി. ഡിഎംകെ നേതാവായ ചിമ്പുവിന്റെ അച്ഛന്‍ ടി രാജേന്ദ്രന്റെ രാഷ്ട്രീയ ബന്ധവും ഇതിന് ഒത്താശ ചെയ്തു. പക്ഷേ നയന്‍താര പൊരുതാന്‍ തന്നെ തീരുമാനിച്ചു. അവര്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലേക്ക് മാറി. ചെന്നെയില്‍ ഷൂട്ടിംഗിന് വരാതായി. ഭീഷണി കൂടി വന്നപ്പോള്‍ ആന്ധ്രാ മുഖ്യമന്ത്രി രാജശേഖര റെഡിയെ നേരില്‍ കണ്ട് പരാതി പറഞ്ഞു. അതാണ് ബ്രേക്കായത്.

ആന്ധ്രാ മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച് കാര്യം പറയുന്നു. ഒരു സിനിമാ പ്രണയത്തിനിടയില്‍ ഡിഎംകെയെ വലിച്ചിട്ടതില്‍ കരുണാനിധി കലിതുള്ളുന്നു. പിതാവിന്റെ ക്രോധം മകനും, ഇന്നത്തെ മുഖ്യമന്ത്രിയുമായ സ്‌റാലിന്‍ ഏറ്റെടുക്കുന്നു. സ്‌റാലിന്റെ മുമ്പില്‍ ചിമ്പുവിന്റെ അച്ഛന്‍ രാജേന്ദ്രന്‍ ഏത്തമിട്ടതോടെ നയന്‍താരയെ വെറുതെ വിടാന്‍ തീരുമാനമായി. അതിനിടെ പ്രതീക്ഷിക്കാത്ത ഒരു സഹായവും നയന്‍സിന് കിട്ടി. അത് സാക്ഷാല്‍ രജനീകാന്തിന്റെ ഭാഗത്തുനിന്നായിരുന്നു. ചിമ്പുവിന്റെ ഏതു തകര്‍ച്ചയും രജനീകുടുംബത്തിന് ആഹ്ലാദമാണെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ എഴുതുന്നത്. ഇതിന് കാരണമായി അവര്‍ പറയുന്നതും പഴയ ഒരു പ്രണയകഥായാണ്.

ചെന്നൈയില്‍ ആശ്രം എന്നൊരു കോളജുണ്ട്. രജനീകാന്തിന്റെ സ്വന്തം സ്ഥാപനം. ലതാ രജനീകാന്താണ് ഈ സ്ഥാപനം നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ ഏറെയും സിനിമാക്കാരുടെ മക്കളാണ്. അവിടെ ചിമ്പു, ധനുഷ്, ഐശ്വര്യ എന്നിങ്ങനെ മൂന്നു സഹപാഠികള്‍. രജനീ ലതാ ദമ്പതിമാരുടെ മകളാണ് ഐശ്വര്യ. സഹപാഠിയായ ചിമ്പുവിനോട് ഐശ്വര്യയ്ക്ക് ബാല്യകാല പ്രണയം ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. പക്ഷേ അത് പിന്നീട് പൊളിഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവളുടെ ജീവിതത്തിലേക്ക് ധനുഷ് എത്തുന്നത്. മകളെ ചതിച്ച ചിമ്പുവിനോട് രജനിക്കും കുടുംബത്തിനും അടങ്ങാത്ത ദേഷ്യം ഇന്നുമുണ്ടെന്നാണ് തമിഴ് സിനിമാ മാസികള്‍ എഴുതുന്നത്. അതുകൊണ്ട് ചിമ്പവിന്റെ ശത്രു എപ്പോഴും രജനി കുടുംബത്തിന്റെ മിത്രം ആവുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

അങ്ങനെയിരിക്കെയാണ് നയന്‍താരയെ ഹൈദരാബാദില്‍ വച്ച് രജനീകാന്ത് കാണുന്നത്. ചിമ്പുവിന്റെ പേരില്‍ നയസിനെ ഔട്ടാക്കാന്‍ ശ്രമം നടക്കുന്നത് രജിനി അറിഞ്ഞിരുന്നു. അങ്ങനെയാണ് അദ്ദേഹം ചന്ദ്രമുഖിയിലെ നായികാ വാഗ്ദാനം കൊടുക്കുന്നത്. ആ പടം ഇറങ്ങിയതോടെ നയന്‍സ് താര റാണിയുമായി. ധനുഷുമായി നയസിന്റെ കോമ്പോകള്‍ ആവര്‍ത്തിക്കപ്പെട്ടു. ധനുഷിന്‍െ 'യാരെടീ നീ മോഹിനിയില്‍' ചിമ്പുവിന്റെ വല്ലവനെ വെല്ലുന്ന രംഗങ്ങളാണ് ഉണ്ടായിരുന്നത്.




പ്രഭുദേവയുമായി പുലിവാല്‍ക്കല്യാണം

ചിമ്പവുമായി പിരിഞ്ഞശേഷമാണ് തെന്നിന്ത്യന്‍ മൈക്കിള്‍ ജാക്‌സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന നടനും നൃത്ത സംവിധാകനുമായ പ്രഭുദേവയുമായി നയന്‍സ് അടുക്കുന്നത്. 2010ല്‍ പ്രഭുദേവയുടെ പേരു നയന്‍സ് ശരീരത്തില്‍ പച്ചകുത്തുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പ്രഭുദേവയെ വിവാഹം കഴിക്കാനായി നയന്‍സ് താല്‍ക്കാലികമായി സിനിമ ഉപേക്ഷിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് സിനിമാ നിര്‍മ്മാണ മടക്കമുള്ള ബിസിനസുകളും നടത്തിയിരുന്നു.

അതിനിടെ രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ റംലത്ത് രംഗത്ത് വന്നത് വലിയ വാര്‍ത്തയായി. ഇക്കാര്യം ചൂണ്ടികാണിച്ച് അവര്‍ കോടതിയെ സമീപിച്ചിരുന്നു. 'മോഷണക്കേസിന് നയന്‍താരയെ അറസ്റ്റ് ചെയ്യണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നയന്‍താരയെ കണ്ടാല്‍ കാണുന്ന ഇടത്ത് വച്ച് ഞാന്‍ തല്ലും. ഒരു സ്ത്രീ എങ്ങിനെയായിരിക്കരുത് എന്നതിന് ഉത്തമ ഉദാഹരണമാണ് നയന്‍താര'- റംലത്ത് അന്ന് അങ്ങനെയാണ് പറഞ്ഞത്.

നര്‍ത്തകിയായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രഭുദേവയെ വിവാഹം ചെയ്ത ശേഷം അവര്‍ മതം മാറി ലത എന്ന പേര് സ്വീകരിച്ചു. പ്രഭു ദേവയുടെ മൂന്ന് മക്കളുടെ അമ്മയാണ് റംലത്ത്. ഇവരുടെ മൂത്തകുട്ടി 2008ല്‍ കാന്‍സര്‍ ബാധിച്ച് മരിക്കയായിരുന്നു. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം 2010 ല്‍ പ്രഭു ദേവയും ലതയും തമ്മിലുള്ള വിവാഹ മോചനം നിയമപരമായി നടന്നു.

പ്രഭുദേവയും നയന്‍താരയും രണ്ടു വര്‍ഷത്തിനു ശേഷം വിവാഹിതരായി. വളരെ രഹസ്യമായ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. അതുകൊണ്ട് ഇരുവരും വിവാഹം കഴിച്ചെന്നും ഇല്ലെന്നും പറയപ്പെടുന്നു. എന്തായാലും ദിവസങ്ങളുടെ ആയുസ് മാത്രമേ ആ ദാമ്പത്യ ജീവിത്തിനുണ്ടായിരുന്നുള്ളു.

നയന്‍താരയില്‍ നിന്നും വേര്‍പിരിഞ്ഞ പ്രഭുദേവ ഹിന്ദി സിനിമയിലും സംവിധാനത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ആദ്യ ബന്ധത്തിലെ മക്കളെ കൂടെക്കൂട്ടണം എന്ന പ്രഭുവേദയുടെ ആവശ്യം, നയന്‍താര നിരസിച്ചതു കലഹത്തിലേയ്ക്കു വഴിവച്ചുവെന്നാണ് തമിഴ് ചലച്ചിത്ര മാസികകള്‍ പറയുന്നത്. തുടര്‍ന്ന് ഇനി തന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടാകില്ല എന്നു പ്രഭുദേവ അടിവരയിട്ടു പറഞ്ഞു. മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും പ്രഭുദേവയും നയന്‍സും ഇപ്പോള്‍ ശത്രുക്കളല്ല. നല്ല സുഹൃത്തുക്കളാണ് തങ്ങള്‍ എന്നാണ് പ്രഭുദേവ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. താന്‍ വിശ്വസിച്ച പലരും ചതിച്ചുവെന്ന് ഒരു അഭിമുഖത്തില്‍ പറയുകയല്ലാതെ മറ്റൊരു കമന്റും ഈ വിഷയത്തില്‍ നയന്‍താരയും നടത്തിയിട്ടില്ല.




വിഘ്‌നേഷ് ജീവിതത്തിലേക്ക് കടുന്നുവരുന്നു

പ്രഭു ദേവയുമായുള്ള പ്രണയ തകര്‍ച്ച നയന്‍സിലെ മാനസികമായി തളര്‍ത്തിയിരുന്നു. സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത താരം പിന്നീട് ശക്തമായി തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവില്‍ നടിയുടെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍'. 2015 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ഈ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

ഈ ചിത്രത്തിന് വേണ്ടിയുള്ള കൂടിക്കാഴ്ചയില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ആ പരിചയം നല്ല സൗഹൃദമായി മാറുകയായിരുന്നു. ഇരുവരും നന്നായി അടുത്തു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പക്ഷെ തങ്ങള്‍ക്കിടയില്‍ പ്രണയമുള്ളതായി നയന്‍സോ വിക്കിയോ സമ്മതിച്ചിരുന്നില്ല.

നയന്‍താരയും വിഘ്നേഷും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പരസ്യമാകുന്നത് നടന്‍ മന്‍സൂര്‍ അലിഖാന്റെ പ്രസ്താവനയിലൂടെയായിരുന്നു. നാനും റൗഡി താന്റെ പ്രൊമോഷന്റെ ഭാഗമായി നടന്നൊരു പത്രസമ്മേളനത്തിനിടെ 'നയന്‍താരയും വിഘ്നേഷും പ്രണയത്തിലാണോ എന്നറിയില്ല, പക്ഷേ ഇരുവരും സിനിമയുടെ സെറ്റില്‍ മണിക്കൂറുകളോളം സംസാരിച്ചിരിക്കുകയായിരുന്നു' എന്ന് മന്‍സൂര്‍ അലി ഖാന്‍ പറയുകയായിരുന്നു.

ഇതോടെ നയന്‍സും വിക്കിയും തമ്മിലുള്ള പ്രണയം എല്ലായിടത്തും ചര്‍ച്ചയായി മാറുകയായിരുന്നു. എങ്കിലും വാര്‍ത്തകളോട് രണ്ടു പേരും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ രണ്ട് വര്‍ഷത്തിന് ശേഷം 2017 ല്‍ തങ്ങളുടെ പ്രണയം വിക്കിയും നയന്‍സും പരസ്യമാക്കുകയായിരുന്നു. സിംഗപ്പൂരില്‍ നടന്നൊരു അവാര്‍ഡുദാന ചടങ്ങിനിടെയായിരുന്നു സംഭവം. 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലൂടെ വിക്കി മികച്ച സംവിധായകന്‍ ആയപ്പോള്‍ അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നയന്‍സിനെ തേടിയുമെത്തി. നയന്‍താരയ്ക്ക് നന്ദി പറഞ്ഞായിരുന്നു വിക്കി അവാര്‍ഡ് വാങ്ങിയത്. വിക്കിയുടെ കൈയില്‍ നിന്നും അവാര്‍ഡ് വാങ്ങണമെന്നായിരുന്നു നയന്‍താര പറഞ്ഞത്. ഈ ഷോയിലൂടെ ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായത്.

നയന്‍സിനൊപ്പമുള്ള ചിത്രങ്ങള്‍ കൊണ്ട് നിറയുകയായിരുന്നു പിന്നീട് വിക്കിയുടെ സോഷ്യല്‍ മീഡിയ പേജ്. അങ്ങനെയിരിക്കെ 2021, മാര്‍ച്ചില്‍ നയന്‍താരയ്ക്കൊപ്പമുള്ളൊരു ചിത്രം വിഘ്നേഷ് പങ്കുവെച്ചു. ചിത്രത്തില്‍ ആരാധകരുടെ കണ്ണുടക്കി നിന്നത് ഇരുവരുടേയും വിരലുകളിലുണ്ടായിരുന്ന മോതിരങ്ങളിലായിരുന്നു. വിക്കിയും നയന്‍താരയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അധികം വൈകാതെ ഇക്കാര്യം നയന്‍താര തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നെട്രിക്കണ്‍ എന്ന സിനിമയുടെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖത്തിലാണു വിവാഹക്കാര്യം സ്ഥിരീകരിച്ചത്.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് ഇന്ന് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ വരവേറ്റ ദമ്പതിമാര്‍, ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സ്ഥിരമായി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഏഴു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021 ജൂണില്‍ വിവാഹിതരായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഒക്ടോബറിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. കുഞ്ഞുങ്ങള്‍ക്ക് ഉയിര്‍ രുദ്രോനീല്‍ എന്‍. ശിവന്‍, ഉലക് ദൈവിക് എന്‍. ശിവന്‍ എന്നിങ്ങനെയാണ് പേരുകള്‍.




താരവിവാഹത്തില്‍ മമ്മൂട്ടിയും ലാലുമില്ല

അങ്ങനെ മഹാബലിപുരത്ത് താരമാമാങ്കംപോലെ, ലോകത്തിലെ ഏറ്റവും പ്രശസ്തയായ മലയാളിയുടെ വിവാഹം നടക്കുമ്പോഴും , മലയാളി താരങ്ങളുടെ വലിയ തോതിലുള്ള അസാന്നിധ്യം പ്രകടമായിരുന്നു. നടന്‍ ദിലീപ് മാത്രമാണ് കൊച്ചിയില്‍ നിന്ന് എത്തിയത്. മലയാളത്തില്‍ നയന്‍താരയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പര്‍ഹിറ്റ് ചിത്രമായ ബോഡി ഗാര്‍ഡില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ അതിഥിവേഷത്തിലും നയന്‍താര എത്തുകയുണ്ടായി.

അതോടൊപ്പം എന്തുകൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും എത്താത്തത് എന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വേഷമിട്ട നായികയാണ് നയന്‍സ്. 2004 ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകള്‍. പിന്നീട് മോഹന്‍ലാലിന്റെ നായികയായി ഒരു സിനിമയില്‍ പോലും അവര്‍ അഭിനയിച്ചിട്ടില്ല.

മോഹന്‍ലാലുമായി തന്നെ ചേര്‍ത്ത് മുമ്പുണ്ടായ ഗോസിപ്പുകളില്‍ നയന്‍താര നിലപാട് തുറന്നു പറഞ്ഞിരുന്നു. തുടക്കകാലത്ത് തന്നെ മോഹന്‍ലാലിനോടൊപ്പം രണ്ട് ചിത്രങ്ങള്‍ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. വളരെ പെട്ടെന്ന് തന്നെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരങ്ങള്‍ ലഭിച്ചത് ചില നടിമാര്‍ക്ക് തന്നോട് അസൂയ ഉണ്ടായിരുന്നു. തന്നെയും അദ്ദേഹത്തെയും ചേര്‍ത്ത് പല ഗോസിപ്പുകളും അവര്‍ പുറത്തിറക്കി എന്നാണ് നയന്‍താര പറഞ്ഞത്. മമ്മൂട്ടിയുമായി അടുത്ത ബന്ധം നയന്‍താരയ്ക്കുണ്ടായിരുന്നതുമില്ല. രണ്ടു സിനിമകളില്‍ അഭിനയിച്ചുവെന്നതാണ് മറ്റൊരു വസ്തുത. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ തസ്‌കരവീരനിലും രാപ്പകലിലും അധികം വൈകാതെ നായികയായി അഭിനയിച്ചു. പിന്നീട് ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിലും. പക്ഷേ മമ്മൂട്ടിയുമായി അവര്‍ക്ക് വ്യക്തിബന്ധം അധികം ഉണ്ടായില്ല.

അതേസസമയം 'വിസ്മയത്തുമ്പത്ത്' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ ശരിയാവുന്നില്ലെന്ന് പറഞ്ഞ്, സംവിധായകന്‍ ഫാസിലിന്റെ ഭാഗത്തുനിന്നുണ്ടായ ചില പരമാര്‍ശങ്ങളും തന്നെ തളര്‍ത്തിയതായി നയന്‍താര സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞെന്ന് ചില തമിഴ് മാധ്യമങ്ങള്‍ എഴുതിയിരുന്നു. എന്തായാലും മലയാളത്തിലെ താരങ്ങളുമായി അവര്‍ക്ക് അത്രയൊന്നും വ്യക്തിബന്ധം ഉണ്ടായിരുന്നില്ല. എന്നുതന്നെ കൈപടിച്ച് ഉയര്‍ത്തിയത് തമിഴ്- തെലുങ്ക് ഇന്‍ഡസ്ട്രിയാണെന്ന വാദമാണ് നയന്‍താരക്കുള്ളത്. അത് ശരിയാണു താനും. നയന്‍താരയെ പരിഹസിക്കാനും സൈബര്‍ ആക്രമണം നടത്താനുമാണ് മലയാളി എന്നും മുന്നില്‍ നിന്നിരുന്നതും.




അഹങ്കാരിയുടെ ഇമേജ്

രജനി, മമ്മൂട്ടി, മോഹന്‍ലാല്‍, അജിത്, വിജയ്, സൂര്യ, ചിരഞ്ജീവി, ശിവ കാര്‍ത്തികേയന്‍ എന്നു തുടങ്ങി തെന്നിന്ത്യന്‍ സിനിമയിലെ എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള അപൂര്‍വ്വ നടിമാരില്‍ ഒരാള്‍ കൂടിയാണ് നയന്‍താര. എന്നാല്‍ ഈ സൂപ്പര്‍സ്റ്റാറുകളില്‍ നിന്നെല്ലാം നയന്‍താരയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം അഭിമുഖങ്ങളോടും സിനിമാ പ്രമോഷന്‍ പരിപാടികളോടും മറ്റും കാണിക്കുന്ന വിമുഖതയാണ്. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറിനില്‍ക്കാന്‍ താരങ്ങള്‍ പോലും ആശങ്കപ്പെടുകയും, പ്രമോഷന്‍ കുറഞ്ഞാല്‍ അത് സിനിമയെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന സിനിമയുടെ സാമ്പ്രദായിക രീതികളില്‍ നിന്നും നയന്‍താര മാറിനിന്നു.

നീണ്ട പത്തുവര്‍ഷത്തോളം ഒരു മാധ്യമത്തിനു പോലും അഭിമുഖം കൊടുക്കാതെ തന്നെ തന്റെ സ്റ്റാര്‍ഡം പരിപാലിച്ചു കൊണ്ടുപോവാന്‍ നയന്‍താരയ്ക്ക് കഴിഞ്ഞുവെന്നതാണ് സത്യം. 'ഞാന്‍ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ എനിക്ക് നില്‍ക്കാനാവില്ല. പല തവണ മാധ്യമങ്ങള്‍ എന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്. എനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്റെ ജോലി അഭിനയമാണ്.എന്റെ സിനിമകള്‍ എനിക്ക് വേണ്ടി സംസാരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.'' മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാത്തതിന്റെയും സിനിമാ പ്രൊമോഷനുകളില്‍ പങ്കെടുക്കാത്തതിന്റെയും കാരണം നയന്‍താര വ്യക്തമാക്കുന്നു.

നിലപാടുകളും ജോലിയുടെ കാര്യത്തിലെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും നയന്‍താരയുടെ സൂപ്പര്‍സ്റ്റാര്‍ ഇമേജിന് തിളക്കമേകുന്നു. 'ഞാന്‍ മുഖ്യകഥാപാത്രമായ സിനിമകളില്‍, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളില്‍, സംവിധായകര്‍ ഭര്‍ത്താക്കന്മാരെയോ കാമുകന്മാരെയോ ചുറ്റിപ്പറ്റിയുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാന്‍ ചോദിക്കാറുണ്ട്,'' ഒരു അഭിമുഖത്തില്‍ നയന്‍താര പറഞ്ഞ വാക്കുകളാണ് ഇവ.

'എന്തുകൊണ്ടാണ് എല്ലായ്പ്പോഴും പുരുഷന്മാര്‍ക്ക് മാത്രം അധികാരം ഉണ്ടായിരുക്കുന്നത്. പ്രശ്‌നമെന്തെന്നാല്‍, സ്ത്രീകള്‍ ഇപ്പോഴും കമാന്‍ഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നു പറയാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെന്‍ഡര്‍ കാര്യമല്ല. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടെങ്കില്‍, ഞാന്‍ പറയുന്നത് നിങ്ങളും കേള്‍ക്കണം.'' - നയന്‍താര പറയുന്നു. ഈ ബോള്‍ഡ്‌നസ്സ്് പാട്രിയാര്‍ക്കല്‍ ടോക്‌സിക്ക് മല്ലു പൊതുബോധത്തില്‍ അഹങ്കാരം എന്നാണ് പറയുക. എന്നാല്‍ തമിഴകം അവരെ ജൂനിയര്‍ പുരെട്ച്ച് തലൈവി എന്നാണ് വിശേഷിപ്പിക്കുന്നത്! അതാണ് വ്യത്യാസം.