മുക്കം:ജീവകാരുണ്യ രംഗത്തും സാന്ത്വന പരിചരണ രംഗത്തും ലാഭേച്ച കൂടാതെ പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്.അത്തരത്തിൽ മാതൃകാപരമായ വാർത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നത്.കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത യുവതിക്ക് വൃക്ക ദാനം ചെയ്ത യുവാവിന്റെ വാർത്ത ദിവസങ്ങൾക്ക് മുൻപാണ് ശ്രദ്ധ നേടിയത്.ഇപ്പോഴിത സമാനമായ ഒരു വാർത്തകൂടിയാണ് പുറത്ത് വരുന്നത്.അപരിചിതയായ അർബുദരോഗിക്ക് അഞ്ചു ദിവസത്തോളം ആശുപത്രിയിൽ കൂട്ടിരുന്ന നസിയ എന്ന യുവതിയാണ് പുതിയ താരം.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് താമരശ്ശേരി സ്വദേശിനി നസിയാ സമീറിനെത്തേടി സുഹൃത്തിന്റെ ഫോൺ വിളി എത്തിയത്. 'ചൂലൂർ എം വിആർ. കാൻസർ സെന്ററിൽ ചികിത്സയിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാൻ ഒരാളെ കിട്ടുമോ?' എന്നതായിരുന്നു ആവശ്യം.ശ്രമിക്കാമെന്ന് പറഞ്ഞ് പരിചയത്തിലുള്ള ഹോം നഴ്സുമാരെയും മറ്റും നസിയ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ആ ദൗത്യം ഏറ്റെടുക്കാൻ സ്വയം തീരുമാനിച്ചു.

നസിയയുടെ മനസ്സിലെ നന്മ തിരിച്ചറിഞ്ഞ ഭർത്താവ് സമീറും കുടുംബാംഗങ്ങളും തടഞ്ഞില്ല.എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് ദിനാനെയും മകൾ ആറാം ക്ലാസുകാരി ഫാത്തിമ ഫെബിനെയും തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് യാത്രയാക്കി നസിയ ആശുപത്രിയിലെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന അറുപത്തിരണ്ടുകാരിക്കൊപ്പം വയോധികനായ ഭർത്താവ് മാത്രമാണ് കൂട്ടുണ്ടായിരുന്നത്. രോഗി അഞ്ചാംതവണയാണ് ശസ്ത്രക്രിയക്ക് വിധേയയാകുന്നത് എന്നറിഞ്ഞതോടെ നസിയയുടെ മനസ്സൊന്ന് പിടഞ്ഞു.

ഇവർക്ക് മൂന്നു പെൺമക്കളുണ്ടെന്നും രണ്ടുപേർ നഴ്സുമാരാണെന്നുമറിഞ്ഞതോടെ നസിയയുടെ കണ്ണ് നിറഞ്ഞു.കഴിഞ്ഞ അഞ്ചുദിവസമായി അപരിചിതയായ ആ അമ്മയ്ക്ക് കാവലും കരുതലുമായി ആശുപത്രിയിൽ നസിയ ഉണ്ടായിരുന്നു.രാവിലെ മുതൽ രാത്രി വരെ അവരെ പരിചരിക്കും. രാത്രി എട്ടുമണിയോടെ സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും.

ശനിയാഴ്ച വൈകുന്നേരം രോഗിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.അടുത്തമാസം അഞ്ചിന് തുന്നെടുക്കാൻ വീണ്ടും വരണം. സ്വന്തം വീട്ടിലേക്ക് മക്കൾ വിളിക്കാത്തതിനാൽ രോഗിയെ ചുലൂർ സി. എച്ച്. സെന്ററിൽ പ്രവേശിപ്പിച്ചു. മാർച്ച് അഞ്ചുവരെ നസിയയുടെ സ്നേഹസ്പർശം ഇനിയും ഇവർക്കുണ്ടാകും.

താമരശ്ശേരി ന്യൂട്ടൻ ഗേറ്റ് എജ്യുക്കേഷൻ കോളേജിൽ ഫാഷൻ ഡിസൈനിങ് ടീച്ചറാണ് നസിയ.കോവിഡ് മഹാമാരികാലത്ത് പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നസിയയും ഭർത്താവ് സമീറും സിപിഎം. പാലോറകുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളാണ്. ഡിവൈഎഫ്ഐ. താമരശ്ശേരി നോർത്ത് മേഖലാ വൈസ് പ്രസിഡന്റുകൂടിയാണ് നസിയ.