- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്യുമെന്ററി ഏറ്റവും വ്യാപകമായി പ്രദർശിപ്പിച്ചത് കേരളത്തിൽ; ഡി വൈ എഫ് ഐയും എസ് എഫ് ഐയും യൂത്ത് കോൺഗ്രസും മുന്നിൽ നിന്നു; യുവമോർച്ചാ എതിർപ്പ് സംഘർഷമായി; ജെ എൻ യുവിൽ കല്ലേറും പൊലീസ് കേസും; ബിബിസി ഡോക്യുമെന്ററിക്ക് വേണ്ടി ലാത്തിചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ച് പൊലീസ് പ്രതിരോധം; അനിൽ ആന്റണിക്ക് കോൺഗ്രസിൽ പദവി നഷ്ടമാകും; 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' വൈറലാകുമ്പോൾ
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററിയിൽ രാഷ്ട്രീയ വിവാദം കത്തി പടരുന്നു. വിലക്കു മറികടന്ന് പ്രതിപക്ഷ യുവജനസംഘടനകൾ പലയിടത്തും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഇത് തടയാൻ ബിജെപിയും രംഗത്തെത്തിയതോടെ പലസ്ഥലങ്ങളിലും സംഘർഷം. രാജ്യത്തുടനീളം പ്രതിഷേധവും അക്രമവും ഉണ്ടായി.
'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്റിയുടെ, ഒരുമണിക്കൂർ വരുന്ന ആദ്യഭാഗം ജനുവരി 17-നാണ് ബി.ബി.സി. പുറത്തുവട്ടത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുള്ളതായി ഡോക്യുമെന്ററി ആരോപിക്കുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ രേഖകളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി നിർമ്മിച്ചതെന്ന് ബി.ബി.സി. വിശദീകരിക്കുന്നു. എന്നാൽ ബി.ബി.സി. നിരാകരിക്കപ്പെട്ട ആഖ്യാനം കുത്തിപ്പൊക്കുകയാണെന്നും കൊളോണിയൽ മനോഭാവത്തിന്റെ തുടർച്ച പ്രതിഫലിക്കുന്നതാണ് ചിത്രമെന്നും വിദേശകാര്യവകുപ്പ് കുറ്റപ്പെടുത്തിയിരുന്നു.
ബിബിസി ഡോക്യുമെന്ററിയുടെ പ്രചാരണം പ്രതിപക്ഷം ഏറ്റെടുത്തത് കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വെട്ടിലാക്കി. 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയുടെ സമൂഹമാധ്യമ പ്രചാരണം കേന്ദ്രം കഴിഞ്ഞയാഴ്ച നിരോധിച്ചെങ്കിലും കേരളത്തിലെങ്ങും ഇന്നലെ പ്രദർശനം നടത്തി. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രദർശനത്തിനുള്ള ഇടതു വിദ്യാർത്ഥി സംഘടനകളുടെ നീക്കം കല്ലേറിലും സംഘർഷത്തിലും കലാശിച്ചു. അധികൃതർ രാത്രി വൈദ്യുതിയും വൈഫൈയും വിച്ഛേദിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികൾ ലാപ്‌ടോപ്പിലും മൊബൈൽ ഫോണുകളിലുമായി പ്രദർശനം നടത്തിയെങ്കിലും ഒരു വിഭാഗം ഇവർക്കു നേരെ കല്ലേറു നടത്തി.
കല്ലെറിഞ്ഞവരെന്ന് ആരോപിച്ച് രണ്ട് എബിവിപി പ്രവർത്തകരെ വിദ്യാർത്ഥികൾ തടഞ്ഞുവച്ചതോടെ സ്ഥിതി സംഘർഷാത്മകമായി. ഇവരെ കസ്റ്റഡിയിലെടുക്കാത്തതിൽ പ്രതിഷേധിച്ചു വിദ്യാർത്ഥികൾ വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി.വിദ്യാർത്ഥി പ്രതിനിധികളുമായി പിന്നീട് പൊലീസ് ചർച്ച നടത്തി. നടപടിയെടുക്കുമെന്ന പൊലീസിന്റെ ഉറപ്പിനെത്തുടർന്ന് പുലർച്ചെയോടെ വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.
കേരളത്തിലും സംഘർഷം
ഡോക്യുമെന്ററി ഏറ്റവും വ്യാപകമായി പ്രദർശിപ്പിച്ചത് കേരളത്തിലാണ്. ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും യൂത്ത് കോൺഗ്രസും എഐവൈഎഫുമാണ് നേതൃത്വം നൽകിയത്. ബിജെപിയും യുവമോർച്ചയും എതിർത്തതോടെ ചിലയിടങ്ങളിൽ നേർക്കുനേർ സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം മാനവീയം റോഡിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രദർശനത്തിലേക്കു തള്ളിക്കയറാൻ യുവമോർച്ചക്കാർ ശ്രമിച്ചതോടെയാണ് തലസ്ഥാനത്ത് ഏറ്റുമുട്ടൽ തുടങ്ങിയത്. വൈകീട്ട് പൂജപ്പുരയിൽ ഡിവൈഎഫ്ഐ. സംഘടിപ്പിച്ച പ്രദർശനം തടയാനെത്തിയ ബിജെപി. പ്രവർത്തർക്കുനേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് ഡിവൈഎഫ്ഐ. ജില്ലാ കമ്മിറ്റിയുടെ പ്രദർശനത്തിനിടെ പ്രകടനവുമായെത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ. പ്രദർശനത്തിനിടെയും യുവമോർച്ചയുടെ പ്രതിഷേധമുണ്ടായി.
കേരളത്തിലെങ്ങും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കാമ്പസുകളിലെങ്ങും പ്രദർശിപ്പിക്കുമെന്ന് എസ്.എഫ്.െഎ. പറഞ്ഞു. കെ.എസ്.യു.വും കാമ്പസുകളിലെ പ്രദർശനത്തിന് ആഹ്വാനംചെയ്തു. തിരുവനന്തപുരം ലോ കോളേജിൽ രാവിലെ 11.30-ന് ആദ്യപ്രദർശനം നടന്നു. ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ തിങ്കളാഴ്ച വൈകീട്ട് ഫ്രട്ടേർണിറ്റി ഗ്രൂപ്പിന്റെ (എം.എസ്.എസ്.-എസ്‌ഐ.ഒ.) നേതൃത്വത്തിൽ പ്രദർശനമൊരുക്കി.
കണ്ണൂർ സർവകലാശാല, കാസർകോഡ് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിലെ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ചു. സംസ്ഥാന വ്യാപകമായി മോദിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതു പൊലീസ് തടഞ്ഞില്ലെന്നാരോപിച്ച് കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയ ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
അനിൽ ആന്റണി വിവാദത്തിൽ
മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോൺഗ്രസിൽ വിവാദമായി. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമാണ് അനിൽ പറഞ്ഞത്. എഐസിസിയുടെയും കെപിസിസിയുടെയും ഡിജിറ്റൽ കമ്യൂണിക്കേഷൻസ് വിഭാഗത്തിലാണ് അനിൽ ആന്റണി പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി. അനിലിന്റെ നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരും രംഗത്തുവന്നു. അനിലിനെ പദവികളിൽ നിന്ന് മാറ്റിയേക്കും,. അതിനിടെ താൻ നടത്തിയ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് അനിൽ ആന്റണി ആവർത്തിക്കുകയാണ്. ഇന്ത്യയുടെ പരമാധികാരത്തിൻ മേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്നുതന്നെ കരുതുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിൽ തെറ്റില്ല, ഡോക്യുമെന്ററി നിരോധിക്കുന്നതിനോടു യോജിപ്പില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണു ഡോക്യുമെന്ററിയിലെ പരാമർശങ്ങളെന്ന് അനിൽ ആന്റണി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അനിൽ ആന്റണിയെ തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ തന്നെ രംഗത്തെത്തിയിരുന്നു. താൻ പറയുന്നതാണ് ഔദ്യോഗിക അഭിപ്രായമെന്ന് ഷാഫി പറഞ്ഞു. അനിൽ ആന്റണിക്കെതിരെ നടപടി വേണമെന്ന് റിജിൽ മാക്കുറ്റി ആവശ്യപ്പെട്ടു. അനിൽ ആന്റണി കെപിസിസി ഡിജിറ്റൽ സെല്ലിന്റെ ഭാഗമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന നടക്കുകയാണ്. സംസ്ഥാന വ്യാപകമായി കെപിസിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ