- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വീണത് വിദ്യയാക്കി റോയ് ദമ്പതികൾ; തങ്ങൾക്ക് സെബി രണ്ടു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതിനാൽ ഓഹരികൾ വിൽക്കാൻ കഴിയില്ലെന്ന് വാദം; അതിന് സെബിയുടെ മുൻകൂർ അനുമതിവേണം; അതിന്റെ ആവശ്യമില്ലെന്ന് അദാനി; ഇന്ത്യൻ മാധ്യമലോകത്തെ ഞെട്ടിച്ച എൻഡിടിവി ഏറ്റെുടുക്കൽ കോടതിയിലേക്ക്
ന്യൂഡൽഹി: ഇന്ത്യൻ മാധ്യമലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു, എൻഡിടിവി എന്ന ന്യൂസ് ചാനലിന്റെ 30 ശതമാനത്തോളം ഓഹരികൾ, വ്യവസായ പ്രമുഖനും പ്രധാനമന്ത്രി നരേന്ദേമോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനി ഏറ്റെടുത്തത്. എൻഡിടിവിയുടെ ഉടമകളായ പ്രണോയ് റോയും രാധികാ റോയും അറിയാതെയാണ്, ഒരു ഷെൽകമ്പനി വഴി അദാനി എൻഡിടിവിയിൽ കയറിക്കൂടിയത്. ഇനി മറ്റുള്ള ചെറിയ നിക്ഷേപകരുടെ കൂട്ടുപിടിച്ചും, ഓപ്പൺ മാർക്കറ്റിൽനിന്ന് ഓഹരികൾ വാങ്ങിയും വൈകാതെ, ഈ ചാനൽ അദാനി ഗ്രപ്പ് പിടിച്ചെടുക്കുമെന്നാണ് അറിയുന്നത്.
പക്ഷേ ഓഹരി ഏറ്റെടുക്കലിൽ തടസ്സവാദങ്ങൾ ഉന്നയിച്ച് എൻഡിടിവിയും രംഗത്ത് എത്തിയതോടെ ഈ ഏറ്റെടുക്കൽ കോടതി കയറുമെന്ന് ഉറപ്പായി. തങ്ങൾക്ക് ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ സെബിയുടെ വിലക്കുണ്ടെന്നും അതുകൊണ്ട് ഇടപാടിന് സെബിയുടെ അനുമതി ആവശ്യമാണെന്നും കാണിച്ച് എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയും രാധിക റോയും അദാനിയുടെ നീക്കം തടയാൻ ശ്രമിക്കയാണ്. എന്നാൽ സെബിയുടെ വിലക്ക് നിലവിലെ ഇടപാടിനെ ബാധിക്കില്ലെന്നാണ് അദാനിയുടെ നിലപാട്. സെബിയുടെ അംഗീകാരം ഇടപാടിന് ആവശ്യമില്ലെന്നാണ് അവർ വാദിക്കുന്നത്.
2020ൽ പ്രണോയ് റോയിക്കും രാധിക റോയിക്കും ഏർപ്പെടുത്തിയ രണ്ടുവർഷത്തെ വിലക്ക് നവംബർ 26ന് അവസാനിക്കാനിരിക്കെയാണ് ഇരുവരും ഓഹരി കൈമാറ്റത്തിന് തടസ്സമുന്നയിച്ചത്. ഓഹരികൾ നേരിട്ടോ പരോക്ഷമായോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ മറ്റേതെങ്കിലും തരത്തിൽ ഇടപാടുകൾ നടത്തുന്നതിനോ വിലക്ക് ബാധകമാണ്.അതേസമയം, ഇടപാട് തടസ്സപ്പെട്ടാൽ നിയമപരമായി നേരിടാനാണ് അദാനിയുടെ നീക്കം. പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ആവശ്യപ്പെട്ട് അദാനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായ്പാ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം സെബിയുടെ അധികാര പരിധിയിൽ പെടാത്തതായതിനാൽ ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കേണ്ട സാഹചര്യവുമുണ്ട്.കരാർ പ്രകാരം ഓഹരി കൈമാറണമെന്ന് ആവശ്യപ്പെട്ടാൽ രണ്ടുദിവസത്തിനകം കടംകൊടുത്തയാൾക്കോ അല്ലെങ്കിൽ അയാൾ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തിക്കൊ ഓഹരികൾ നൽകേണ്ടതുണ്ട്. അല്ലെങ്കിൽ കരാർ ലംഘനമാകുമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അദാനിയുടെ എൻഡിടിവി ഏറ്റെടുക്കൽ ഒരു ലോകം ശ്രദ്ധിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ വ്യവഹാരമായി മാറുമെന്ന് ഉറപ്പാണ്.
ഉർവശീശാപം ഉപകാരം അവുമോ?
സംഘപരിവാറിനെയും മോദിയെയുമെല്ലാം നിരന്തരമായി വിമർശിക്കുന്നതിന്റെ പേരിലുള്ള പ്രതികാര നടപടിയെന്ന രീതിയിലാണ് റോയ് ദമ്പതികളെ കേന്ദ്രം സെബി കേസുകളിൽ കുടക്കിയത് എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പക്ഷേ അതാണ് ഇപ്പോൾ അവർക്ക് തുണയാവുന്നത്. ശരിക്കും ദേശീയ മാധ്യമങ്ങൾക്കിടയിൽ ഒറ്റയാൻ ആയിരുന്നു എൻഡിടിവി.
അർണാബ് ഗോസ്വാമിയും, ടൈംസ് നൗവും, ഇന്ത്യാ ടുഡേയുമെല്ലാം കേന്ദ്രത്തിന്റെ പിആർ എജൻസികൾപോലെ ആയപ്പോൾ, എൻഡിടിവി വേറിട്ടുനിന്നു. മോദി 2014ൽ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്ര സർക്കാർ പരസ്യ ദാതാക്കൾ വഴി എൻഡി ടിവിയിൽ സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2002 ഗുജറാത്ത് കലാപത്തേക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇതിന് കാരണമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. 2016ൽ എൻഡിടിവിയുടെ ഹിന്ദി ന്യൂസ് ചാനൽ നിരോധിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചത്, മാധ്യമ ലോകത്തുനിന്നുള്ള രൂക്ഷ പ്രതിഷേധങ്ങളെ തുടർന്നാണ്.
എന്നാൽ, ചാനലിന്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷണ ഏജൻസികളെ എൻഡിടിവിയിലേക്ക് ക്ഷണിച്ചു വരുത്തുന്നതായി മാറി. പ്രണോയ് റോയിയുടേയും രാധികാ റോയിയുടേയും ഡൽഹിയിലെ വീട് 2017ൽ സിബിഐ റെയ്ഡ് ചെയ്തു. 2019ൽ എൻഡി ടിവിയുടെ മാനേജീരിയൽ-ബോർഡ് സ്ഥാനങ്ങളിൽ നിന്ന് രണ്ട് വർഷത്തേക്ക് പ്രണോയ്-രാധികാ റോയ്മാരെ സെബി മാറ്റി നിർത്തി. 2020 ഡിസംബറിൽ ഇരുവർക്കുമെതിരെ സെബി 27 കോടി പിഴ ചുമത്തി. പക്ഷേ വെറും സാങ്കേതിക നൂലാമാലകളിൽ പിടിച്ചുള്ള പ്രതികാര നടപടികളാണ് ഇവയെന്ന് പരക്കെ വിമർശിക്കപ്പെട്ടു. ഇതിലുള്ള കേസുകൾ നടന്നുവരികയാണ്.പക്ഷേ ഇപ്പോൾ സെബിയുടെ വിലക്ക് ഉള്ള സമയത്താണ് കൈമാറ്റം നടന്നത് എന്നതാണ് റോയ് ദമ്പതികൾക്ക് തുണയാവുന്നതെന്ന്, പ്രമുഖ മാധ്യമമായ ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്തു. എന്നാൽ തങ്ങൾക്ക് ഇതൊന്നും യാതൊരു പ്രശ്നവും അല്ലെന്നും, എല്ലാ നിയമവശങ്ങളും പഠിച്ചതിനുശേഷമാണ്, ഈ ഏറ്റുടുക്കൽ നടന്നത് എന്നും കോടതിയിൽ അന്തിമ ജയം തങ്ങൾക്ക് ആവുമെന്നും തന്നെയാണ് അദാനി ഗ്രൂപ്പ് പ്രതികരിക്കുന്നത്.
എല്ലാം ആസൂത്രിത നീക്കങ്ങൾ
സമയമെടുത്ത് വളരെ ബുദ്ധിപൂർവം സമയമെടുത്ത് എൻഡിടിവി പിടിക്കുക, എന്ന തന്ത്രമാണ് അദാനി ഗ്രൂപ്പ് പയറ്റിയത്. റോയ് ദമ്പതികളുടെ നിയന്ത്രണത്തിലുള്ള, ആർആർപിആർ ഹോൾഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ കൈയിലുള്ള പ്രമോട്ടർ കമ്പനിയാണ്. ഇവരെയാണ് പതുക്കെ പതുക്കെ അദാനി വിഴുങ്ങിയത്. 2009ൽ എൻഡിടിവി വല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോയപ്പോൾ, ആർആർപിആർ വഴി വായ്‌പ്പക്ക് പോയതാണ് ഇപ്പോൾ പ്രണോയ് റോയ്ക്ക് തിരിച്ചടിയായത്. വിസിപിഎൽ എന്ന വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്നാണ് ആർആർപിആർ 403.85 കോടി രൂപ വായ്‌പ്പയെടുത്തത്.
ഡിബെഞ്ചറുകൾ എന്ന ഇത്തരം കടം എടുക്കുമ്പോൾ കടം കൊടുക്കുന്ന കമ്പനികൾ പലപ്പോഴും ചില കണ്ടീഷനുകൾ വെക്കാറുണ്ട്. തങ്ങൾ ആവശ്യപെട്ടാൽ ഈ ഡിബഞ്ചറുകൾക്ക് പകരം, കടം എടുക്കുന്ന കമ്പനിയുടെ ഷെയർ ആയി മാറ്റുന്നതാണ് അതിൽ ഒന്ന്. ഇപ്പോൾ വിസിപിഎൽ എന്ന കടം കൊടുത്ത കമ്പനി, അത് ഷെയർ ആക്കി മാറ്റണം എന്ന് ആർആർപിആറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നുവച്ചാൽ ആർആർപിആർ എന്ന കമ്പനിയുടെ 99 ശതമാനം ഷെയറുകളും ഇനി വിസിപിഎല്ലിന്റെത് ആകും. ഈ വിസിപിഎൽ എന്നത് അദാനിയുടെ കമ്പനിയാണെന്നത് എൻഡിടിവി ഉടമകൾ അറിഞ്ഞിരുന്നില്ല. അദാനിയുടെ എഎംജി നെറ്റ് വർക്ക് എന്ന മീഡിയാ ഗ്രൂപ്പ്, തങ്ങളുടെ അനുബന്ധ സ്ഥാപനമായ വിസിപിഎല്ലിൽനിന്ന് എൻഡിടിവിയുടെ ഓഹരികൾ വാങ്ങിയെന്ന് അറിയിച്ചതോടെയാണ് ലോകവും ഇക്കാര്യം അറിഞ്ഞത്. അങ്ങനെ ആളറിയാതെ വായ്‌പ്പകൊടുത്ത് അദാനി എൻഡിടിവിയിൽ കയറിപ്പറ്റിയെന്ന് ചുരുക്കം.
ഇനി ഓപ്പൺ ഓഫറിലൂടെയും അദാനിക്ക് ഓഹരി സ്വന്തമാക്കാൻ കഴിയും. പ്രൊമോട്ടർ ഗ്രൂപ്പിന് പുറത്തുള്ള ഏതൊരു എൻഡിടിവി ഷെയർഹോൾഡർക്കും അവരുടെ ഓഹരികൾ അദ്ദേഹത്തിന് വിൽക്കാൻകഴിയും. എൻഡിടിവിയുടെ ഓഹരിയുടമകളിൽ 29,691 വ്യക്തികളും, 947 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. 23.85 ശതമാനമാനം ഓഹരികളാണ് ഇങ്ങനെ പബ്ലിക്കിന്റെ കൈയിലുള്ളത്.
എൻഡിടിവിയിൽ ഷെയർ ഉള്ള രണ്ടു മൗറീഷ്യസ് ബേസ്ഡ് കമ്പനികൾ അദാനിക്ക് ഒപ്പമാണ്. ഒന്ന് എൽടിഎസ് ഇൻവെസ്റ്റ് മെന്റ് ഫണ്ട്. അവർക്ക് എൻഡിടിവിയിൽ 9.75 ശതമാനം ഷെയർ ഉണ്ട്. രണ്ട്, വികാസ് ഇന്ത്യ ഇഐഎഫ്ഐ ഫണ്ട്. ഈ കമ്പനി 4.42 ശതമാനം ഷെയർ ഉടമകളാണ്. ഈ രണ്ടുകമ്പനികളും ഇപ്പോൾ തന്നെ അദാനിയുടെ വിവിധ കമ്പനികളിൽ ഷെയർ ഉള്ളവയാണ്.
അതായത് വിസിപിഎൽ വഴി കിട്ടുന്ന 29 ശതമാനം ഷെയറും, മൗറീഷ്യൻ കമ്പനികളായ ടിഎസ് ഇൻവെസ്റ്റ് മെന്റ് ഫണ്ട് എന്ന കമ്പനിയുടെ 9.75 ശതമാനം ഷെയറും, വികാസ് ഇന്ത്യ ഇഐഎഫ്ഐ ഫണ്ടിന്റെ 4.42 ശതമാനം ഷെയറും കൂട്ടിയാൽ 43 .17 ശതമാനം ഷെയർ അദാനിയുടെ നിയന്ത്രണത്തിൽ ഇപ്പോൾ തന്നെ ആയി! ഓപ്പൺ ഓഫർ 26 ശതമാനമാണ്. ഇനി ഓർപ്പൻ മാർക്കറ്റിൽനിന്ന് വെറും 8 ശതമാനം കൂടി കിട്ടിയാൽ കമ്പനിയുടെ നിയന്ത്രണം റോയ്് ദമ്പതികളിൽ നിന്ന് പോവും. നിലവിലെ സാഹചര്യത്തിൽ അദാനിക്ക് അത് നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളൂ. അതോടെ എൻഡിടിവിയിൽനിന്ന് അതിന്റെ സ്ഥാപകർ ആയ റോയ് ദമ്പതികൾ പടിയിറങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. റോയ് ദമ്പതികൾ ആവട്ടെ തങ്ങൾ പടുത്തുയർത്തിയ ഒരു സ്ഥാപനം നഷ്ടപ്പെട്ടുപോവാതിരിക്കാനള്ള തീവ്ര ശ്രമത്തിലും.