പത്തനംതിട്ട: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിനും കുടുംബത്തിനും പൊലീസ് സ്റ്റേഷനുകളിൽ സുഖവാസം. അറസ്റ്റിലായി റിമാൻഡ് ചെയ്ത് രണ്ടു മാസമാകുന്നെങ്കിലും ഏറിയ കൂറും ഇവർ പൊലീസ് കസ്റ്റഡിയിൽ തന്നെ ആയിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസുകളിൽ ഏറിയ പങ്കും കൈമാറിയിട്ടുണ്ട്. ശേഷിച്ചതും കൈമാറും. അതിനിടെയാണ് ലോക്കൽ പൊലീസ് രണ്ടു ദിവസം മുതൽ ഒരാഴ്ച വരെ ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നത്. തെളിവെടുപ്പിന് എങ്ങും കൊണ്ടു പോകുന്നില്ല. പൊലീസ് സ്റ്റേഷനിൽ കൊണ്ടിരുത്തും. കാണേണ്ടവരെ കാണാനും ഇഷ്ടഭക്ഷണം കഴിക്കാനും ആവശ്യക്കാരെ ബന്ധപ്പെടുന്നതിനും യാതൊരു തടസവുമില്ല.

ഏറ്റവും ഒടുവിലായി ഇലവുംതിട്ട പൊലീസാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. മുളക്കുഴ പിരളശേരി കളീക്കൽ ആലീസ് വർഗീസ് നൽകിയ പരാതിയിലാണ് രണ്ടു ദിവസത്തേക്ക് എൻ.എം. രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ, അൻസൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. രാജുവിനും കുടുംബത്തിനുമെതിരേ 16 കേസുകളാണ് ഇലവുംതിട്ട സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 7.50 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് മടക്കി കിട്ടാനുള്ളത്. സംസ്ഥാനമൊട്ടാകെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ 31 എണ്ണം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും.

സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യപ്രതി എൻ.എം. രാജുവാണ്. ആവശ്യമെങ്കിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങിയാൽ മതി. പക്ഷേ, പ്രതികളെ കുടുംബസമേതം കസ്റ്റഡിയിൽ വാങ്ങി സുഖതാമസവും ഭക്ഷണവും നൽകുകയാണെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു. തിരുവല്ല പൊലീസ് ഒരാഴ്ചയോളം ഇവരെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പുറത്തേക്ക് പക്ഷേ, തെളിവെടുപ്പിന് കൊണ്ടു പോയില്ല. പിന്നാലെ കോട്ടയം ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ, ആറന്മുള, ഇലവുംതിട്ട ഇങ്ങനെ കസ്റ്റഡികൾ തുടരുകയാണ്. ബഡ്സ് ആക്ട് പ്രകാരം എടുത്ത കേസ് ആയതിനാൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കാലതാമസം നേരിടും. ഇത് മറികടക്കാൻ വേണ്ടിയുള്ള നാടകമാണ് പൊലീസ് കസ്റ്റഡി എന്ന നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ നേതാക്കൾ പറഞ്ഞു.

കേരളാ കോൺഗ്രസിന്റെ മുൻ സംസ്ഥാന ട്രഷറർ ആണ് എൻഎം രാജു. അതുകൊണ്ട് തന്നെ ഭരണപക്ഷത്തു നിന്നുള്ള ആനുകൂല്യങ്ങളും ഇയാൾക്കും കുടുംബത്തിനും ലഭിക്കുന്നുവെന്നാണ് ആക്ഷേപം.