പത്തനംതിട്ട: തട്ടിപ്പു കേസിൽ പ്രതിയായി ജയിലിൽ കിടക്കുകയായിരുന്നിട്ടും പൊലീസിലും സർക്കാരിലും തിരുവല്ല നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജുവിനുള്ള സ്വാധീനത്തിന് കുറവില്ലെന്ന് പണം പോയ നിക്ഷേപകർ. പൊലീസിൽ നിന്ന് നീതിയില്ല. തുറന്നിരിക്കുന്ന ശാഖകളിൽ ചെന്നാൽ ജീവനക്കാരുടെ ഭീഷണി. ചികിൽസയ്ക്കും കുട്ടികളുടെ പഠനത്തിനുമായി നിക്ഷേപിച്ചിരുന്ന ലക്ഷങ്ങൾ എപ്പോൾ തിരികെ കിട്ടുമെന്ന് അറിയാതെ ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് നെടുമ്പറമ്പിൽ നിക്ഷേപകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മൂവാറ്റുപുഴ കുറുപ്പംപടി സ്വദേശി ജോസഫ് കുര്യാക്കോസ് ഒരു അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് സാധാരണ ജീവിതം നയിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇദ്ദേഹത്തിന് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ മുഖേനെ ലഭിച്ച നഷ്ടപരിഹാരം 38 ലക്ഷം രൂപ നെടുമ്പറമ്പിൽ ഫിനാൻസിന്റെ ശാഖയിൽ നിക്ഷേപിച്ചിരുന്നു. ജീവനക്കാരിയായ മേരി മുഖേനെ ഉടമ അലൻ ആണ് പണം കൈപ്പറ്റിയത്. കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി സ്വരുക്കൂട്ടിയിരുന്ന പണമാണ്. ശരീരം അനങ്ങി ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രതിമാസം വലിയ പലിശ കിട്ടുമെന്ന കണക്കു കൂട്ടലിലാണ് പണം നിക്ഷേപിച്ചത് എന്ന് ജോസഫ് പറയുന്നു. ഇത് തിരികെ കിട്ടാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിലായ തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമയും കേരളാ കോൺഗ്രസ് എം മുൻ സംസ്ഥാന ട്രഷററുമായ എൻ.എം. രാജുവിനും കുടുംബത്തിനും പൊലീസും രാഷ്ട്രീയക്കാരും തുണയാണെന്ന് നിക്ഷേപകർ ആരോപിച്ചു. ഇതിനെതിരേ നിക്ഷേപകരുടെ യോഗം വിളിച്ചു ചേർത്ത് സമരം ശക്തമാക്കുമെന്നും അവർ അറിയിച്ചു.

നിക്ഷേപത്തട്ടിപ്പിന് ഇരയായ എഴുപത്തിയഞ്ചോളം പേരാണ് നിലവിൽ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുള്ളത്. 20 കോടി രൂപയുടെ തട്ടിപ്പാണ് ഇത്രയും പേർക്ക് നേരിടേണ്ടി വന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി നിക്ഷേപകർക്ക് പണം നഷ്ടമായിട്ടുണ്ട്. എൻ.എം.രാജുവും ഭാര്യയും രണ്ടു മക്കളും ഈ കേസിൽ റിമാൻഡിലാണ്. പല നിക്ഷേപകരുടെയും പരാതി ലഭിച്ചിട്ടും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ആരോപണം. ഇനി രജിസ്റ്റർ ചെയ്തെങ്കിലും അത് കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും നിക്ഷേപകർ പറഞ്ഞു. പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്ന നിക്ഷേപകരെ ഇറക്കി വിടുന്ന അവസ്ഥ ഉണ്ടായി. വലിയ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ ശാഖകൾ ഇപ്പോഴും തുറന്നു പ്രവർത്തിക്കുകയാണ്. പണം തിരികെ ആവശ്യപ്പെട്ട് ചെല്ലുന്നവരെ ഫിനാൻഷ്യൽ കൺട്രോളർ ഏബ്രഹാം ഫിലിപ്പും റീജിയണൽ മാനേജർ കെ.എ. ജോസഫും ഭീഷണിപ്പെടുത്തുകയാണെന്ന് നിക്ഷേപകർ ആരോപിച്ചു. പരാതി കൊടുത്തവർക്കും കേസുമായി പോയവർക്കും പണം തിരികെ നൽകില്ലെന്നാണ് ഭീഷണി.

രാഷ്ട്രീയ പിന്തുണയോടെ എൻ.എം. രാജുവും കുടുംബവും ജാമ്യത്തിൽ പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ദീർഘനാളത്തെ ഗൂഢാലോചനകളുടെ ഫലമായാണ് നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് ആയിരം കോടിയിൽ അധികം രൂപ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്? എന്ന ധനകാര്യ സ്ഥാപനത്തിലൂടെ തട്ടിയെടുത്തതെന്ന് നിക്ഷേപകർ പറഞ്ഞു. നിക്ഷേപകരുടെ പരാതിയെ തുടർന്ന് മെയ് ഏഴിനാണ്? രാജുവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തത്. ഇപ്പോഴും മിക്ക ബ്രാഞ്ചുകളും കേരളത്തിൽ ഉടനീളം തുറന്ന് പ്രവർത്തിക്കുന്നു. അതിലൂടെ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയും വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ സ്വാധീനങ്ങളെ തുടർന്നാണ് ബ്രാഞ്ചുകൾ തുറന്ന് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ഒരു വർഷമായി വിവിധ ബ്രാഞ്ചുകളിൽ പണം തിരികെ ചോദിച്ച് എത്തുന്ന നിക്ഷേപകരെ ഓരോ കാരണങ്ങൾ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. മിക്കവരുടെയും സമ്പാദ്യം മുഴുവൻനഷ്ടമായി. കോടികൾ നിക്ഷേപിച്ചവർ വരെയുണ്ട്. നിക്ഷേപകരിൽ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരാണ്. ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും, വിവാഹ ആവശ്യത്തിനും മറ്റും കരുതിയിരുന്ന പണം നഷ്ടപ്പെട്ടതിന്റെ കടുത്ത സമ്മർദ്ദത്തിലാണ് എല്ലാവരും. വഞ്ചനയുടെ വലിയ സൂത്രധാരനായിരിക്കുന്ന എബ്രഹാം ഫിലിപ്പിനെയും കെ.എ. ജോസഫിനെയും അറസ്റ്റ് ചെയ്യണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടിട്ടുംഅധികാരികൾ തയ്യാറായില്ല. പണം മാത്രമല്ല പണയം വച്ച സ്വർണ്ണ ഉരുപ്പടികളും എല്ലാവർക്കും നഷ്ടപ്പെട്ടു. നിക്ഷേപിച്ച പണം പലതവണയായി തിരികെ തരാൻ ആവശ്യപ്പെട്ടപ്പോൾ എൻ.എം.രാജു ഭീഷണിപ്പെടുത്തുകയായിരുന്നു

നിക്ഷേപകരിൽ ചിലരെ കൈയേറ്റം ചെയ്യുവാനും ശ്രമിച്ചിരുന്നു. ഇതിനെല്ലാം പൊലീസ് ഒത്താശയുമുണ്ടായിരുന്നു. ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. നിക്ഷേപകരുടെ പരാതിയിൽ എഫ്.ഐ.ആർ എടുക്കുവാൻ പോലും മിക്ക പൊലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ തയാറല്ല . ബ്രാഞ്ച് മാനേജർമാർ തെളിവുകൾ നശിപ്പിക്കാനും തുടങ്ങി. എൻ.എം. രാജവും കുടുംബവും ജാമ്യത്തിൽ വന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. പൊലീസ് സഹായത്തോടെ കേസ് അട്ടിമറിക്കാനും നീക്കങ്ങൾ നടക്കുന്നു. കേസുകൾ കോടതിയിലേക്ക് അയക്കാതിരിക്കുവാൻ കാലതാമസം വരുത്താനുള്ള പദ്ധതികളും ആസുത്രണം ചെയ്തു കഴിഞ്ഞു. ജയിലിനകത്തും സന്തോഷത്തോടെയാണ് ഇവർ കഴിയുന്നത്. കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമര പരിപാടികൾ ശക്തമാക്കുമെന്ന് വി. എം. മാത്യൂ, ജോസഫ് കുര്യാക്കോസ്, ഷെറി വർഗീസ്, മാത്തുക്കുട്ടി, ഷിനി ജോസ് എന്നിവർ അറിയിച്ചു.