- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ
പത്തനംതിട്ട: നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെത്തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും അറസ്റ്റിലായത് നിർണ്ണായക നീക്കങ്ങളിൽ. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ കുറ്റപ്പുഴ നെടുമ്പറമ്പിൽ എൻ.എം. രാജു (64), ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലെ വീട്ടിൽനിന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു അറസ്റ്റ്.
എൻ.എം. രാജു കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാണ്. നിക്ഷേപത്തട്ടിപ്പിന് തിരുവല്ല സ്റ്റേഷനിൽ പന്ത്രണ്ടും പുളിക്കീഴ് സ്റ്റേഷനിൽ നാലും കേസുകളുണ്ട്. ഈ കേസുകളിൽ രണ്ട് കോടിയോളം രൂപ തിരിച്ചുകൊടുക്കാനുണ്ടെന്ന് ഡിവൈ.എസ്‌പി. എസ്. അഷാദ് പറഞ്ഞു. കേരളത്തിൽ പലയിടത്തായി 150 ശാഖകളുള്ള സ്ഥാപനമാണ് നെടുമ്പറമ്പിൽ. മറ്റ് പൊലീസ് സ്റ്റേഷനുകളിലും നിക്ഷേപത്തട്ടിപ്പിന് പരാതി ലഭിച്ചുതുടങ്ങി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകർ പലവട്ടം തിരുവല്ലയിലെ ഹെഡ് ഓഫീസിലും രാജുവിന്റെ വീട്ടിലും എത്തിയിരുന്നു. വിവിധ തീയതികളിൽ പണം നൽകാമെന്ന ഉറപ്പ് നൽകി ഇവരെ രാജു മടക്കി. ധനകാര്യ സ്ഥാപനത്തിന്റെ സഹ പാർട്ണർമാരാണ് കുടുംബാംഗങ്ങൾ. ആദ്യഘട്ടത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയവർക്ക് മധ്യസ്ഥ ചർച്ചയിലൂടെ പണം തിരികെ നൽകിയിരുന്നു. പിന്നീട് ഇതിന് കഴിയാതെ പോയി. ഇതോടെയാണ് അറസ്റ്റുണ്ടായത്. പണം വകമാറ്റി ചെലവിട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്.
ധനകാര്യ സ്ഥാപനത്തിന് പുറമേ റിയൽ എസ്റ്റേറ്റ്, ടെക്സ്‌റ്റൈൽസ്, വാഹന ഡീലർഷിപ്പ് തുടങ്ങിയ മേഖലകളിലും എൻ.എം. രാജു നിക്ഷേപം നടത്തി. ഈ കച്ചവടമെല്ലാം പൊളിഞ്ഞു. ഇതാണ് പ്രതിസന്ധിക്ക് കാരണമായി മാറിയത്. പണം അതിവേഗം ഇരട്ടിച്ച് കോടീശ്വരനാകുകയായിരുന്നു രാജുവിന്റെ തന്ത്രം. ഇതിനാണ് പല മേഖലകളിൽ പണം മുടക്കിയത്. ഇത് അറസ്റ്റായി മാറി. പ്രതികളെ പൊലീസ് റിമാൻഡും ചെയ്തു. അങ്ങനെ ഒരു കുടുംബമാകെ തട്ടിപ്പു കേസിൽ അകത്തായി. കേരളത്തിലെ അപൂർവ്വ അറസ്റ്റുകളിൽ ഒന്നാണ് ഇത്.
നൂറു കണക്കിന് നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവി (രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. കേരളാ കോൺഗ്രസ് എം സംസ്ഥാന ട്രഷറർ ആയിരുന്നു രാജു. മൂന്നു മാസം മുൻപ് ഇദ്ദേഹത്തെ ആ പദവിയിൽ നിന്ന് നീക്കം ചെയ്തുവെന്ന് പറയുന്നു. കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റായിരുന്നു. കെ.എം. മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. രാജുവിനെതിരേ നിരവധി പരാതികൾ വന്നെങ്കിലും പൊലീസ് നടപടി എടുക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമായിരുന്നു.
അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശമലയാളികളിൽ നിന്നാണ് രാജുവിന്റെ നെടുമ്പറമ്പിൽ സിൻഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. നെടുമ്പറമ്പിൽ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങളും വാഹന വിൽപ്പന ഷോറൂമുകളും വസ്ത്രവ്യാപാര സ്ഥാപനവും ഉണ്ട്. ഇവിടെ നിന്ന് ഏറെ നാളായി നിക്ഷേപകർക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ചെറിയ തുകകൾ ഉള്ളവർ പൊലീസിൽ പരാതി നൽകുമ്പോൾ ഒത്തു തീർപ്പ് ചർച്ച നടത്തി മടക്കി നൽകിയിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾ ആണ് എൻ.എം. രാജുവിനെ ചതിച്ചതെന്നാണ് പറയുന്നത്.
കഴിഞ്ഞ വർഷം തന്നെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ റിപ്പോർട്ട് നൽകിയിരുന്നു. കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ കരിക്കിനേത്ത് സിൽക്സ് വാങ്ങി എൻസിഎസ് വസ്ത്രം എന്ന പേരിൽ തുണിക്കടകൾ തുടങ്ങിയിരുന്നു. ഇത് വാങ്ങിയ വകയിൽ കരിക്കിനേത്ത് ഉടമയ്ക്ക് ഇപ്പോഴും കോടികൾ നൽകാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നൽകാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടക നൽകാതെ ഇരിക്കാൻ കഴിയില്ലെന്ന് വിശ്വാസികൾ അറിയിക്കുകയും കടയ്ക്ക് മുന്നിൽ സമരം തുടങ്ങുകയും ചെയ്തിരുന്നു.
അടുത്ത കാലത്ത് എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റ് പുതിയ പേരുകളിലും പ്രത്യക്ഷപ്പെട്ട് പിടിച്ചു നിൽക്കാൻ ശ്രമം നടത്തിയിരുന്നു. ടാറ്റ, കിയ കാറുകളുടെ ഷോറൂമകളും എൻസിഎസിന്റെ പേരിലുണ്ട്. ഇതെല്ലാം നിലവിൽ പ്രവർത്തന രഹിതമാണ്.