കാലിഫോർണിയ: 14 മാസം നീണ്ട നിശബ്ദതയ്‌ക്കൊടുവിൽ, ഒരു അച്ഛന്റെ പ്രാർത്ഥനകളും ഒരു നാടിന്റെ കാത്തിരിപ്പും വിഫലമാക്കി നീലം തനാജി ഷിൻഡെ യാത്രയായി. കാലിഫോർണിയയിലെ സാക്രമെൻഡോയിൽ വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്ന് കോമയിലായിരുന്ന ഈ 35-കാരി, മരണത്തിലും മാതൃകയായാണ് വിടവാങ്ങിയത്.ശസ്ത്രക്രിയകളും തീവ്രപരിചരണവും തുടർന്നെങ്കിലും മരണം കീഴടക്കുകയായിരുന്നു.

മരണശേഷം നീലത്തിന്റെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്തു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോവുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ നീലം ചികിത്സയ്ക്കിടെ അണുബാധയുൾപ്പെടെയുള്ള സങ്കീർണ്ണമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. നില വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസം 28-ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. നീലം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്ന കുടുംബത്തിന് ഈ വിയോഗം ഇരട്ടി ആഘാതമായി.

അപകടവാർത്തയറിഞ്ഞ് മകളെ കാണാൻ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച പിതാവ് ആനന്ദ് ഷിൻഡെയ്ക്ക് ആദ്യം വീസ നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയർന്നതോടെയാണ് പിന്നീട് വീസ അനുവദിച്ചത്. മകളുടെ അവസ്ഥയിൽ മനംനൊന്ത് നീലത്തിന്റെ അമ്മ നേരത്തെ മരിച്ചിരുന്നു. അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായതോടെ ആനന്ദ് ഷിൻഡെ ജീവിതത്തിൽ ഒറ്റപ്പെട്ടു. ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവദാനത്തിന് സമ്മതപത്രം നൽകിയിരുന്ന നീലത്തിന്റെ ആഗ്രഹം ബന്ധുക്കൾ നിറവേറ്റി.

ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അമേരിക്കയിൽ നടക്കും. മകൾ അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞത് മുതൽ പിതാവ് തനാജി ഷിൻഡെയും കുടുംബവും അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതമാണ്. മകളെ ഒന്ന് കാണാൻ അമേരിക്കയിലെത്താൻ അവർക്ക് മുന്നിൽ പണമില്ലായിരുന്നു. കയ്യിലുണ്ടായിരുന്ന സ്വർണ്ണവും കൃഷിഭൂമിയും പണയപ്പെടുത്തിയും കടം വാങ്ങിയും ആറ് ലക്ഷം രൂപ ബാങ്ക് ബാലൻസ് കാണിച്ചാണ് വിസയ്ക്കുള്ള വഴി തെളിച്ചത്.

രണ്ട് മാസം മകൾക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും അബോധാവസ്ഥയിലുള്ള മകളെ നോക്കി നിൽക്കുന്നത് ആ അച്ഛന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷവും തനാജി ആ ആഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം സംസ്കാര ചടങ്ങുകൾക്കായി പിതാവിനും അമ്മാവനും ഇപ്പോൾ അമേരിക്കയിലേക്ക് പോകാൻ കഴിയുന്നില്ല എന്നതും ദുഃഖകരമായി. കാലിഫോർണിയയിലുള്ള പിതൃസഹോദരിയുടെ മേൽനോട്ടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.