തിരുവനന്തപുരം: മെഡിക്കൽ കോഴ്സുകളുടെ പ്രവേശനത്തിന് ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയായ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് എന്ന നീറ്റ്, 25ലക്ഷത്തോളം പേർ എഴുതിയ രാജ്യത്തെ ഏറ്റവും സുപ്രധാനമായ പരീക്ഷയാണ്. ചോദ്യപേപ്പർ ചോർച്ചയും, കോപ്പിയടിയും, ഗ്രേസ്മാർക്ക് നൽകലും അടക്കം അതി ഗുരുതരമായ ആരോപണങ്ങളാണ് ഈ വർഷത്തെ നീറ്റ് ഫലം വന്നപ്പോൾ ഉയർന്നത്. പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

അപ്പോഴും കാര്യങ്ങൾ കൃത്യമായ വിശദീകരിക്കാൻ പരീക്ഷയുടെ നടത്തിപ്പുകരായ നാഷണൽ ടെസറ്റിങ് എജൻസി എന്ന എൻടിഎക്ക് കഴിയുന്നില്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ പരിശോധിക്കാൻ നാലംഗ സമിതി രൂപീകരിച്ച് കൈ കഴുകിയിരിക്കയാണ് ഇവർ. എൻടിഎ ചെയർമാൻ സുബോധ് കുമാർ സിങ് ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കും. ആറ് സെന്ററുകളിലെ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നൽകിയതാണ് പരിശോധിക്കുക. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റു പരാതികളും സമിതി പരിശോധിക്കും. യുപിഎസ്‌സി മുൻ ചെയർമാൻ അധ്യക്ഷനായ സമിതി ഒരാഴ്‌ച്ച കൊണ്ട് റിപ്പോർട്ട് നൽകും.

എന്നാൽ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം സുബോധ് കുമാർ സിങ് തള്ളി. എൻടിഎ സുതാര്യമായ ഏജൻസിയാണ്. ഈ വർഷം ചില പരാതികൾ ഉയർന്നു. 44 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതോടെ മുഴുവൻ മാർക്ക് കിട്ടി. ആറ് സെന്ററുകളിലാണ് സമയക്രമത്തിന്റെ പരാതി ഉയർന്നത്. അവിടുത്തെ വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകിയതെന്ന് എൻടിഎ ചെയർമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാന പരാതികൾക്ക് മറുപടിയില്ല

പക്ഷേ വിദ്യാർത്ഥി സംഘടനകളും അദ്ധ്യാപകരും ഉന്നയിച്ച പ്രധാന ആരോപണങ്ങൾക്ക് ഒന്നും എൻടിഎ മറുപടി പറയാൻ കഴിഞ്ഞില്ല. സമയം കുറഞ്ഞുപോയി എന്ന് പരാതിയുണ്ടായ ഒരുപാട് കുട്ടികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. മൂന്നേകാൽ മണിക്കുറുള്ള പരീക്ഷ 3 മണിക്കുർ ആണെന്ന് തെറ്റിദ്ധരിച്ച പല ഇൻവിജിലേറ്റർമാരും പലയിടത്തും അവസാനിപ്പിച്ചിട്ടുണ്ട്. ഇവർക്കൊന്നും ഗ്രേസ്മാർക്് കൊടുത്തിട്ടില്ല. ഈ ഗ്രേസ് മാർക്ക് എന്ന് പറയുന്നതുപോലും മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമാണ്.

ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറ് പേർ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നാണ് എൻടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്.

മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്. മൂൻകാലത്ത് ഒരു പ്രത്യേക സാഹചര്യത്തിലെ കോടതി വിധി എങ്ങനെയാണ് ഇപ്പോൾ പ്രസക്തമാവുക എന്ന ചോദ്യത്തിനും എൻടിഎക്ക് മറുപടിയില്ല. അതുപോലെ ജൂൺ 14നു പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലം 10 ദിവസം മുൻപ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ പ്രസിദ്ധീകരിച്ചത് എന്തിനാണെന്ന ചോദ്യത്തിനും എൻടിഎക്ക് മറുപടിയില്ല.

2024 മെയ്-5ന് നടന്ന നീറ്റ് പരീക്ഷ തുടക്കം മുതൽ വിവാദമായിരുന്നു. 2 മണിക്ക് തുടങ്ങിയ പരീക്ഷ വൈകീട്ട് 5.20നാണ് അവസാനിക്കുന്നത്. എന്നാൽ വൈകീട്ട് നാലുമണിക്ക് തന്നെ ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. എന്നാൽ ഇത് ഗൗരവമുള്ള കാര്യമല്ലെന്നും, നിർബന്ധം പിടിച്ച് നേരത്തെ ഇറങ്ങിപ്പോയ ഒരു കുട്ടി പ്രചരിപ്പിച്ചതാണെന്നും, പരീക്ഷ പകുതിയായതിനാൽ അത് ചോർച്ചയായി കണക്കാക്കാൻ കഴിയില്ല എന്നുമായിരുന്നു, ഇത് വാർത്തയായപ്പോൾ എൻടിഎയുടെ പ്രതികരണം. പക്ഷേ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും, നീറ്റ് ചോദ്യപേപ്പർ ചോർന്നതിന്റെ വാർത്തകൾ പുറത്തുവന്നു. ബീഹാറിലെ പാറ്റ്നയിൽ ഇതിന്റെ പേരിൽ 17 പേർക്ക് എതിരെ കേസെടുത്തു. ആദ്യം ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച പൊലീസ്, പിന്നീട് അന്വേഷണം നടക്കുകയാണെന്ന് മാറ്റിപ്പറഞ്ഞു. എന്നാൽ ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട് പൂർത്തിയാവുന്നതിന് മുമ്പാണ് ധൃതി പിടിച്ച പരീക്ഷാഫലം പുറത്തുവിട്ടത് ദുരൂഹമാണെന്നാണ്, ഈ മേഖലയിൽ ക്ലാസെടുക്കുന്ന അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.

പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന്

അതേസമയം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതുതായി അധികാരമേൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷ കക്ഷികളുടെ നീക്കം നടത്തുകയാണ്. സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ ഡൽഹിയിൽ വൻ പ്രതിഷേധത്തിനാണ് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.എസ്എഫ്ഐ അടക്കം ഇടത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്തും. യൂത്ത് കോൺഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി. വിവിധ ഹൈക്കോടതികളെയും വിദ്യാർത്ഥികൾ സമീപിച്ചിട്ടുണ്ട്. എബിവിപിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരിന് ഒരു പരീക്ഷയുടെയും പേപ്പർ ചോരാതെ നോക്കാൻ കഴിയുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ആദ്യം ചോദ്യപേപ്പർ ചോർന്ന വിവാദമാണ് ഉണ്ടായതെങ്കിൽ ഇപ്പോൾ പരീക്ഷാ ഫലത്തിലും ക്രമക്കേട് നടന്നിരിക്കുകയാണ്. യുക്രൈൻ യുദ്ധത്തിൽവരെ ഇടപെടുന പ്രധാനമന്ത്രിക്ക് രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോരുന്നത് തടയാനാകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. അതിനിടെ നീറ്റ് പരീക്ഷാ ഫലം പുറത്ത് വന്നതോടെ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതും വാർത്തയായി. രാജസ്ഥാനിലെ ദോസ, കോട്ട എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത്.

നീറ്റ് പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്ടർമാരും രംഗത്തെത്തി. വീണ്ടും പരീക്ഷ നടത്തണമെന്നും ന്യായവും സുതാര്യവുമായ മൂല്യനിർണയം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്ടേഴ്സ് നെറ്റ്‌വർക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് കത്തയച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവയുടെ അവസ്ഥ എന്താകുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.