തിരുവനന്തപുരം : വയറിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയപ്പിഴവിനെത്തുടര്‍ന്ന് യുവതിക്ക് കൈ, കാല്‍ വിരലുകള്‍ നഷ്ടപ്പെട്ടതില്‍ കോസ്‌മെറ്റിക് ആശുപത്രി കുറ്റക്കാരാണെന്ന് കണ്ടെത്തല്‍. വിവിധ ഡോക്ടര്‍മാരുമായി ചേര്‍ന്ന് മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റി നടത്തിയ യോഗത്തിന്റേതാണ് വിലയിരുത്തല്‍. സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്താന്‍ കോസ്‌മെറ്റിക് ക്ലിനിക്ക് പ്രാപ്തമല്ലെന്നതാണ് പ്രധാന കണ്ടെത്തല്‍. രക്തസമ്മര്‍ദം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുമ്പോഴും രോഗിയെ വെന്റിലേറ്റര്‍ സൗകര്യമില്ലാത്തയിടത്ത് 12 മണിക്കൂറോളം കിടത്തിയത് ഗുരുതര വീഴ്ചയാണ്. കൃത്യമായ ചികിത്സ നിര്‍ണായകമായ 12 മണിക്കൂറില്‍ ലഭ്യമാകാതിരുന്നത് രോഗിയുടെ രക്തയോട്ടത്തെ ബാധിച്ചു. ഇതുകാരണമാണ് വിരലുകള്‍ മുറിച്ചുകളയേണ്ട സാഹചര്യമുണ്ടായത്. ജനറല്‍ അനസ്‌തേഷ്യ നല്‍കിയ രോഗിയെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കണമെന്നതും പാലിക്കപ്പെട്ടില്ല. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നത് ബോധ്യപ്പെടുത്തിയിട്ടും കാര്‍-ഡിയോളജി സൗകര്യമില്ലാത്ത ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്തി എന്നീ വിവരങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യപ്പെട്ടത്. മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും. തുടര്‍ന്ന് പൊലീസ് നടപടികളിലേക്ക് കടക്കും. ഡോക്ടര്‍മാരെ അറസ്റ്റു ചെയ്‌തേയ്ക്കും.

രോഗിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ശസ്ത്രക്രിയ പിഴവ് വിലയിരുത്താന്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. ടി ഗീനാകുമാരി, ഡിഎംഒ ഡോ. ബിന്ദു മോഹന്‍, ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശ്രീദേവി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് വ്യാഴാഴ്ചയും ശനിയാഴ്ചയും യോഗം ചേര്‍ന്നത്. മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി, സര്‍ജറി, മെഡിക്കല്‍, അനസ്തേഷ്യോളജി, കാര്‍ഡിയോളജി, ക്രിട്ടിക്കല്‍ കെയര്‍, റേഡിയോളജി വിഭാഗം മേധാവിമാരാണ് പങ്കെടുത്തത്. ഫെബ്രുവരി 22നാണ് സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ എം എസ് നീതുവിന് കുളത്തൂരിലെ കോസ്‌മെറ്റിക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നത്. അടുത്തദിവസം ആരോഗ്യസ്ഥിതി മോശമായെത്തിയ നീതുവിനെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ഇടതുകൈയിലെ നാലും ഇടതുകാലിലെ അഞ്ചും വിരലുകള്‍ മുറിച്ചുമാറ്റപ്പെട്ട നീതു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ക്ലിനിക്ക് ഉടമ ഡോ. ബിബിലാഷ് ബാബു, ശസ്ത്രക്രിയ നടത്തിയ ഡോ. ഷെനോള്‍ ശശാങ്കന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കഴക്കൂട്ടം എസിപി ജെ കെ ധിനില്‍ അറിയിച്ചു.

വയറ്റിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയിലെ (ലിപ്പോസക്ഷന്‍) പിഴവിനെ തുടര്‍ന്ന് ഒന്‍പത് വിരലുകള്‍ നഷ്ടപ്പെട്ട യുവതിയുടെ കഥ ഞെട്ടലോടെയാണ് ആരോഗ്യ കേരളം കേട്ടത്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ സോഫ്റ്റ്വയര്‍ എന്‍ജിനിയര്‍ എം.എസ്.നീതുവിനാണ് (31)ദുരനുഭവം. കഴക്കൂട്ടം കുളത്തൂരിലെ സ്വകാര്യ സൗന്ദര്യവര്‍ദ്ധക ആശുപത്രിയായ കോസ്മെറ്റിക്‌സിലാണ് ശസ്ത്രക്രിയ നടന്നത്. ലിപ്പോസക്ഷന്‍ ശസ്ത്രക്രിയയ്ക്കിടെ കൊഴുപ്പ് രക്തത്തില്‍ കലര്‍ന്നതാണ് (ഫാറ്റ് എംബോളിസം) സങ്കീര്‍ണമായത്. ഇത് യഥാസമയം കണ്ടെത്താന്‍ കഴിഞ്ഞില്ല. നീതുവിന്റെ ഭര്‍ത്താവ് പത്മജിത്ത് കഴക്കൂട്ടം എ.സി.പി ജെ.കെ.ദിനിലിന് നല്‍കിയ പരാതിയിലാണ് തുമ്പ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ആശുപത്രി അടപ്പിച്ചു. ഉടമസ്ഥനായ ഡോ.ബിബിലാഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. നീതുവിന്റെ ജീവന്‍ രക്ഷിക്കാന്‍ 30ലക്ഷം രൂപയാണ് ഇതുവരെ ചെലവായത്.തുടര്‍ ചികിത്സയ്ക്ക് ചെലവായ തുക നല്‍കാമെന്ന് ഡോ.ബിബിലാഷ് ബാബു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞതായി സൂചനയുണ്ട്. ഇതിനിടെയാണ് സംഭവത്തില്‍ വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിജിലന്‍സ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനമെന്നാണ് വിവരം. നീതുവിന്റെ ഡിസ്ചാര്‍ജ് സമ്മറിയില്‍ പേട്ടയിലുള്ള ക്ലിനിക്കിന്റെ മേല്‍വിലാസമാണെന്ന് ആരോപണമുണ്ട്. അതിപ്പോള്‍ നിലവിലില്ലാത്തതാണ്. യു.എസ്.ടി ഗ്ലോബലിലെ ജീവനക്കാരിയായ നീതു ഓഫീസിന് സമീപത്തെ കോസ്മെറ്റിക്‌സില്‍ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റായത് ഫെബ്രുവരി 22നാണ്. 23ന് രാവിലെ ഒമ്പതോടെ നീതുവിനെ വീട്ടിലേക്ക് വിട്ടു. ഉച്ചയോടെ നീതുവിന് ശാരീരിക അസ്വസ്ഥതകളുണ്ടായി ഛര്‍ദ്ദിച്ചു. രക്തസമ്മര്‍ദം കുറഞ്ഞ് സ്ഥിതി മോശമായപ്പോള്‍ ഭര്‍ത്താവ് പത്മജിത്ത് ക്ലിനിക്കുമായി ബന്ധപ്പെട്ടെങ്കിലും ഞായറാഴ്ച ഡോക്ടര്‍മാരില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിങ്കള്‍ രാവിലെയെത്താനും പറഞ്ഞു. തിങ്കളോടെ നീതുവിന്റെ സ്ഥിതി അതീവ ഗുരുതരമായി. ഇതോടെയാണ് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററിലായിരുന്ന നീതുവിന്റെനില മെച്ചപ്പെട്ടതോടെയാണ് രക്തയോട്ടം നഷ്ടപ്പെട്ട ഇടതു കാലിലെ അഞ്ചും ഇതുകൈയിലെ നാലും വിരലുകള്‍ മുറിച്ചുമാറ്റിയത്. ഒരു അമേരിക്കന്‍ കമ്പനിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് ഈ ദുരനുഭവം.