ആലപ്പുഴ: കോവിഡിന് ശേഷം പുന്നമട കായൽ ഇന്ന് വീണ്ടും സജീവമാകും. നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്. മത്സരങ്ങൾ ഇന്ന് രാവിലെ 11ന് തുടങ്ങും. ഉച്ചയ്ക്ക് 2 മുതലാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. ഉച്ചയ്ക്ക് 2നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി എത്തുന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനം ഉണ്ടാകും.

20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 വള്ളങ്ങളാണ് ഇന്നു നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്നത്. വൈകിട്ട് നാലു മുതലാണ് ഫൈനൽ മത്സരങ്ങൾ. മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന ഒൻപത് ചുണ്ടൻ വള്ളങ്ങൾ അടുത്ത വർഷത്തെ ചാംപ്യൻസ് ബോട്ട് ലീഗിന് യോഗ്യത നേടും. സിഡിറ്റ് തയാറാക്കിയ, ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവർക്കു മാത്രമാണ് ഗാലറിയിലേക്ക് പ്രവേശനം അനുവദിക്കുക. ഓൺലൈനിൽ ടിക്കറ്റ് എടുത്തവർ ഫെസിലിറ്റേഷൻ കൗണ്ടറിൽ നിന്ന് ഫിസിക്കൽ ടിക്കറ്റ് വാങ്ങണം.

ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേതൃത്വത്തിൽ 2,000 പൊലീസുകാരാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടിക്കറ്റുമായി പവിലിയനിൽ പ്രവേശിച്ച ശേഷം വള്ളംകളി കഴിയുന്നതിനു മുൻപ് പുറത്തുപോയാൽ പിന്നെ തിരികെ പ്രവേശിപ്പിക്കില്ല. ടൂറിസ്റ്റ് ഗോൾഡ്, സിൽവർ പാസുകൾ എടുത്തിട്ടുള്ളവരും ബോട്ട് യാത്രയ്ക്ക് ഉൾപ്പെടെ പാസ് എടുത്തവരും ബോട്ടിൽ നെഹ്‌റു പവിലിയനിലേക്ക് പോകുന്നതിന് രാവിലെ 10ന് ആലപ്പുഴ ഡിടിപിസി ജെട്ടിയിൽ എത്തണം. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവിലിയനിൽ നിന്ന് തിരികെപ്പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തി.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ലായിരുന്നു ഇത്. (1952 ഡിസംബർ 27) ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻവള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽപ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി.

നെഹ്റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു. ഡൽഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്റൂ ട്രോഫി.

തുടക്കത്തിൽ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി. ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.