ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. 0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു. അന്തിമ ഫലത്തില്‍ മാറ്റമില്ല. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി അപ്പീല്‍ കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതിയും നിലനില്‍ക്കില്ല.

ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും കപ്പില്‍ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാല്‍ വിയപുരം ചുണ്ടനെ മറികടന്നത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയര്‍ന്നിരുന്നു. പിന്നീടാണ് ഫലനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന് തര്‍ക്കം ഉണ്ടായത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പൊന്‍ കിരീടം സ്വന്തമാക്കിയത്.

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനല്‍ വിധിനിര്‍ണയത്തിനെതിര രണ്ടും മൂന്നും സ്ഥാനക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടിങ് അടക്കമുള്ള പിഴവുകളെ കുറിച്ച് പരാതിയുള്ളതിനാല്‍ സാങ്കേതികസമിതി വിശദ പരിശോധനയാണ് നടത്തിയത്.

0.005 സെക്കന്‍ഡ് വ്യത്യാസത്തിലാണ് കാരിച്ചാല്‍ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചത്. എഡിഎം, ജില്ലാ ഗവ. പ്ലീഡര്‍, ജില്ലാ ലോ ഓഫിസര്‍, എന്‍ടിബിആര്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരടങ്ങുന്നതാണ് ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി.

ജഡ്ജസ് പ്രഖ്യാപിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ജൂറി ഓഫ് അപ്പീല്‍ വിലയിരുത്തിയതായി എന്‍.റ്റി.ബി.ആര്‍ സൊസൈറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ അലക്സ് വര്‍ഗീസ് അറിയിച്ചു. ഇതോടെ കാരിച്ചാല്‍ ചുണ്ടന്‍തന്നെ ജേതാവായി നിലനില്‍ക്കും.

കാരിച്ചാല്‍ ചുണ്ടന്റെ വിജയത്തിനെതിരെ വീയപുരം ചുണ്ടന്‍ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെയും കുമരകം ടൗണ്‍ ബോട്ട് ക്ലബും രംഗത്തെത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് തിങ്കളാഴ്ച ചേര്‍ന്ന സിറ്റിങ്ങില്‍ ജൂറി ഓഫ് അപ്പീല്‍ തള്ളിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി വിശദമായി യോഗം പരിശോധിച്ചു. ബന്ധപ്പെട്ട വീഡിയോയും, ടൈമിങ് സംവിധാനവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂറി ഓഫ് അപ്പീല്‍ തീരുമാനമെടുത്തത്.

കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതിയും വിശദമായി ജൂറി ഓഫ് അപ്പീല്‍ പരിശോധിച്ചു. സ്റ്റാര്‍ട്ടിങ്ങില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴ പൊക്കിപ്പിടിച്ചതായി കണ്ടെത്തി. എന്നാല്‍ മല്‍സര നിബന്ധനപ്രകാരം അവര്‍ തുഴയേണ്ടതായിരുന്നു. ട്രാക്ക് ക്ലിയറാണ് എന്ന് ഉറപ്പാക്കി ചീഫ് അമ്പയര്‍ സ്റ്റാര്‍ട്ടിങ്ങിന് അനുമതി നല്‍കിയതിനാലാണ് ചീഫ് സ്റ്റാര്‍ട്ടര്‍ സ്റ്റാര്‍ട്ടിങ് നടത്തിയത്. അതിനാല്‍ ഈ പരാതി പുനഃപരിശോധിക്കേണ്ട സാഹചര്യമുള്ളതായി കാണുന്നില്ലെന്നും ജൂറി യോഗം വിലയിരുത്തി.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശാ സി. എബ്രഹാം, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ.വേണു, ജില്ലാ ലോ ഓഫീസര്‍ അഡ്വ. അനില്‍കുമാര്‍, എന്‍.റ്റി.ബി.ആര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുന്‍ എംഎല്‍എ സി.കെ.സദാശിവന്‍, ചുണ്ടന്‍വള്ളം ഉടമ അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.കെ കുറുപ്പ് എന്നിവരടങ്ങിയതാണ് ജൂറി ഓഫ് അപ്പീല്‍.