- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വെള്ളിയാഴ്ചകളിലും മലം ബക്കറ്റിൽ കലക്കി കുഴമ്പുരൂപത്തിൽ ഒഴുക്കും; കടുംപ്രയോഗം മന്ത്രവാദിയുടെ വിദഗ്ധോപദേശം കേട്ട്; എതിർത്തപ്പോൾ വീട് കയറി അതിക്രമവും ഭീഷണിയും; അഞ്ചരക്കണ്ടിയിൽ അയൽവാസികളുടെ ആഭിചാരക്രിയയിൽ പൊറുതിമുട്ടി പ്രവാസിയുടെ കുടുംബം
കണ്ണൂർ :കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിലെ ആനേനിമെട്ടിയിൽ അയൽവാസികൾ ആഭിചാരക്രിയ ചെയ്യുന്നതിനാൽ കഴിഞ്ഞ പത്തുവർഷമായി ഒരുകുടുംബം തീരാദുരിതമനുഭവിക്കുന്നതായി പരാതി. ആനേനി മെട്ടയിലെ പ്രവാസിയായ ശിവപ്രസാദിന്റെ ഭാര്യ ഷനിലയുടെ കുടുംബത്തിനാണ് മറ്റൊരു കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ പേരിൽ ജീവിതം തന്നെ ചോദ്യം ചിഹ്നമായി മാറിയത്. തൊട്ടരികിലെ പഞ്ചായത്ത് റോഡിനു അപ്പുറം താമസിക്കുന്ന സൈനബയും മകളും മകനുമടങ്ങുന്ന കുടുംബമാണ് ഇവരെ കഴിഞ്ഞ പത്തുവർഷമായി ദ്രോഹിക്കുന്നത്.
ചക്കരക്കൽ പൊലിസിൽ പരാതി നൽകിയിട്ടും എതിർകക്ഷി സ്ത്രീയും മകളുമായതിനാൽ നടപടിയെടുക്കുന്നില്ലെന്നാണ് സനില പറയുന്നത്. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. വിദ്യാർത്ഥികളായ മകനും മകളും അടങ്ങുന്നതാണ് കുടുംബം. ഏതോ മന്ത്രവാദിയുടെ ഉപദേശപ്രകാരം എല്ലാവെള്ളിയാഴ്‌ച്ചയും പുലർച്ചെ മൂന്നുമണിക്ക് എഴുന്നേൽക്കുന്ന സൈനബയും മക്കളും മലം ബക്കറ്റിൽ കലക്കി കുഴമ്പുരൂപത്തിലാക്കി അവരുടെ വീടിനു മുൻപിലെ റോഡിലേക്ക് ഒഴിക്കുകയാണെന്നും ഇതിനെ എതിർത്തപ്പോൾ വീട്ടിൽ അതിക്രമിച്ചു കയറി ചെടിചട്ടിയും കസേരകളുംതകർത്തുവെന്നും സനില പറയുന്നു.
കോളേജിൽ പോകുന്ന തന്റെ മകനെ കുട്ടിച്ചാത്തനെന്നു വിളിക്കുകയും കിണറ്റിൽ തള്ളിയിടുമെന്നും ഭീഷണിപ്പെടുത്തുന്നതായി പരാതി.പൊലിസിലും ആരോഗ്യവകുപ്പിലും പരാതി നൽകി പരിശോധന നടത്തിയെങ്കിലും നടപടിയെടുത്തില്ല. വീട്ടിൽ സി.സി.ടി.വി ക്യാമറ വെച്ചപ്പോൾ അൽപം ശമനമുണ്ടായെങ്കിലും പിന്നീട് പൂർവാധികം ശക്തിയായി തുടരുകകയാണെന്നും ശിവപ്രസാദിന്റെ ഭാര്യ ഷനില പറയുന്നു.
ഷനിലയ്ക്കും അയൽവാസികൾക്കും ഭക്ഷണം കഴിക്കാൻ പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഇവർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ ലോഹിതാക്ഷന്റെ നിർദ്ദേശപ്രകാരം പൊലിസും ആരോഗ്യവകുപ്പ് അധികൃതരും പരിശോധിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നു ഷനിലയുടെ സഹോദരൻ പറയുന്നു. അയൽവാസികളുടെ ആഭിചാരക്രിയകൾ കാരണം ഷനിലയുടെ മൂന്നാംക്ളാസുകാരിയായ മകൾ കടുത്ത മനോവിഷമത്തിലാണ്.
അഞ്ചരക്കണ്ടി ഹെൽത്ത് സെന്ററിലെ ഡോക്ടർ ഇവരെ പരിശോധിച്ചു മനോവൈകൃതമുള്ളതായി കണ്ടെത്തിയതായി സൂചനയുണ്ട്. നാട്ടിൽ മറ്റാരുമായി ബന്ധമില്ലാതെയാണ് സൈനബയുടെ കുടുംബം കഴിയുന്നത്. പള്ളികമ്മിറ്റിയിൽ പരാതി നൽകിയതിന്റെ ഭാഗമായി ഭാരവാഹികൾ ഇടപെട്ടുവെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഷനിലയുടെ പരാതിയിൽ നിരവധി തവണ പൊലിസ് പിടികൂടിയെങ്കിലും ഇവരെ വെറുതെ വിടുകയായിരുന്നു. വീടുവിറ്റു പോകുന്നതുവരെ ദോഷം മാറ്റാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സൈനബ പൊലിസിൽ നൽകിയ പരാതി.
എന്നാൽ, ആരെങ്കിലും ഇങ്ങനെ തുനിഞ്ഞിറങ്ങി എന്തെങ്കിലും ചെയ്താൽ പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവരെ പിടിച്ചുകെട്ടി എവിടേക്കും കൊണ്ടു പോവാൻ കഴിയില്ലെന്നും അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ലോഹിതാക്ഷൻ പറഞ്ഞു. ആരോഗ്യവകുപ്പും പഞ്ചായത്തും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഡോക്ടറുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചാൽ നടപടി സ്വീകരിക്കും. തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുന്നതിനായി ജില്ലാകലകടർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഷനിലപറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്