പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികള്‍ വേഗത്തിലാക്കണം എന്ന ആവശ്യവുമായി ചെന്തമര കൊലപ്പെടുത്തിയ സുധാകരന്റെ മക്കള്‍. സുധാകരന്റെ മക്കളായ അഖിലയും അതുല്യയുമാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്. പ്രതിഷേധിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുത്ത നടപടിയിലും അവര്‍ പ്രതിഷേധിച്ചു.

പ്രതിക്ക് സംരക്ഷണവും നാട്ടുകാര്‍ക്ക് കുറ്റവും എന്ന നിലയാണ് ഇപ്പോള്‍. നാട്ടുകാര്‍ക്കെതിരെ കേസെടുത്തത് എന്തിനെന്ന് അവര്‍ ചോദിച്ചു. എല്ലാവര്‍ക്കും ഭീഷണിയായ പ്രതിയെ നിയമനടപിടിയിലൂടെ തന്നെ തൂക്കിക്കൊല്ലണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഇരുവരും വ്യക്തമാക്കി.

നേരത്തെ ജനകീയ പ്രതിഷേധത്തിന്റെ പേരില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ഗേറ്റും കവാടവും തകര്‍ത്തതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്. അതേസമയം പ്രതിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സ്വാഭാവിക പ്രതിഷേധമായിരുന്നു ഇത്. എന്നാല്‍, ഇതിനെയാണ് പോലീസ് ഗൗരവത്തോടെ കണ്ട് നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതില്‍ പ്രദേശവാസികളില്‍ അടുത്ത അമര്‍ഷമുണ്ട്.

പ്രതി ചെന്താമരയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ രോഷപ്രകടനം. പ്രതിഷേധം അക്രമാസക്തമായതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടി വന്നു. അതേസമയം തുടര്‍ന്ന് ചെന്താമരയെ പുലര്‍ച്ചെയോടെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം ഫോറന്‍സിക് വിദഗ്ധരുമായി പോലീസെത്തിയപ്പോഴും നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയെ വെറുതെ വിടരുതെന്നും പുറത്തിറക്കരുതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജാമ്യത്തില്‍വിട്ടാല്‍ പോലീസായിരിക്കും ഇനിയുള്ള കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയെന്നും ആരോപിച്ചു. പ്രതികരണങ്ങള്‍ക്ക് മുതിരാതെ പോലീസ് ഒഴിഞ്ഞുമാറി. ചെന്താമരയെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമ്പോഴും വലിയ ജനക്കൂട്ടം കോടതിവളപ്പിലുണ്ടായിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെ നാലരയോടെയാണ് ഇയാളെ കോടതിയിലെത്തിച്ചത്.

അതേസമയം മുന്‍ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. മനസ്താപമില്ലാത്തകുറ്റവാളിയാണ് പ്രതി, തന്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനായി എലവഞ്ചേരിയില്‍നിന്നും മരപ്പിടി സ്വയം ഘടിപ്പിക്കാന്‍ കഴിയുന്ന കൊടുവാള്‍ വാങ്ങി. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു. സുധാകരന്‍ പുറത്തിറങിയ സമയം വെട്ടി വീഴ്തി. കൊലനടത്തിയ രക്തക്കറപുരണ്ട കൊടുവാള്‍ പ്രതിയുടെ മുറിയില്‍ കട്ടിലിനടിയില്‍ വെച്ചു. ശേഷം പോത്തുണ്ടിമലയിലേക്ക് അതേ വേഷത്തില്‍ ഓടിപ്പോയി.

തന്റെ കുടുംബം അകലാന്‍ കാരണം സുധാകരനും അമ്മയുമാണെന്ന് ചെന്താമര വിശ്വസിച്ചു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയില്‍ നിന്ന് കൊല്ലപ്പെട്ടസുധാകരന്റെ രണ്ട് പെണ്‍മക്കള്‍ക്ക് ഭീഷണിയുണ്ട്. അയല്‍വാസികള്‍ക്ക് തുടര്‍ച്ചയായ വധഭീഷണിയുണ്ട്. പ്രതി ജയിലിന് പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റി.