- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടാന്‍ ഇനി സ്ഥലം ബാക്കിയില്ല! കാഠ്മണ്ഡുവിലെ തെരുവിലൂടെ ധനമന്ത്രിയെ ഓടിച്ച് ജെന്‍ സി പ്രക്ഷോഭകര്‍; യുവാവിന്റെ തൊഴിയേറ്റ് നിലതെറ്റി മന്ത്രി മതിലില്‍ ഇടിച്ചുവീഴുന്നതിന്റെയും ജീവനും കൊണ്ട് എണീറ്റോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്; നേപ്പാളില്‍ ജനരോഷം തിളയ്ക്കുന്നത് ഇങ്ങനെ
നേപ്പാളില്‍ ജനരോഷം തിളയ്ക്കുന്നത് ഇങ്ങനെ
കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭകര്‍ കടന്നല്‍കൂട്ടം പോലെയാണ് കെ പി ശര്‍മ ഒലി സര്‍ക്കാരിലെ ഭരണസാരഥികളെ നേരിടുന്നത്. ആള്‍ക്കൂട്ടം തെരുവ് കയ്യടക്കിയതോടെ, പ്രധാനമന്ത്രിയുടെ വസതിക്ക് തീയിട്ടു. കര്‍ഫ്യു ലംഘിച്ചാണ് യുവാക്കള്‍ തെരുവിലിറങ്ങി അക്രമങ്ങള്‍ക്ക് മുതിര്‍ന്നത്. 65 കാരനായ ധനമന്ത്രി ബിഷ്ണു പൗഡേലിനെ തെരുവിലൂടെ ഓടിക്കുന്നതിന്റെയും തൊഴിക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ ഓടുന്ന ബിഷ്ണു പൗഡേലിന്റെ പിന്നാലെ ഇരുപതിലേറെ പേരാണ് ആക്രോശവുമായി പിന്തുടരുന്നത്. എതിര്‍ദിശയില്‍ വന്ന ഒരു യുവാവ് മന്ത്രിയെ തൊഴിച്ചിടുന്നതും നിലതെറ്റിയ മന്ത്രി ഒരുമതിലില്‍ ഇടിച്ചുവീഴുന്നതും വീഡിയോയില്‍ കാണാം.
ജീവന്‍ രക്ഷിക്കാനായി മന്ത്രി ഒരുനിമിഷം പാഴാക്കാതെ എണീല്‍ക്കുന്നതും വീണ്ടും ഓടുന്നതും കാണാം. അവിടെ വച്ച് വീഡിയോ മുറിയുന്നു. അഴിമതിക്കും സാമൂഹ്യമാധ്യമ നിരോധനത്തിനും എതിരെ തുടരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ധനമന്ത്രിയെ പ്രതിഷേധക്കാര്‍ ഓടിച്ചിട്ട് മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
Breaking News 🔴
— NewG (@newGindia) September 9, 2025
नेपाल के वित्त मंत्री को प्रदर्शनकारियों ने दौड़ा दौड़ा कर पीटा। pic.twitter.com/KvGSif8qvV
പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഓലി ഇന്ന് രാവിലെ തന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. 'രാഷ്ട്രീയ പരിഹാരത്തിനും സമാധാനം പുന: സ്ഥാപിക്കുന്നതിനും ഞാന്‍ ഇന്നു മുതല്‍ എന്റെ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നു,' ഒലി പ്രസ്താവനയില്‍ അറിയിച്ചു. ഒലിക്കൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ നാല് മന്ത്രിമാരും രാജി സമര്‍പ്പിച്ചു.
സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനും വ്യാപകമായ അഴിമതിക്കും എതിരെ 'ജെന്‍ സി നേതൃത്വത്തില്‍ യുവജനങ്ങളടക്കം ആയിരക്കണക്കിന് ആളുകള്‍ തിങ്കളാഴ്ച കാഠ്മണ്ഡുവിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തെരുവിലിറങ്ങിയിരുന്നു. പ്രക്ഷോഭങ്ങളില്‍ 19 പേര്‍ കൊല്ലപ്പെടുകയും 300-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. നിരോധനം തിങ്കളാഴ്ച രാത്രി തന്നെ പിന്‍വലിച്ചെങ്കിലും ചൊവ്വാഴ്ചയും പ്രതിഷേധം ശക്തമായി. മന്ത്രിമാരുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും വീടുകള്‍ പ്രക്ഷോഭകര്‍ തീയിട്ട് നശിപ്പിച്ചു. നേപ്പാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബയ്ക്കും വിദേശകാര്യ മന്ത്രി ആര്‍ജു റാണയ്ക്കും പരിക്കേറ്റതായി സൂചനകളുണ്ട്.
പ്രതിഷേധങ്ങളെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ നേപ്പാള്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടുക, എം.പിമാര്‍ കൂട്ടത്തോടെ രാജി വെക്കുക, പ്രക്ഷോഭകര്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്.