കാഠ്മണ്ഡു: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. യതി എയർലൈൻസിന്റെ 72 സീറ്റുള്ള യാത്രാവിമാനമാണ് റൺവേയിൽ തകർന്നു വീണത്. വിമാനം പൂർണമായും കത്തിയമർന്നതായാണ് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യാത്രക്കാരുമായി ലാൻഡിംഗിന് ശ്രമിക്കുമ്പോൾ തകർന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്. വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.

കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന് വേണ്ടി വിമാനത്താവളം പൂർണമായും അടച്ചതായി അധികൃതർ അറിയിച്ചു. യാത്രാ വിമാനം ലാൻഡിങ്ങിനു തൊട്ടുമുൻപ് തകർന്നു വീഴുകയായിരുന്നു. രാവിലെ 10.33നാണ് 68 യാത്രക്കാരും നാലു ജീവനക്കാരുമായി യാത്രാ വിമാനം തകർന്നു വീണത്. തകർന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

യതി എയർലൈൻസിന്റെ എടിആർ72 വിമാനമാണ് തകർന്നുവീണത്. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് തകർന്നു വീണത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ എയർഹോസ്റ്റസുമാരുമാണ്.

30 പേരുടെ മൃതദേഹം കണ്ടെടുത്തതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഴയ വിമാനത്താവളത്തിലും പൊഖാറ അന്തർദേശീയ വിമാനത്താവളത്തിനുമിടയിലാണ് അപകടമെന്ന് യേതി എയർലൈൻസ് വക്താവ് സുധർശൻ ബാർതുലയെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരോടും സർക്കാരിന്റെ എല്ലാവിഭാഗങ്ങളോടും പൊതുജനങ്ങളോടും രക്ഷാപ്രവർത്തനത്തിന് തയ്യാറാവാൻ അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ 30 വർഷത്തിനിടെ മുപ്പതോളം വിമാനങ്ങളാണ് നേപ്പാളിൽ തകർന്നു വീണത്. ഇതിനു മുൻപ് നേപ്പാളിൽ വിമാനാപകടം സംഭവിച്ചത് 2022 മേയിലാണ്. അന്ന് താരാ എയർലൈൻസ് വിമാനം തകർന്നു വീണ് 22 പേരാണ് മരിച്ചത്.