- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈലറ്റായി സ്ഥാനക്കയറ്റത്തിന് വേണ്ടത് 100 മണിക്കൂർ വിമാനം പറത്തിയുള്ള പരിചയം; പത്ത് സെക്കന്റ് അകലെ അഞ്ജുവിന്റെ ആ സ്വപ്നം തകർന്നടിഞ്ഞു; 16 വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ടതും സമാനമായ വിമാന ദുരന്തത്തിൽ; ക്യാപ്റ്റനെന്ന സ്വപ്നം ബാക്കിയാക്കി അഞ്ജുവും മടങ്ങുന്നു
കാഠ്മണ്ഡു: പതിനാറ് വർഷങ്ങൾക്ക് മുമ്പ് നേപ്പാളിൽ ഉണ്ടായ വിമാന ദുരന്തത്തിൽ ഭർത്താവിനെ നഷ്ടമായി. യാദൃശ്ചികമെന്ന് പറയട്ടെ, സമാനമായ ദുരന്തത്തിൽ പൈലറ്റ് എന്ന സ്വപ്നം ബാക്കിവച്ചാണ് നേപ്പാൾ വിമാനത്തിലെ സഹ പൈലറ്റായിരുന്ന അഞ്ജു ഖതിവാഡയും മടങ്ങുന്നത്.
72 യാത്രക്കാരുമായാണ് യതി എയർലൈൻസ് കഴിഞ്ഞ ദിവസം നേപ്പാളിലെ പൊഖാറയിൽ തകർന്നത്. തകർന്നുവീണ വിമാനത്തിന്റെ കോ പൈലറ്റായിരുന്നത് അഞ്ജു ഖതിവാഡയായിരുന്നു.
16 വർഷം മുമ്പാണ് സമാനമായൊരു ദുരന്തത്തിലാണ് അഞ്ജുവിന് ഭർത്താവ് ദീപക് പൊഖരേലിനെ നഷ്ടമായത്. യതി എയർലൈൻസിലെ പൈലറ്റായിരുന്നു ദീപക്. 2006 ജൂൺ 21നാണ് നേപ്പാൾ ഗൻചിൽ നിന്ന് സുർഖേത് വഴി ജുംലയിലേക്ക് പോവുകയായിരുന്ന യതി എയർലൈൻസിന്റെ 9 എൻ എ.ഇ.ക്യു വിമാനം തകർന്നത്. ദീപക് അടക്കം 10 പേരാണ് വിമാനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച പൊഖാറയിൽ വിമാനം തകർന്നുവീഴുമ്പോൾ അതേസീറ്റിൽ തന്നെയായിരുന്നു അഞ്ജുവും.
പൈലറ്റ് എന്ന സ്വപ്നം ബാക്കിവച്ചാണ് ഇപ്പോൾ അഞ്ജു വിടപറഞ്ഞിരിക്കുന്നത്. പൈലറ്റാനാകാനുള്ള സ്ഥാനക്കയറ്റത്തിന് 10 സെക്കന്റിന്റെ ദൈർഘ്യം മാത്രം ബാക്കി നിൽക്കെയാണ് വിമാന ദുരന്തം ഉണ്ടായത്. മുതിർന്ന ക്യാപ്റ്റൻ കമൽ കെസിയാണ് തകർന്നുവീണ വിമാനത്തിന്റെ പൈലറ്റാക്കിയിരുന്നത്. അഞ്ജു വിമാനത്തിലെ കോ പൈലറ്റായിരുന്നു. സഹപൈലറ്റായി അഞ്ജു പറത്തുന്ന അവസാനത്തെ വിമാനമായിരുന്നു തകർന്നുവീണത്.
പൈലറ്റാകാൻ കുറഞ്ഞത് 100 മണിക്കൂർ എങ്കിലും വിമാനം പറത്തി പരിചയം വേണം. ഈ വിമാനം ലാൻഡ് ചെയ്തതിനു ശേഷമായിരുന്നു അഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായി ലാൻഡിങ് നടത്തിയ പൈലറ്റ് കൂടിയായിരുന്നു അഞ്ജു.
എന്നാൽ അഞ്ജുവിന്റെ ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമാകാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ വിമാനം കത്തി ചാമ്പലായി. വിമാനം പൊഖാറ വിമാനത്താവളത്തിലിറങ്ങാൻ സെക്കന്റുകൾ ബാക്കി നിൽക്കെയാണ് കത്തിവീണത്.
72 യാത്രക്കാരുമായി പൊഖറയിലേക്ക് എത്തിയ യതി എയർലൈൻസ് വിമാനമാണ് തകർന്നുവീണത്. ലോകം തന്നെ നടുക്കിയ ദുരന്തത്തിൽ 68 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുക്കുകയും ചെയ്തു.
കാഠ്മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിലെ വിമാനം പോഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്റിങ്ങിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു. വിമാനം പൂർണ്ണമായും കത്തി നശിച്ചതിനാൽ ആരും രക്ഷപെടാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ലഭിച്ച മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്.
ഡി എൻ എ പരിശോധന ഉൾപ്പെടെ നടത്തേണ്ടിവരും എന്നാണ് സൂചന.സാങ്കേതിക തകരാർ ഒന്നും ഉള്ളതായി പൈലറ്റിൽ നിന്ന് വിവരം ലഭിച്ചില്ല എന്നാൽ വിമാനത്താവള അധികൃതർ പറയുന്നത്. നേപ്പാളിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ