- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളിൽ വിമാന അപകടത്തിൽ പെട്ട അഞ്ച് ഇന്ത്യക്കാരിൽ നാലുപേരും വിനോദ സഞ്ചാരികൾ; നാൽവർ സംഘം എത്തിയത് പൊഖാറയിൽ പാരഗ്ലൈഡിങ്ങിന്; ദുരന്തത്തിൽ 68 പേർ മരിച്ചതായി സ്ഥിരീകരണം; തിരച്ചിൽ നാളെ തുടരും
കാഠ്മണ്ഡു: നേപ്പാളിൽ വിമാന അപകടത്തിൽ മരണമടഞ്ഞ അഞ്ച് ഇന്ത്യാക്കാരെയും തിരിച്ചറിഞ്ഞു. അഭിഷേക് കുശ്വാഹ(25), ബിശാൽ ശർമ(22), അനിൽ കുമാർ രാജ്ഭർ(27), സോനു ജയ്‌സ്വാൾ(35), സഞ്ജയ ജയ്‌സാൾ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന ഇന്ത്യാക്കാർ. ഇതിൽ നാല് പേർ ഇന്ത്യയിൽ നിന്ന് നേപ്പാളിലെ റിസോർട്ട് നഗരമായ പൊഖാറയിൽ പാരഗ്ലൈഡിങ്ങിന് വന്നവരായിരുന്നു എന്ന് സർലാഹി ജില്ലയിൽ താമസിക്കുന്ന അജയ് കുമാർ ഷാ പറഞ്ഞു.
'ഇന്ത്യയിൽ നിന്ന് ഒരേ വാഹനത്തിലാണ് ഞങ്ങൾ വന്നത്. അവർ ആദ്യം പശുപതിനാഥ് ക്ഷേത്രത്തിന് അടുത്തുള്ള ഗോശാലയിലും. പിന്നീട് ഡിസ്‌കവറി ഓഫ് താമേൽ ഹോട്ടലിലുമാണ് താമസിച്ചത്. അതിന് ശേഷമാണ് പൊഖാറയിലേക്ക് പോയത്. ഇക്കൂട്ടത്തിൽ മുതിർന്ന ആളായ സോനു യുപിയിലെ വാരണാസി സ്വദേശിയായിരുന്നു. പൊഖാറയിൽ നിന്ന് ഗോരഖ്പൂർ വഴി ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്, അജയ് കുമാർ ഷാ പറഞ്ഞു. അതേസമയം, കാഠ്മണ്ഡുവിലെ ഇന്ത്യൻ ഏംബസി അധികൃതർ നാല് പേരുടെയും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. യെതി യെർലൈൻസ് വിമാനം തകർന്നുവീണ് 68 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തിരച്ചിൽ തൽക്കാലം നിർത്തി വച്ചു. തിങ്കളാഴ്ച തുടരും.
അതേസമയം, നേപ്പാൾ വിമാനാപകടത്തിൽ മരിച്ചവരിൽ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോയ നേപ്പാൾ സംഘത്തിൽപ്പെട്ടവരും. രാജു ടക്കൂരി, റാബിൽ ഹമൽ, അനിൽ ഷാഹി എന്നിവരാണ് മരിച്ചത്. പത്തനം തിട്ടയിലെ ആനിക്കാട് നിന്നും നാട്ടിലേക്ക് മടങ്ങിയ സംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു. അതിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്.
നേപ്പാളിൽ സുവിശേഷകനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാനാണ് ഇവർ പത്തനം തിട്ടയിൽ എത്തിയത്. അഞ്ചുപേരും ഒന്നിച്ചാണ് വിമാനത്തിൽ നേപ്പാളിലേക്ക് മടങ്ങിയത്. എന്നാൽ അപകടത്തിന് തൊട്ടുമുമ്പ് സംഘത്തിലെ ദീപക് തമാങ്, സരൺ എന്നിവർ കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്.
തകർന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിച്ചു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപകടത്തിനു പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചു. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് തകർന്നു വീണത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിൽ സേതി റിവർ വാലിയിലാണ് വിമാനം തകർന്നു വീണത്. വിമാനം പഴയ വിമാനത്താവളത്തിൽ ഇറക്കാനുള്ള ശ്രമത്തിനിടെയാണോ തകർന്നതെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമാണ് പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റർ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിർമ്മിച്ചു. പ്രവർത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്.
യെതി എയർലൈൻസ് വക്താവ് സുദർശൻ ബർതുല അപകട വിവരം സ്ഥിരീകരിച്ചു. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങൾക്കിടയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാൾ സർക്കാരിൽ നിന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. വിമാന സുരക്ഷയുടെ കാര്യത്തിൽ വളരെ മോശം ചരിത്രമുള്ള രാജ്യമാണ് നേപ്പാൾ. ഭൂപ്രകൃതിയാണ് ഇവിടെ വിമാനയാത്ര ദുഷ്‌കരമാക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലാണ് വിമാനത്താവളം. റൺവേകൾ ചെറുതാണെന്നതും വെല്ലുവിളിയാണ്.
മറുനാടന് മലയാളി ബ്യൂറോ