- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നേപ്പാളിലെ നാദിപ്പൂരിൽ 45 വർഷം സുവിശേഷകനായ മല്ലപ്പള്ളി ആനിക്കാട്ടിലെ മാത്യു ഫിലിപ്പിന്റെ സംസ്കാരത്തിന് പങ്കെടുക്കാൻ വന്ന അഞ്ചു പേർ; ദീപനും ശരണും കാഠ്മണ്ഡുവിലിറങ്ങി; രാജുവും അനിലും റോബിനും പൊഖ്റയിലേക്ക് തുടർന്നത് അന്ത്യയാത്രയായി; വിമാന അപകടത്തിനും കേരളാ കണക്ഷൻ!
മല്ലപ്പള്ളി: നേപ്പാളിൽ പൊഖ്റ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്ന് മരിച്ച സംഭവത്തിനും ഒരു കേരളാ കണക്ഷൻ. മല്ലപ്പള്ളിക്ക് അടുത്ത് ആനിക്കാട് നൂറോന്മാവിൽ ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ വന്ന് മടങ്ങിയവരിൽ മൂന്നു സുവിശേഷകരും അപകടത്തിൽ മരിച്ചു. രണ്ടു പേർ പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചതിനാൽ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് യാത്ര പറഞ്ഞു പിരിഞ്ഞ് പോയവർ മരിച്ചുവെന്നതിന്റെ ഷോക്കിലാണ് മല്ലപ്പള്ളിയിലെ തൊമ്മിക്കാട്ട് കുടുംബം.
നേപ്പാളിലെ നാദിപ്പൂരിലെ പള്ളിയിൽ കഴിഞ്ഞ 45 വർഷമായി സുവിശേഷവേല ചെയ്തിരുന്ന ആനിക്കാട് നൂറോന്മാവ് തൊമ്മിക്കാട്ട് വീട്ടിൽ മാത്യു ഫിലിപ്പിന്റെ (കുട്ടച്ചൻ-76) സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് 13 നാണ് അഞ്ചംഗ സംഘം നേപ്പാളിൽ നിന്ന് വന്നത്. രാജു, റോബിൻ, അനിൽ, ദീപക്, ശരൺ എന്നീ സുവിശേഷ പ്രവർത്തകരാണ് 13 ന് പുലർച്ചെ അഞ്ചിന് ആനിക്കാട്ട് വന്നത്.
ഇതിൽ രാജു, റോബിൻ, അനിൽ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ദീപക്, ശരൺ എന്നിവർ കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു.
കാൻസർ ബാധിതനായി രണ്ടു വർഷം മുൻപ് നാട്ടിലെത്തിയ മാത്യു ഫിലിപ്പ്് കഴിഞ്ഞ 11 നാണ് മരിച്ചത്. സംസ്‌കാരം നിശ്ചയിച്ചിരുന്നത് 13 നാണ്. രാത്രി ഏഴു മണിയോടെ സംസ്‌കാരവും പ്രാർത്ഥനയും കഴിഞ്ഞ് അഞ്ചംഗ സംഘം മടങ്ങി. കൊച്ചിയിൽ നിന്ന് മുംബൈയിൽ എത്തിയ സംഘം അവിടെ നിന്ന് കാഠ്മണ്ഡുവിനുള്ള വിമാനത്തിനാണ് പോയത്. കാഠ്മണ്ഡുവിൽ ദീപനും ശരണും ഇറങ്ങിയതിന് പിന്നാലെ യതി എയർലൈൻസിന്റെ വിമാനത്തിൽ മറ്റ് മൂന്നു പേരും പൊഖ്റയിലേക്ക് പോവുകയായിരുന്നു.
വിമാനം കത്തിയമർന്ന് മൂവരും മരിച്ച വിവരം ദീപകും ശരണും തന്നെയാണ് നാട്ടിലുള്ളവരെ അറിയിച്ചത്. ഏറെ സ്നേഹത്തോടെ വന്ന് മടങ്ങിയവരിൽ മൂന്നു പേരുടെ മരണം ഇവരെ ഞെട്ടിച്ചു കളഞ്ഞു.