കോഴിക്കോട്: യു.കെ.യിലേക്കുപോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ (24) എന്ന നഴ്സ് കുഴഞ്ഞുവീണ് മരിച്ചത് സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കയാണ്. ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കൾക്കൊപ്പം നെടുമ്പാശ്ശേരിയിലേക്കുപോയതാണ് സൂര്യ. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. ആലപ്പുഴയിലെത്തിയപ്പോൾ മുതൽ സൂര്യ ഛർദിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകൾക്കായി സൂര്യ എയർപോർട്ടിനകത്തേക്ക് കയറി. അതിനിടെ കുഴഞ്ഞുവീണു. തുടർന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നു രാത്രിതന്നെ പരുമലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രയിലാണു മരിച്ചത്.

ബന്ധുക്കളോടു യാത്ര പറയാനിറങ്ങിയപ്പോൾ സമീപത്തെ വീട്ടിലെ കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോടു പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പക്ഷേ മരണ കാരണം ഇതാണോ എന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക്ക് റിപ്പോർട്ടും പുറത്തുവന്നാലെ മരണ കാരണം വ്യക്തമാവൂ. സൂര്യയുടെ മരണത്തിന്റെ യഥാർത്ഥ കാരണം എന്തായാലും അരളി ഒരു വിഷച്ചെടിയാണെന്ന കാര്യത്തിൽ സസ്യശാസ്ത്രജ്ഞർക്ക് യാതൊരു സംശയവില്ല. ഇപ്പോൾ ഒരു ഫാഷൻ പോലെ ഈ ചെടി വീടുകളിലും മറ്റും വളർത്തുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും, വെട്ടിക്കളയണമെന്നുമാണ് ശാസ്ത്രകാരന്മാർ പറയുന്നത്.

അരളി കൊടിയ വിഷം തന്നെ

ശാസ്ത്ര പ്രചാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സുരേഷ് സി പിള്ള ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിക്കുന്നു. 'അരളി പൂവ് പൂജക്ക് ക്ഷേത്രങ്ങളിലും, വീടുകളിലും എടുക്കരുത്. വീട്ടിൽ ഉണ്ടെങ്കിൽ വെട്ടി കളയുക. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉടനെ നിരോധിക്കാൻ നടപടി എടുക്കണം. കൊടിയ വിഷമാണ്. പായസങ്ങളിലും നിവേദ്യങ്ങളിലും ഒരു ഇതൾ പോലും ഇടരുത്. 2018 മുതൽ പലപ്പോളായി എഴുതിയിട്ടുള്ളതാണ്.

(മനോരമയിൽ കാഴ്‌ച്ചപ്പാട് പംക്തിയിൽ 2023 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനം. ഇപ്പോൾ വീണ്ടും അരളി ചർച്ചയിൽ വന്നതിനാൽ റീപോസ്റ്റ് ചെയ്യുന്നു). 'അരളിപ്പൂങ്കാടുകൾ വളരിപ്പുൽ മേടുകൾ, അകലുന്നൂ വീടുകൾ തോടുകൾ നാടുകൾ....' ഈ സിനിമാ പാട്ട് കേട്ടിട്ടുണ്ടോ?പാട്ടു കൊള്ളാമെങ്കിലും, അരളി അത്ര ചില്ലറക്കാരൻ അല്ല. അലങ്കാര സസ്യങ്ങളിൽ ഏറ്റവും വിഷമുള്ള ഇനങ്ങളിലൊന്നാണ് അരളി. ഇതിന്റെ പൂവും, തണ്ടും, വേരും എല്ലാം ഉഗ്രവിഷമാണ്. നെറിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. പാലമരങ്ങൾ ഉൾപ്പെടുന്ന അപ്പോസൈനേസി എന്ന സസ്യകുടുംബത്തിൽപെട്ട ചെടിയാണിത്.

ഇത് കൂട്ടിയിട്ടു കത്തിക്കുന്ന പുകയും മാരകമാണ്. കോളാമ്പി ചെടി, അല്ലെങ്കിൽ മഞ്ഞ അരളി തുടങ്ങിയവയും വിഷമയമാണ്. ഒലിയാൻഡ്രിൻ, ഒലിയാൻഡ്രിജൻ എന്ന രണ്ട് രാസവസ്തുക്കളാണ് ഈ ചെടിയെയും, പൂക്കളെയും വിഷമയമാക്കുന്നത്. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ കഴിച്ച് ഒട്ടേറെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021 ൽ ഫൊറൻസിക് സയൻസ്, മെഡിസിൻ & പതോളജി എന്ന ജേണൽ അരളിയിലകൾ കഴിച്ച് ആത്മഹത്യ ചെയ്ത അസാധാരണ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. 71 വയസുള്ള ഒരു ലബോറട്ടറി ടെക്‌നീഷ്യനാണ് ഇങ്ങനെ മരിച്ചത്. വളർത്തു മൃഗങ്ങൾക്ക് അരളിയുടെ ഇലയോ, പൂവോ കഴിക്കാൻ കൊടുക്കരുത്. വീടുകളിൽ, സ്‌കൂളുകളിൽ കോളാമ്പി ചെടി, അരളി ഒക്കെയുണ്ടെങ്കിൽ നശിപ്പിക്കുന്നതാണ് ഉത്തമം. "- സുരേഷ് സി പിള്ള ചൂണ്ടിക്കാട്ടുന്നു.

അരളി ചെടിയുടെ പൂവും ഇലയും ഉള്ളിൽ ചെല്ലുന്നത് ഹൃദയസ്തംഭനത്തിനു കാരണമാവാം. സൂര്യയെ പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടറും അരളിച്ചെടിയുടെ വിഷം മരണ കാരണം ആയേക്കാം എന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ സൂര്യയുടെ ആമാശയത്തിൽ നിന്ന് ഇതിന്റെ അവശിഷ്ടങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇലയും പൂവും ചവച്ചു തുപ്പിയതിനാൽ ചാറ് മാത്രം ഉള്ളിൽ ചെന്നതാവാം എന്നാണ് അനുമാനം.

നാലുഗ്രാം അകത്തു ചെന്നാൽ വിഷബാധ

പറമ്പുകളിലും മറ്റും വളർന്നുവന്നിരുന്ന റോസ് അരളി ഇപ്പോൾ അലങ്കാര സസ്യമായി മാറിയിരിക്കുകയാണ്. ദേശീയപാതയുടെ മീഡിയനിൽ നിരനിരയായി പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. രണ്ടോ മൂന്നോ മീറ്റർ മാത്രം ഉയരം വയ്ക്കുന്ന ഈ സസ്യം, ജലം ആവശ്യമില്ലാതെ വളരുമെന്നതിനാൽ ഹൈവേയിലും ഡിവൈഡറുകളിലും മറ്റു പരിപാലനം ആവശ്യം ഇല്ലാത്ത തരം പൂന്തോട്ടങ്ങളിലും വ്യാപകമാണ്. പക്ഷേ സസ്യലോകത്ത് തന്നെ അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാൽ അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകൾ, ഇലകൾ, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കൾ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു.

ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന തരത്തിൽ വിഷബാധ ഉണ്ടായേക്കാം. ചില പഠനങ്ങൾ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാൽ തന്നെ വിഷബാധ ഉണ്ടാകാം. ഇലകളിലെയും പൂക്കളിലെയും വിഷാംശം അതിന്റെ വളർച്ചാഘട്ടം അനുസരിച്ച് മാറാവുന്നതാണ്. അരളിയുടെ കമ്പിൽ കോർത്തുവെച്ച മാംസഭാഗങ്ങൾ ബാർബിക്യു ചെയ്തതിനുശേഷം ഭക്ഷിച്ച ആളുകളിലും അരളിച്ചെടി കൂട്ടിയിട്ട് കത്തിച്ച് പുക ശ്വസിച്ച ആളുകളിലും വരെ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അരളി ഇലകൾ കമ്പോസ്റ്റ് ആക്കി ആ കമ്പോസ്റ്റ് ഇട്ടു വളർത്തിയ മറ്റ് സസ്യങ്ങളിൽ പോലും അരളിയിലെ വിഷാംശങ്ങൾ കടന്നുകൂടിയതായി പഠനങ്ങൾ കാണിക്കുന്നുണ്ട്.

തലകറക്കം, ഛർദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാൽ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുകയും വിഷബാധയുടെ മറ്റ് ലക്ഷണങ്ങളായ ഉയർന്ന ഹൃദയ മിടിപ്പ്, തലവേദന, ബോധക്ഷയം, തളർച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു. വിഷാംശം ഉള്ളിൽ ചെന്നു എന്ന് സംശയം ഉണ്ടായാൽ എത്രയും വേഗത്തിൽ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാകുന്നു.

ഗുരുവായൂരിലും തൃപ്രയാറിലും ഒഴിവാക്കി

ക്ഷേത്രപരിസരത്തും ഇവയെ കാണാം. ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് തുളസിക്കും തെച്ചിക്കുമൊപ്പം അരളിയെയും കൂടെ കൂട്ടാറുണ്ട്. എന്നാലിത് ഒഴിവാക്കേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിലുള്ള വിഷാംശം നിവേദ്യം കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തിലേക്കും എത്തുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഗുരുവായൂരും തൃപ്പയാറും ഉൾപ്പടെ പലക്ഷേത്രങ്ങളും അരളിപ്പൂ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. വനഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലും അരളിയിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ ക്ഷേത്രങ്ങളിൽ പൂജയ്ക്കും നിവേദ്യത്തിനും അരളിപ്പൂവ് ഉപയോഗിക്കുന്നത് തൽക്കാലം വിലക്കില്ല. അരളിപ്പൂവ് മരണകാരണമായി എന്ന ശാസ്ത്രീയമായ റിപ്പോർട്ട് കിട്ടിയാൽ നിരോധനം ഗൗരവമായി പരിഗണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറയുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ശബരിമല ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ പൂജയ്ക്കും നിവേദ്യത്തിനും തുളസിക്കും തെച്ചിപൂവിനും ഒപ്പം അരളിപ്പൂവും ഉപയോഗിക്കുന്നുണ്ട്.

അരളിപ്പൂവിലെയും ഇലയിലെയും വിഷാംശം സംബന്ധിച്ച ആശങ്ക വ്യാപകമായതോടെയാണ് ക്ഷേത്രങ്ങളിൽ ഇതിന്റെ ഉപയോഗം വിലക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടായത്. ശബരിമല തീർത്ഥാടനം ചർച്ച ചെയ്യാൻ ചേർന്ന തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ചയായെങ്കിലും വിദഗ്ധ റിപ്പോർട്ട് കിട്ടായാൽ തീരുമാനം എടുക്കാമെന്നാണ് പ്രസിഡന്റ് പറയുന്നത്.