ലണ്ടന്‍: വര്‍ഷങ്ങളോളം പീഢനങ്ങള്‍ക്ക് വിധേയയാക്കി പത്ത് വയസ്സുകാരി സാറാ ഷരീഫിനെ കൊന്ന, സാറയുടെ പിതാവിനും രണ്ടാനമ്മയ്ക്കും ഇനിയുള്ള ജീവിതം ജയിലില്‍ തന്നെ കഴിയാനാകും വിധി. ചിന്തിക്കാന്‍ പോലും കഴിയാത്തത്തത്ര പീഢനങ്ങളാണ് രണ്ടു വര്‍ഷക്കാലയളവില്‍ ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഏറ്റുവാങ്ങിയത്. അവസാനം ഈ കുരുന്നിനെ അതിക്രൂരമായി കാലപുരിക്കയയ്ക്കുകയായിരുന്നു പിതാവായ ഉര്‍ഫാന്‍ ഷറീഫും രണ്ടാനമ്മ ബെയ്‌നാഷ് ബാത്തൂളും ചേര്‍ന്ന്.

സാറയുടെ നേരെ കാണിച്ച ക്രൂരത പൊറുക്കാനാകാത്തതാണെന്നായിരുന്നു വിധി പ്രസ്ത്യാവത്തിനിടയില്‍ ബ്രിട്ടണ്‍ കോടതിയിലെ ജസ്റ്റിസ് കാവാനഗ് ബെഗന്‍ പറഞ്ഞത്. ഷറീഫിന് 40 വര്‍ഷത്തെ തടവും ബാത്തൂളിന് 30 വര്‍ഷത്തെ തടവും വിധിച്ച ജഡ്ജി, അവരുടെ സഹായിയായ മാലിക്കിന് 16 വര്‍ഷത്തെ തടവും വിധിച്ചു. സാറായുടെ പിതാവ് എന്ന നിലയില്‍, പ്രധാന ഉത്തരവാദിത്തം അയാള്‍ക്കാണെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, സംഭവത്തില്‍ ബാത്തൂളും മാലികും പശ്ചത്തപിക്കുന്നുമില്ല. അതികഠിനമായി മര്‍ദ്ദിച്ചായിരുന്നു ഈ പത്തു വയസ്സുകാരിയെ കൊലപ്പെടുത്തിയത്.

സാറയുടെ മൃതദേഹം അവരുടെ വീടിനുള്ളില്‍ കണ്ടെത്തുമ്പോള്‍ ചുരുങ്ങിയത് 71 മുറിവുകളെങ്കിലും അതില്‍ ഉണ്ടായിരുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വോക്കിംഗ്, സറേയിലെ വീട്ടില്‍ ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ കഴുത്തും ഒടിഞ്ഞ നിലയിലായിരുന്നു. ഷറീഫും ബാത്തൂളും കൊലപാതക കേസില്‍ കുറ്റവാളികളാണെന്ന് കഴിഞ്ഞ ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. കുട്ടിയെ കൊല്ലുന്നതിന് സാഹചര്യമൊരുക്കുകയും, അതിന് അനുവദിക്കുകയും ചെയ്തു എന്നതാണ് മാലിക്കിന്റെ പേരിലുള്ള കുറ്റം.

വ്യത്യസ്ത സാധനങ്ങള്‍ ഉപയോഗിച്ചായിരുന്നു സാറയെ മര്‍ദ്ധിച്ചിരുന്നത്. അതുകൂടാതെ തിളച്ച വെള്ളം അവള്‍ക്ക് മേല്‍ ഒഴിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ബാറ്റ്, ലോഹ ദണ്ഡുകളെന്നിവയൊക്കെ ഉപയോഗിച്ച് മര്‍ദ്ധിക്കുന്നതിനു പുറമെ ലോഹദണ്ഡ് ചൂടാക്കി ഈ കുരുന്നിന്റെ ദേഹത്ത് വയ്ക്കുകയും ചെയ്തിരുന്നത്രെ. മറ്റാര്‍ക്കും അസാധാരണമായി തോന്നാവുന്ന ഇതുപോലുള്ള ശിക്ഷകളെല്ലാം സാധാരണമാണെന്നും, അതിന് താന്‍ അര്‍ഹയാണെന്നും കുട്ടിയെ വിശ്വസിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചതായും കോടതി കുറ്റപ്പെടുത്തി.

വിധിപ്രസ്താവ്യത്തിന്റെ ഒരു സന്ദര്‍ഭത്തിലും പ്രതികള്‍ ഒരു പ്രതികരണവും നടത്തിയില്ല. കോടതിയില്‍ ഉണ്ടായിരുന്ന സമയമത്രയും അവര്‍ നിര്‍വികാരരായി താഴേക്ക് നോക്കി നില്‍ക്കുകയായിരുന്നു. കോടതി വിധിക്ക് ശേഷം ഷെറീഫിനെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ അവിടെ കൂടിയിരുന്ന ജനങ്ങള്‍ അയാള്‍ക്ക് നേരെ കൈചൂണ്ടി ചെകുത്താന്‍ എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.