ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തലാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നയം വ്യക്തമാക്കി ഇന്ത്യ. ട്രംപിന്റെ അവകാശവാദത്തിന് നേരിട്ട് മറുപടി നല്‍കാതെ, രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണിയിലെ ലാഭവും നോക്കി മാത്രമേ ഇന്ത്യ തീരുമാനമെടുക്കൂ എന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

140 കോടി ഇന്ത്യക്കാരുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സര്‍ക്കാര്‍ തന്നെ നിരവധി തവണ പ്രസ്താവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്. അത് അങ്ങനെ തന്നെയായിരിക്കും. വെനസ്വേലയുമായി ഇന്ത്യക്ക് ദീര്‍ഘകാലമായി പങ്കാളിത്തമുണ്ട്. ലാഭകരമാണെങ്കില്‍ അവിടെ നിന്നോ മറ്റുസ്ഥലങ്ങളില്‍ നിന്നോ എണ്ണ വാങ്ങാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യവക്താവ് പറഞ്ഞു.

2019-20 വരെ വെനസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അതിനുശേഷം അത് നിര്‍ത്തേണ്ടിവന്നു. 2023-24ല്‍ വീണ്ടും വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങി. പക്ഷേ, വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അതും നിര്‍ത്തി. വെനസ്വേല ഉള്‍പ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യനേട്ടങ്ങള്‍ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെനസ്വേലയിലെ ദേശീയ എണ്ണക്കമ്പനിയുമായി ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 2008 മുതല്‍ പങ്കാളിത്തമുണ്ട്. ലഭ്യതയും വാണിജ്യപരമായ മെച്ചവും പരിഗണിച്ച് വെനസ്വേല ഉള്‍പ്പെടെ ഏത് ഭൂപ്രദേശത്തുനിന്നും എണ്ണ വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യ പരിശോധിച്ചുകൊണ്ടിരിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. പകരം, 'ഊര്‍ജ്ജ സ്രോതസ്സുകളില്‍ വൈവിധ്യം കൊണ്ടുവരുക എന്നതാണ് ഇന്ത്യയുടെ തന്ത്രം' എന്ന് ജയ്സ്വാള്‍ ഓര്‍മ്മിപ്പിച്ചു. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഏത് രാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നതില്‍ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നാണ് ഇതിലൂടെ വിദേശകാര്യ മന്ത്രാലയം നല്‍കുന്ന സൂചന.

കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാര്‍ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമോ എന്നതില്‍ പ്രധാനമന്ത്രിയോ സര്‍ക്കാരോ വ്യക്തത നല്‍കിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിര്‍ത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.

നാവികരുടെ മോചനത്തില്‍ ആശ്വാസം

വാര്‍ത്താ സമ്മേളനത്തിനിടെ ഇറാനില്‍ തടവിലായിരുന്ന ഇന്ത്യന്‍ നാവികരുടെ കാര്യത്തിലും സുപ്രധാന അറിയിപ്പുണ്ടായി. തടവിലുള്ള 16 നാവികരില്‍ എട്ടുപേരെ ഇറാന്‍ വിട്ടയച്ചു. ഇവര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നും ബാക്കിയുള്ള എട്ടുപേരുടെ മോചനത്തിനായി ചര്‍ച്ചകള്‍ തുടരുകയാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

റഷ്യയുടെ പ്രതികരണം

ട്രംപിന്റെ അവകാശവാദങ്ങള്‍ക്കിടയിലും റഷ്യ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. എണ്ണ ഇറക്കുമതി നിര്‍ത്തുമെന്ന് ഇന്ത്യ ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് റഷ്യന്‍ വക്താക്കളുടെ പ്രതികരണം. ചുരുക്കത്തില്‍, യുഎസുമായുള്ള വ്യാപാരക്കരാറിനെ സ്വാഗതം ചെയ്യുമ്പോഴും, ഊര്‍ജ്ജ ഇറക്കുമതിയുടെ കാര്യത്തില്‍ ആര്‍ക്കും വഴങ്ങാതെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇന്ത്യയുടെ നീക്കം.