തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് സര്‍ക്കാരും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേസില്‍ ശബരിമല തന്ത്രിയെ അനാവശ്യമായി വലിച്ചിഴച്ചത് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണെന്നും, വിശ്വാസ സമൂഹത്തെയും ആചാര്യന്മാരെയും അപമാനിക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വര്‍ണ്ണക്കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ ദേവസ്വം മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വതന്ത്രരായി വിലസുമ്പോള്‍, ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കാന്‍ ബാധ്യതയുള്ള തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണിക പോലുമില്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇതിന് പിന്നില്‍ മന്ത്രി സജി ചെറിയാന്‍, ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ എന്നിവരടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരെ അപമാനിക്കാനും, അവര്‍ ബഹുമാനിക്കുന്ന ആചാര്യന്മാര്‍ മുഴുവന്‍ കള്ളന്മാരാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്. യഥാര്‍ത്ഥ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്ത്രി നിയമപോരാട്ടത്തിലൂടെ ജാമ്യം നേടിയത് ഈ ഗൂഢാലോചന നടത്തിയവരുടെ മുഖത്തേറ്റ അടിയാണ്. ഭക്തരെ അപമാനിക്കാനുള്ള ശ്രമം കോടതി തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് തന്ത്രിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ താന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും തന്നെ ക്രൂശിക്കാനായിരുന്നു അന്ന് സംഘടിത ശ്രമം നടന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അയ്യപ്പന്റെ സ്വത്ത് മോഷ്ടിച്ച അവസാനത്തെ ആളെയും അവര്‍ക്ക് കുടപിടിക്കുന്ന ഇടത്-വലത് നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ബിജെപി പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയാണ് സന്ദീപ് വാചസ്പതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സന്ദീപ് വചസ്പതിയുടെ പോസ്റ്റ് ചുവടെ

ഇതേ കാര്യമാണ് അന്ന് തന്ത്രിയുടെ വീട്ടില്‍ പോയ ശേഷം ഞാന്‍ ചൂണ്ടിക്കാട്ടിയത്. പക്ഷെ അന്ന് എന്നെ ക്രൂശിക്കാനായിരുന്നു സംഘടിത ശ്രമം. ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യ കാര്‍മ്മികത്വം വഹിച്ച ദേവസ്വം മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വതന്ത്രരായി വിലസുമ്പോള്‍, ദേവസ്വംബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ മാത്രം ബാധ്യതയുള്ള തന്ത്രിയെ അറസ്റ്റ് ചെയ്തത് ദുരൂഹമായിരുന്നു. അദ്ദേഹത്തെ പ്രതിയാക്കാന്‍ തെളിവിന്റെ ഒരു കണിക പോലും ഇല്ലെന്നാണ് കോടതി കണ്ടെത്തിയത്. വിശ്വാസ സമൂഹത്തെ അപമാനിക്കാനും അവര്‍ ബഹുമാനിക്കുന്നവരും അവരുടെ ആചാര്യന്മാരും മുഴുവന്‍ കള്ളന്മാരാണ് എന്ന് വരുത്തി തീര്‍ക്കാനുമുള്ള വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.

ചെങ്ങന്നൂരില്‍ നിന്നുള്ള മന്ത്രി സജി ചെറിയാനും ദേവസ്വം മന്ത്രി വി എന്‍ വാസവനും അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ട്. തന്ത്രിയെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമായിരുന്നു ഇവര്‍ നടത്തിയത്. ഇവരുടെ കൂട്ടുകാരായ കൊള്ളക്കാര്‍ക്ക് ജാമ്യം കിട്ടാന്‍ കുറ്റപത്രം വൈകിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ തന്ത്രിക്ക് നിയമപോരാട്ടത്തിലൂടെയാണ് ജാമ്യം കിട്ടിയത് എന്നത് ഇവരുടെ മുഖത്തേറ്റ അടിയാണ്. കോടിക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കാന്‍ ഇവര്‍ നടത്തിയ ഗൂഢാലോചന കോടതി തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു. അയ്യന്റെ സ്വത്ത് മോഷ്ടിച്ച അവസാനത്തെ ആളെയും അവര്‍ക്ക് കുട പിടിക്കുന്ന ഇടത് വലത് നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടം ബിജെപി ഉപേക്ഷിക്കില്ല. സ്വാമി ശരണം