ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രക്ഷയായത് പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടൽ. ഇന്ന് രാവിലെ 8 മണിയോടെയാണ് ചെങ്ങന്നൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രക്തസ്രാവത്തെ തുടർന്ന് മുളക്കുഴ സ്വദേശിനിയായ യുവതി എത്തിയത്. പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറെ അറിയിച്ചു. എന്നാൽ കുഞ്ഞ് ബക്കറ്റിൽ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്ത മകൻ പറഞ്ഞതിനെ തുടർന്ന് ഡോക്ടർ പൊലീസിൽ വിവരം നൽകുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ പൊലീസ് ആശുപത്രിയിലെത്തി. കുട്ടിയെ ശുചിമുറിയിലെ ബക്കറ്റിൽ സൂക്ഷിച്ചതായി അറിയിച്ചതോടെ യുവതി താമസിച്ചിരുന്ന വാടക വീട്ടിലേക്ക് പൊലീസ് സംഘം പോകുകയായിരുന്നു. ബക്കറ്റിനുള്ളിൽ തുണിയിൽ പൊതിഞ്ഞ ആൺകുഞ്ഞിനെ കണ്ട എസ്ഐ എം.സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പൊലീസ് വാഹനത്തിൽ ഉടനടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലെ ശിശുവിഭാഗത്തിലേക്ക് മാറ്റി. 1.3 കിലോ ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. 28 ആഴ്ച മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ കുട്ടി നിരീക്ഷണത്തിലാണ്.

അങ്ങാടിക്കലിലുള്ള സ്വകാര്യ നഴ്സിങ് ഹോമിലാണ് യുവതി എത്തിയത്. ആശുപത്രി അധികൃതർ വിവരം ചെങ്ങന്നൂർ പൊലീസിനെ അറിയിച്ചു. അവർ നടത്തിയ തെരച്ചിലിൽ ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കോട്ടയിലെ വാടകവീട്ടിൽ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂർ ഇൻസ്‌പെക്ടർ വിപിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തി പരിശോധിക്കുന്ന സമയം കുളിമുറിയിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടത്.

ചൊവ്വാഴ്ച രാവിലെയാണ് യുവതി സ്വകാര്യ നഴ്സിങ് ഹോമിൽ ചികിൽസ തേടി എത്തിയത്. യുവതിയുടെ വിശദീകരണത്തിൽ ജീവനക്കാർക്ക് സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. സ്വന്തം വീട് പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്നതിനാൽ വാടക വീട്ടിലാണ് താമസം. ഇവിടെ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. യുവതിക്ക് മൂത്ത ഒരു മകൻ കൂടിയുണ്ട്. മാതാപിതാക്കൾക്കൊപ്പമാണ് താമസം. യുവതിക്ക് വിവാഹത്തിന് കൊടുത്ത സ്വർണം മാറ്റി മുക്കുപണ്ടം നൽകി ഭർത്താവ് പറ്റിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവർ തമ്മിൽ അകന്നതെന്നും പറയുന്നു.

അമ്മയും കുഞ്ഞും പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും നിരീക്ഷണത്തിലാണ്. യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം, ആറന്മുള പൊലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനു വേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആറന്മുള പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടർ സി കെ മനോജ് എസ് ഐ അലോഷ്യസ് ,ഹരീന്ദ്രൻ ,എഎസ് ഐ ജയകുമാർ, എസ്‌പിപിഒ സലിം , സിപിഒ ഫൈസൽ, മനു ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ എസ്‌ഐ അഭിലാഷ് അജിത് ഖാൻ,ഹരീഷ് ജിജോ സാം എന്നിവർ അടങ്ങിയ സംഘം ആണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്.