- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയിലെ ആ നവജാതശിശു അപകട നില തരണം ചെയ്തു; കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ; കുട്ടി ഭർത്താവിന്റേത് തന്നെ, മാസം തികയാതെ പ്രസവിച്ചതിനാൽ സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിച്ചതെന്ന് മൊഴി; കുഞ്ഞ് തന്റെയല്ലെന്ന് പിതാവും; പരിഹാരം കോടതി കണ്ടെത്തട്ടെയെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയും പൊലീസും
പത്തനംതിട്ട: മാസം തികയാതെ പ്രസവിച്ചതിനാൽ മരിച്ചതെന്ന് കരുതിയാണ് കുഞ്ഞിനെ ബക്കറ്റിലാക്കി വച്ചതെന്നും അമിത രക്തസ്രാവം മൂലം തന്റെ ജീവൻ അപകടത്തിലാകുമെന്ന് കരുതിയാണ് ആശുപത്രിയിൽ ചികിൽസ തേടിയതെന്നും കോട്ടയിലെ വാടക വീട്ടിൽ നിന്നും രക്ഷപ്പെടുത്തിയ നവജാത ശിശുവിന്റെ മാതാവ് മൊഴി നൽകി. ചൈൽഡ് വെൽഫയർ കമ്മറ്റിക്കും പൊലീസിനും ഇവർ ഒരേ മൊഴിയാണ് നൽകിയിരിക്കുന്നത്. കുട്ടി ഭർത്താവിന്റേത് തന്നെയാണ്. മാസം തികയാതെ ജനിപ്പോൾ തന്നെ കുട്ടി മരിച്ചതായി തോന്നി. ഇതിനോടകം തന്റെ നില വഷളാവുകയും ആശുപത്രിയിൽ ചികിൽസ തേടുകയുമായിരുന്നു.
ഒരിക്കലും താൻ കുഞ്ഞിനെ ഉപേക്ഷിച്ചതല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമ്മ. അതേ സമയം കോട്ടയം മെഡിക്കൽ കോളജിൽ ഇൻകുബേറ്ററിലായിരുന്ന കുഞ്ഞിന്റെ നില മെച്ചപ്പെട്ടു. കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നതിനാൽ മെഡിക്കൽ കോളജിനോട് ചേർന്നുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മാസം തികയാതെ ജനിച്ചതിന്റെ പ്രശ്നങ്ങൾ കുഞ്ഞിനുണ്ട്.
കുട്ടിയുടെ മാതാവ്, മൂത്ത കുട്ടി, യുവതിയുടെ മാതാവ് എന്നിവരെ ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് കീഴിലുള്ള കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്നാണ് പൊലീസും ചൈൽഡ് വെൽഫയർ കമ്മറ്റിയും യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങുന്നതിന് മുൻപ് ഒരുമിച്ച് ഒരു ലോഡ്ജിൽ മുറിയെടുക്കുകയും ദിവസങ്ങളോളം അവിടെ താമസിക്കുകയും ചെയ്തിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ, കുഞ്ഞിന്റെ പിതൃത്വം ഇയാൾ നിഷേധിക്കുകയാണ്. കുട്ടി തന്റെയല്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം മൂത്ത കുഞ്ഞിനെ തനിക്ക് വിട്ടു കിട്ടണമെന്നും ഇയാൾ പറയുന്നു. പൊലീസിലും ചൈൽഡ് വെൽഫയർ കമ്മറ്റിക്കും മുൻപാകെ ഹാജരായിട്ടാണ് ഇയാൾ പിതൃത്വം നിഷേധിച്ചിരിക്കുന്നത്. പിതൃത്വം തെളിയിക്കേണ്ടത് പൊലീസിന്റെയോ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെയോ ബാധ്യതയല്ലെന്ന് ജില്ലാ ചെയർമാൻ അഡ്വ. എൻ. രാജീവ് പറഞ്ഞു. മൂത്ത കുട്ടിയെ ചൊല്ലി തർക്കമുണ്ടെങ്കിൽ ദമ്പതികൾ കുടുംബ കോടതിയെ സമീപിക്കട്ടെ. കോടതി നിർദ്ദേശിച്ചാൽ പിതൃത്വ പരിശോധന നടത്തും. സി.ഡബൽു.സിക്ക് ഇതുമായി ബന്ധമില്ല. നിലവിൽ മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ഉത്തരവാദിത്തം മാത്രമാണ് കമ്മറ്റിക്കുള്ളത്. അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും രാജീവ് പറഞ്ഞു.
ഏപ്രിൽ നാലിനാണ് കോട്ടയിലെ വാടക വീട്ടിലെ ബാത്ത്റൂമിൽ ബക്കറ്റിൽ കിടന്ന കുഞ്ഞിനെ ചെങ്ങന്നൂർ പൊലീസ് രക്ഷിച്ചത്. കുട്ടിയുടെ മാതാവും മൂത്ത കുട്ടിയും യുവതിയുടെ മാതാവും ചെങ്ങന്നൂർ അങ്ങാടിക്കലിലുള്ള ഉഷാ നഴ്സിങ് ഹോമിൽ ചികിൽസ തേടിയപ്പോഴാണ് കുഞ്ഞ് ബക്കറ്റിലുണ്ടെന്ന വിവരം അറിഞ്ഞത്. നഴ്സിങ് ഹോം ഉടമ ഡോ. ഉഷ വിവരം ചെങ്ങന്നൂർ പൊലീസിനെ അറിയിക്കുകയും എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയ കുഞ്ഞിന്റെ നില അപകടരമായിരുന്നു. രണ്ടാഴ്ചയോളം ഇൻകുബേറ്ററിൽ കിടന്നതിന് ശേഷമാണ് കുഞ്ഞിന്റെ നില മെച്ചപ്പെട്ടത്.
വീട്ടിൽ വച്ച് മാസം തികയാതെ പ്രസവിച്ചുവെന്നും കുട്ടി മരിച്ചുവെന്നുമായിരുന്നു യുവതി ഡോ. ഉഷയോട് പറഞ്ഞത്. എന്നാൽ യുവതിയുടെ മൂത്ത കുട്ടിയുടെ മൊഴിയിൽ നിന്നാണ് കുഞ്ഞ് ബാത്ത്റൂമിലെ ബക്കറ്റിലുണ്ടെന്ന് വ്യക്തമായതും പൊലീസ് വന്ന് എടുത്ത് ആശുപത്രിയിലാക്കിയതും. എന്നാൽ, കുട്ടിയെ താൻ ഉപേക്ഷിച്ചതല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുവതി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്