പത്തനംതിട്ട: പുതുതായി ഡിവൈഎഫ്ഐയിലെത്തിയവര്‍ നിലവിലെ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അടക്കമുള്ളവരെ മര്‍ദിച്ചു. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. പ്രമാടം മഹാദേവര്‍ ക്ഷേത്രത്തില്‍ വച്ച് ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. ഡിവൈഎഫ്ഐ നേതാക്കളായ മല്ലശേരി ചാലേലില്‍ മണ്ണില്‍ അലന്‍ (24), പ്രമാടം സ്വദേശികളായ അരവിന്ദ് (45), ഹരി(28), അഖില്‍ (32) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

കുമ്പഴ സ്വദേശി സിദ്ദിഖ് വെട്ടൂര്‍(35), പത്തനംതിട്ട സ്വദേശി പുക എന്ന് വിളിക്കുന്ന അരുണ്‍ (34), പ്രമാടം സ്വദേശി ബിനീഷ് (22), ജിഷ്ണു (34) എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. ഇതില്‍ ജിഷ്ണു ഒഴികെ ബാക്കി എല്ലാവരും പിടിയിലായി. ഇവര്‍ മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നേരിട്ടാണ് അടുത്തിടെ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ബിജെപിയില്‍ നിന്നടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന പരിപാടി കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നു വരികയാണ്. മന്ത്രി വീണാ ജോര്‍ജ് അടക്കമാണ് കാപ്പ കേസ് പ്രതികളെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. ഇവര്‍ സിപിഎമ്മില്‍ എത്തിയതിന് പിന്നാലെ വിവിധ കേസുകളില്‍ വീണ്ടും അറസ്റ്റിലായി. കാപ്പ കേസ് പ്രതിയെ പാര്‍ട്ടിയില്‍ എടുത്തതിനെ മുന്‍ സെക്രട്ടറി കെ.പി.ഉദയഭാനു ന്യായീകരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ എടുത്തതിന് പിന്നാലെ ഒരാള്‍ കഞ്ചാവ് കേസുമായി പിടിയിലാവുകയും ചെയ്തു. പുതുതായി ബിജെപിയില്‍ നിന്ന് വന്നവര്‍ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും നിലവിലുള്ള പ്രവര്‍ത്തകരെയും നേതാക്കളെയും മര്‍ദിക്കുന്നത് ഇതാദ്യമായല്ല.

ശിവരാത്രി നാളില്‍ പ്രമാടം മഹാദേവര്‍ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയുടെ ഭാഗമായി കെട്ടുരുപ്പടികള്‍ കയറ്റുന്നത് സംബന്ധിച്ച് തര്‍ക്കത്തിനൊടുവിലാണ് മര്‍ദനം ഉണ്ടായത്. കൂട്ടത്തിലുണ്ടായിരുന്ന അഖിലുമായി പ്രതികള്‍ ഉന്തും തള്ളുമുണ്ടായി. ഇത് തടയാന്‍ ശ്രമിച്ച അലനെ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. കല്ലു കൊണ്ട് യുവാക്കളെ ഇടിക്കുകയായിരുന്നു അലനൊപ്പമുണ്ടായിരുന്ന ഹരി, അഖില്‍, അമ്മാവന്‍ അരവിന്ദ് എന്നിവര്‍ക്കും കല്ലു കൊണ്ട് ഇടിയേറ്റു. അലന്റെ പരാതിപ്രകാരം പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.