ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കിലെ ഇളുകള്‍ക്ക് ജി എസ് ടി കൗണ്‍സിലിന്റെ അംഗീകാരം. ന്യൂഡല്‍ഹിയില്‍, ധനകാര്യ മന്ത്രി നിര്‍മ്മല സീതാറാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 56ാമത് യോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നിലവിലുള്ള നാല് സ്ലാബുകള്‍ക്ക് പകരം 5%, 18%, എന്നിങ്ങനെ രണ്ട് നിരക്കുകളുള്ള പുതിയ ഘടന നടപ്പിലാക്കാന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഈ പരിഷ്‌കാരം സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. സിന്‍ ഗുഡ്‌സുകള്‍ക്കും (sin goods) ആഡംബര വസ്തുക്കള്‍ക്കും 40% എന്ന പ്രത്യേക നികുതി നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

175 ഉത്പന്നങ്ങളുടെ വില കുറയുമെന്നാണ് സൂചന. രാജ്യത്തെ നികുതി ഘടനയെ രണ്ട് പ്രധാന സ്ലാബുകളായി പുനഃക്രമീകരിക്കുകയാണ്. നിലവിലുള്ള അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് നികുതി സ്ലാബുകളാണ് ഈ പരിഷ്‌കരണത്തിലൂടെ അഞ്ചും 18 ശതമാനവുമാക്കി ചുരുക്കുന്നത്. ഈ പരിഷ്‌കരണം ദീപാവലിയോടെ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

2500 രൂപ വരെയുള്ള ചെരുപ്പുകളുടെ ജി.എസ്.ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. നിലവില്‍ 1000 രൂപ വരെയുള്ള ചെരുപ്പുകള്‍ക്ക് മാത്രമാണ് 5 ശതമാനം ജി.എസ്.ടി നിലവിലുള്ളത്. സുഷമ സ്വരാജ് ഭവനില്‍ നടന്ന നിര്‍ണായക യോഗത്തില്‍ കേന്ദ്ര ധനമന്ത്രിക്കു പുറമേ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും പങ്കെടുത്തു.

ജി.എസ്.ടി സ്ലാബുകളിലെ മാറ്റങ്ങള്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തണമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ശക്തമായ ആവശ്യം ഉന്നയിച്ചു. 12 ശതമാനം, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കുന്നത് വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന് ഏകദേശം 8000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ലോട്ടറിക്ക് നിലവിലുള്ള 28 ശതമാനം ജി.എസ്.ടി 40 ശതമാനമായി ഉയര്‍ത്താനുള്ള സാധ്യതയും കേരളത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

നഷ്ടപരിഹാര നിധിയില്‍ അവശേഷിക്കുന്ന 40,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയെങ്കിലും അത് പര്യാപ്തമായിരിക്കില്ലെന്ന് വിലയിരുത്തുന്നു. എം.എസ്.എം.ഇകളുടെ രജിസ്‌ട്രേഷന്‍ സമയം കുറയ്ക്കുക, കയറ്റുമതിക്ക് ഓട്ടോമേറ്റഡ് ജി.എസ്.ടി റീഫണ്ട് നടപ്പിലാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

പുതിയ നികുതി ഘടന നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുമെന്നും ജീവിതം കൂടുതല്‍ സുഖപ്രദമാക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. നിലവില്‍ 12 ശതമാനം നികുതി സ്ലാബിലുള്ള ഏകദേശം 99 ശതമാനം ഉല്‍പ്പന്നങ്ങളും അഞ്ച് ശതമാനം സ്ലാബിലേക്കും, 28 ശതമാനം സ്ലാബിലുള്ള 90 ശതമാനം ഉല്‍പ്പന്നങ്ങളും 18 ശതമാനം സ്ലാബിലേക്കും മാറ്റിയേക്കും.

നിലവില്‍ ജി.എസ്.ടി. വരുമാനത്തിന്റെ 67 ശതമാനവും 18 ശതമാനം നികുതി സ്ലാബില്‍ നിന്നാണ് ലഭിക്കുന്നത്. 12 ശതമാനം സ്ലാബില്‍ നിന്ന് അഞ്ച് ശതമാനം വരുമാനം മാത്രമാണ് ലഭിക്കുന്നത്. അഞ്ച് ശതമാനം സ്ലാബില്‍ നിന്ന് ഏഴ് ശതമാനം വരുമാനം ലഭിക്കുമ്പോള്‍, ബാക്കി വരുമാനം 28 ശതമാനം സ്ലാബില്‍ നിന്നും സെസ്, മറ്റ് നികുതി ഘടനകളില്‍ നിന്നുമാണ് ലഭിക്കുന്നത്.